Categories: India

ഗുജറാത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കേന്ദ്രസര്‍ക്കാർ ജീവനക്കാരുടേതിന് തുല്യമാക്കി

അലവന്‍സില്‍ 11% വര്‍ദ്ധനവാണ് ഗുജറാത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ചത്.

Published by

ന്യൂദല്‍ഹി: ഗുജറാത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ  കേന്ദ്രസര്‍ക്കാർ ജീവനക്കാരുടേതിന് തുല്യമാക്കി. അലവന്‍സില്‍ 11% വര്‍ദ്ധനവാണ് ഗുജറാത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ചത്. വര്‍ദ്ധിച്ച ക്ഷാമബത്ത 2021 ജൂലൈ ഒന്ന് മുതല്‍ ബാധകമായി കണക്കാക്കും. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 17% ല്‍ നിന്ന് 28% ആയി വര്‍ദ്ധിച്ചു. 

വര്‍ദ്ധനവ് പഞ്ചായത്ത് ഓഫീസര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബറിലെ ശമ്പളത്തില്‍ നിന്ന് മാത്രമേ സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കൂ. 9.61 ലക്ഷം സര്‍ക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനയുടെ പ്രയോജനം ലഭിക്കും. 4.5 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭിക്കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ഗുജറാത്ത് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്കും ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം നോണ്‍പ്രാക്ടീസ് അലവന്‍സും ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക