ടോക്കിയോ: പസഫിക് സമുദ്രത്തിലെ സംഘര്‍ഷാവസ്ഥയ്‌ക്കു മരുന്നിട്ട് ചൈനയുടെ അന്തര്‍വാഹിനി. തീരത്തോടടുത്ത് ചൈനയുടേതെന്ന് കരുതുന്ന അന്തര്‍വാഹിനി കണ്ടെത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ് അന്തര്‍വാഹിനിയുടെ സാന്നിധ്യം വെള്ളിയാഴ്ച രാവിലെ ജപ്പാന്‍ നാവികസേന തിരിച്ചറിഞ്ഞത്. ചൈനീസ് ഡിസ്‌ട്രോയറും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. അന്തര്‍വാഹിനി പടിഞ്ഞാറോട്ടു സഞ്ചരിച്ചു യോക്കോയേറ്റ് ദ്വീപിനടുത്തേക്കു പോയതായാണ് വിവരം.
കുറച്ചുകാലമായി തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചുവെന്ന് നേരത്തെ ജപ്പാന്‍ പരാതിപ്പെട്ടിരുന്നു. ദക്ഷിണ ചൈനാ കടലില്‍ പുതിയ മാരിടൈം നിയമം ചൈന നടപ്പാക്കിയ സാഹചര്യത്തിലാണു ജപ്പാന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയം. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവോ കിഷി നിര്‍ദേശിച്ചു. ഇതില്‍ ചൈന പ്രതികരിച്ചിട്ടില്ല. ദക്ഷിണ ചൈനാ കടലിലെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളില്‍നിന്നു രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നു വിയറ്റ്‌നാം സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യി പറഞ്ഞിരുന്നു. ഇത് ജപ്പാനും അമേരിക്കയ്‌ക്കുമുള്ള മുന്നറിയിപ്പാണെന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: