പാലാ: അമുസ്ലിങ്ങളെ നശിപ്പിക്കാന്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നതടക്കം കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നുപറഞ്ഞ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പു തിരുനാള്‍ വേളയില്‍ സംസാരിക്കവെ ബിഷപ്പ് മുന്നോട്ടുവച്ച ആശങ്കകള്‍ സമൂഹം ചര്‍ച്ച ചെയ്യുകയും നിലപാടില്‍ ക്രൈസ്തവ സഭ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ വിമര്‍ശകര്‍ പിന്‍വാങ്ങുന്നു.
സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലൗ ജിഹാദിനെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ഥ്യമാണെന്നതിന് തെളിവുകള്‍ നിരത്തി പലരും പ്രതികരിച്ചതോടെയാണ് എതിര്‍ വാദങ്ങള്‍ക്ക് മുനയൊടിഞ്ഞത്. കഴിഞ്ഞ ദിവസം രംഗത്തു വന്ന ചില മുസ്ലിം സംഘടനകളും, വിഷയം സജീവ ചര്‍ച്ചയാവുന്നതോടെ ഉടലെടുക്കാന്‍ സാധ്യതയുള്ള അപകടം മുന്നില്‍ക്കണ്ട് നിലപാട് മയപ്പെടുത്തി.
പ്രസ്താവന വന്നതിനു തൊട്ടു പിന്നാലെ ബിഷപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു രംഗത്തു വന്ന കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ പിന്നോട്ടു പോയി. ബിഷപ്പിനെ ആക്രമിക്കുകയല്ല, തെറ്റ് ചൂണ്ടിക്കാട്ടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിഷപ്പിനെ അതിരൂക്ഷമായാണ് മുരളീധരന്‍ വിമര്‍ശിച്ചത്.
വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്. കെ. മാണി രംഗത്തു വന്നു. സിപിഎമ്മിന്റെ നിലപാടിനെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ജോസ് സ്വീകരിച്ചത്. ദീപിക പത്രത്തില്‍ ബിഷപ്പിനെ അനൂകൂലിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജോസ് കെ. മാണിയുടെ നിശബ്ദതയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഷപ്പിനെ അനുകൂലിക്കുന്ന നിലപാട് ജോസ് സ്വീകരിച്ചത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ സാഹോദര്യവും മതസൗഹൃദവും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബിഷപ്പിനെ ആക്രമിക്കാനും അധിക്ഷേപിക്കാനുമുള്ള നീക്കത്തെ ചെറുക്കാന്‍ ക്രൈസ്തവ ചെറുപ്പക്കാരുടെ കൂട്ടായ്മ രംഗത്തു വന്നു. പാലാ രൂപതയിലെ എസ്എംവൈഎം-കെസിവൈഎം സംഘടനകളിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭീകരവാദവിരുദ്ധ പ്രാര്‍ത്ഥനാ റാലിയും മാനവിക സമാധാന സദസ്സും നടത്തി. രൂപതയിലെ യുവാക്കള്‍ക്കൊപ്പം വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
വോട്ടുരാഷ്‌ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരള സമൂഹം ഒറ്റപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ പ്രസ്താവിച്ചു. അതേസമയം ,ബിഷപ്പിന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: