തിരുവനന്തപുരം: കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ കേരളത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പൂര്‍ത്തിയായി. പരീക്ഷ എഴുതിയത് ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍. നീറ്റ് പരീക്ഷയുടെ മാനദണ്ഡങ്ങള്‍ക്ക് പുറമെ കൊവിഡ് പ്രതിരോധത്തിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പരീക്ഷ നടത്തിയത്. തദ്ദേശീയ ഭാഷയില്‍ക്കൂടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഇത്തവണത്തെ പരീക്ഷയെ പ്രത്യേകതയുള്ളതാക്കി. മലയാളത്തിലും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, അങ്കമാലി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് കേന്ദ്രങ്ങളിലായി 343 സെന്റുകളാണ് പരീക്ഷയ്ക്കായി തയാറാക്കിയിരുന്നത്. 1,12,960 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാവിലെ 11 മണി മുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചു.
ഉച്ചയ്ക്ക് 1.1നു തന്നെ പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയായിരുന്നു പരീക്ഷ. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഒരു പരീക്ഷാ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ എന്ന രീതിയിലാണ് പരീക്ഷയ്ക്ക് ഇരുത്തിയത്.
പൊതുവെ പരീക്ഷ എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടത്. ഏറ്റവും എളുപ്പമായി പറഞ്ഞത് ബയോളജിയായിരുന്നു. കര്‍ശനമായ ഡ്രസ് കോഡ് ഉള്‍പ്പെടെയുള്ളവയും നിര്‍ദേശിച്ചിരുന്നു. കൊവിഡ് രോഗികള്‍ക്കും കണ്ടെയ്ന്മെന്റ് സോണില്‍ നിന്നുവന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: