തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്, ഭരണസമിതി അംഗളായിരുന്ന ടി എസ് ബൈജു, വി കെ ലളിതന്‍, ജോസ് ചക്രംപള്ളി തുടങ്ങിയവരാണ് ഇന്ന് പിടിയിലായത്. പുലര്‍ച്ചെ വീടുകളിലെത്തിയാണ് നാല് പേരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കേസില്‍ ബാങ്ക് ഉദ്യോഗസ്ഥരായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കേസില്‍ അറസ്റ്റ് മനപ്പൂര്‍വം വൈകിക്കുകയാണെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് നാലു പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുമുണ്ട്. ബാങ്ക് മുന്‍ ജീവനക്കാരന് എംവി സുരേഷാണു കോടതിയെ സമീപിച്ചത്.
കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും ഹർജി രാഷ്ട്രീയപ്രേരിതവുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പ്രതികള്‍ വ്യാജരേഖ ചമച്ച് അനധികൃതമായി വായ്പകള്‍ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
ബാങ്കില്‍നിന്ന് പുറത്താക്കപ്പെട്ട ഹരജിക്കാരന് വ്യക്തിവിരോധം തീര്‍ക്കാനാണ് കോടതിയെ സമീപിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കേസ് സിബിഐയാണ് അന്വേഷിക്കേണ്ടതെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: