ന്യൂദല്‍ഹി: ഭാരതത്തിന് ഒരു വികസിത രാഷ്‌ട്രമായി മാറുന്നതിന് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു എടുത്തു പറഞ്ഞു. ഇതിനായി, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ആരോഗ്യം, ദാരിദ്ര്യം തുടങ്ങിയ സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഫലാധിഷ്ഠിത ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ശാസ്ത്രം, സാങ്കേതികവിദ്യ, മറ്റ് മേഖലകള്‍ എന്നിവയിലെ നൂതന ഗവേഷണമാണ് വികസിത രാജ്യങ്ങളെ മറ്റുള്ളവയെക്കാള്‍ മുന്നിലെത്തിക്കുന്നതെന്ന് ഇന്ന് പുതുച്ചേരിയില്‍, പുതുച്ചേരി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്ര ശാക്തീകരണത്തിനും, ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധിയും സന്തോഷവും കൈവരിക്കുന്നതിനും സാമൂഹിക പ്രസക്തമായ ഗവേഷണം നടത്താനും നവ ആശയങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമായി മാറിയതില്‍ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്‌ട്രപതി, ഇലക്ട്രോണിക് ഡിസൈന്‍, ഡ്രോണ്‍ ടെക്‌നോളജി, ഉത്പാദനം തുടങ്ങിയ വിവിധ മേഖലകളിലെ 15 സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി നടപ്പാക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള അടല്‍ ഇന്‍കുബേഷന്‍ സെന്ററിനെ പ്രശംസിക്കുകയും ചെയ്തു.
യുവജനസംഖ്യയെ, നവ ഇന്ത്യയുടെ പ്രധാന ശക്തിയായി വിശേഷിപ്പിച്ച അദ്ദേഹം, നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും പരീക്ഷണത്തിന്റെയും മനോഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും, അതിലൂടെ രാഷ്‌ട്രത്തെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് കഴിയും എന്നും പറഞ്ഞു. സാമ്പത്തിക സഹായം നല്‍കല്‍, സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ മറ്റു സഹായം നല്‍കല്‍ എന്നിവയിലൂടെ യുവ സംരംഭകരെ പിന്തുണയ്‌ക്കാന്‍ വ്യവസായങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: