വിചാരവൈവിദ്ധ്യത്തെ ഭയക്കുന്നവര്‍ ഭീരുക്കളാണ്. ‘അഭി അഭി’ എന്ന വേദാന്തവാക്കിനെ ആരാധിക്കുന്ന ഭാരതീയന് അന്യമാണ് ഭയമെന്ന വികാരം, അത് ഭൗതികമായാലും ബൗദ്ധികമായാലും. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന കാഴ്ചപ്പാടില്‍ ആത്മവിശ്വാസമില്ലാത്തവരെ വേറിട്ട ചിന്തകളെ എതിര്‍ക്കൂ. കമ്മ്യൂണിസ്റ്റുകളും, കമ്മ്യൂണിസ്റ്റ്വല്‍ക്കരിക്കപ്പെട്ട നെഹ്രുവിയന്‍ കോണ്‍ഗ്രസ്സുകാരും ഹിന്ദുത്വത്തെ ഭയക്കുന്നു. ബഹുസ്വരതയെക്കുറിച്ചും ആവിഷ്കാരസ്വാതന്ത്ര്യത്തെകുറിച്ചുമൊക്കെ പുരപ്പുറത്തു കയറി വെറും വാക്കിനാല്‍ പുരസ്കരിക്കുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നു. ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ പ്രസിദ്ധമായ ഈ ശ്ലോകം ഭാരതീയജ്ഞാനമീമാംസയുടെ അടിസ്ഥാനമാണ്.
”പ്രജ്ഞാ വിവേകം ലഭതേ
ഭിന്നൈ ആഗമ ദര്ശനൈ
കിയദ്വാ ശക്യമുന്നേതും
സ്വതര്ക്കമനുധാവതാ”
”പ്രജ്ഞ ലഭിക്കുന്നത് അന്യവിചാരദര്ശനങ്ങളുമായി പരിചയപ്പെടുമ്പോഴാണ്. സ്വന്തം കാഴ്ചപ്പാടില്‍ മാത്രം അഭിരമിക്കുന്നവന് എന്താണറിയുന്നത്?”
ഭാരതീയമായ ജ്ഞാനാര്‍ജ്ജന സമ്പ്രദായം വ്യത്യസ്ത ആശയങ്ങളോട് മാറ്റുരയ്ക്കുന്നതാണ്. മറ്റുള്ളവരെയും മറ്റുള്ളതിനെയും ശത്രുവായി കണ്ട് പിണ്ഡം വച്ച് പുറത്താക്കുന്ന സെമറ്റിക്ക് വിചാരശൈലിയാണ് നമ്മുടെ നാടിന്റെ ഇന്നത്തെ അക്കാദമിക മേഖലയുടെ ശാപം.
‘സ്വദേശിസമാജ്’ എന്ന തന്റെ മഹത്തായ കൃതിയിലൂടെ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ ഈ വസ്തുതയെ അവതരിപ്പിക്കുന്നതെങ്ങനെ ആണെന്ന് നോക്കൂ.
“To feel unity in diversity, to establish unity amidst variety- that is the underlying Dharma of Bharat. Bharat does not regard difference as hostility. She does not regard the other enemy. That’s why without scrifice of destruction she wants to accommodate everybody with in one great system. That is why she accepts all ways and sees the greatness of each in it its own sphere”
‘വൈവിദ്ധ്യത്തിലെ ഏകത്വത്തെ അനുഭവിക്കുക, വ്യത്യസ്തകള്ക്കിടയില് ഏകത്വത്തെ സ്ഥാപിക്കുക. അതാണ് ഭാരതത്തിന്റെ അന്തര്‍ലീനമായ ധര്‍മ്മം. ഭാരതം വൈജാത്യത്തെ ശത്രുവായി കണക്കാക്കില്ല, അവള് ഒരിയ്ക്കലും അന്യനെ എതിരാളിയായി എണ്ണില്ല. അതുകൊണ്ടാണ് വിനാശത്തിന്റെ ബലിയില്ലാതെ എല്ലാവരെയും ഒരു മഹാവ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കുവാന്‍ അവള് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവള് എല്ലാ മാര്‍ഗ്ഗങ്ങളെ സ്വീകരിക്കുകയും അതിന്റെ മേഖലകളിലും ഉള്ള അവയോരോന്നിന്റെയും മഹത്വത്തെ കണ്ടറിയുകയും ചെയ്യുന്നത്’.
അത്യന്തം ശാസ്ത്രീയവും യുക്തിഭദ്രവുമായ ഈ സമഗ്രവീക്ഷണം കമ്യൂണിസ്റ്റ് ഫാസിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. അതുകൊണ്ടാണ് ആധുനിക ഭാരതം ലോകത്തിനു സംഭാവന ചെയ്ത വീരസാവര്കറെന്ന രാഷ്ട്രീയമീമാംസകനും ദാര്‍ശനികനും ചരിത്രകാരനും കവിയും ഭാഷാശാസ്ത്രജ്ഞനുമായ മഹാധിഷണാശാലിയെ അവര്‍ ഭയക്കുന്നത്. അദ്ദേഹം ബൗദ്ധിക വിശ്വത്തിലേക്ക് സമര്‍പ്പിച്ച ഉജ്ജ്വല സംഭാവനകളുമായി തുലനം ചെയ്യാന്‍ പോലും അര്‍ഹരല്ലാത്ത വ്യക്തികളുടെ നിലവാരമില്ലാത്ത അപ്രസക്തവും അപ്രായോഗികവുമായ വീക്ഷണങ്ങള്‍ സര്‍വ്വകലാശാലകളില്‍ മനം പുരട്ടല്‍ ഉണ്ടാക്കുംവിധം ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെടുമ്പോഴാണ് സൂര്യസമാനം പ്രോജ്ജ്വലിക്കുന്ന സാവര്ക്കര്വാങ്മയം പടിപ്പുറത്തേക്ക് അവഗണിച്ചുമാറ്റിനിര്ത്തപ്പെടുന്നത്. അദ്ദേഹത്തെപോലെയുള്ള മൗലികചിന്തകന്മാരുടെ കാലാതീതമായ ദര്‍ശനങ്ങളെ നാളിതുവരെ പഠനവിഷയമാക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. ഇപ്പോള്‍ ദേശീയതയിലും സ്വദേശിയിലും ഉറച്ചു വിശ്വസിക്കുന്ന ഭരണാധികാരികള്‍ ഭരണസാരഥ്യം ഏറ്റെടുത്തതോടെ പതിയെ പതിയെ ആണെങ്കിലും അക്കാദമികരംഗത്തും മാറ്റം വന്നു തുടങ്ങി. അതിന്റെ ഭാഗമായി ‘ദേശീയവിദ്യാഭ്യാസനയം’ നീണ്ട മൂന്നു പതിറ്റാണ്ടിനുശേഷം രൂപപ്പെട്ടു. പാഠ്യപദ്ധതിയിലുള്ള ആമൂലാഗ്രപരിവര്ത്തനവും തുടങ്ങി. അടിത്തറയിളകിയ കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ ജീര്‍ണ്ണിച്ച ആശയസൗധം ഹിന്ദുത്വത്തിന്റെ ചെറുതായുള്ള അലയിളക്കത്തില്‍ തന്നെ ആടിഉലയുകയാണ്. അപ്പോള്‍ പിന്നെ ഗുരുജിഗോള്വല്ക്കറെയും, ദീനദയാല്‍ ഉപാദ്ധ്യയെയും,വീരസാവര്ക്കറെയുമൊക്കെ വളരുന്ന തലമുറ പൂര്‍ണ്ണമായും പഠിച്ചുതുടങ്ങിയാലോ? ദുര്‍ബ്ബലമനസ്കരുടെ ഈ അരക്ഷിതത്വബോധമാണ് സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണം.
സാവര്‍ക്കര്‍ വിരോധത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ നമുക്കെത്തിച്ചേരാന്‍ കഴിയുന്നത് ഭാരതവിരുദ്ധന്മാരുടെ ‘സ്വത്വ’ ശത്രുതയിലാണ്.സ്വത്വബോധത്തില്‍ അടിയുറച്ച സ്വത്വാവിഷ്കരണ ലക്ഷ്യവുമായി മുന്നേറിയ ഭാരതസ്വാതന്ത്ര്യസമരത്തെ അട്ടിമറിച്ചതില്‍ ‘സ്വ’ വിരോധത്തിന്റെ വിഷബീജങ്ങള്‍ കണ്ടെത്താനാവും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വന്ദേമാതരപ്രക്ഷോഭത്തിന്റെ (1905-1911) ഉജ്ജ്വലവിജയത്തിന് ശേഷം ദേശീയ പ്രസ്ഥാനത്തിനു സംഭവിച്ച ഗതിവ്യതിയാനം. ബംഗാള്‍ വിഭജനതീരുമാനം ബ്രിട്ടീഷുകാര്‍ക്ക് പിന്‍വലിക്കേണ്ടി വന്നത് ഭാരതമാസകലം സ്വത്വത്തിലൂന്നിയുള്ള സമരപരമ്പരകളുടെ തീഷ്ണതയെ തടയാനാവാത്തതുകൊണ്ടാണ്. വന്ദേമാതരവും ഹൈന്ദവബിംബങ്ങളും ഭാരതീയരില്‍ ഉണര്‍ത്തിയത് തീവ്രമായ ദേശീയവികാരമായിരുന്നു. അതു നിലനില്ക്കുകയും കൂടുതല്‍ ശക്തമാവുകയും ചെയ്താല്‍ സംഭവിക്കാന്‍ പോകുന്ന ശുഭപരിണാമത്തെകുറിച്ച് ഉത്തമബോദ്ധ്യമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇസ്ലാമികവേറിടല് മനോഭാവത്തിനു മുന്നില്‍ നിരുപാധികം അടിയറവുപറഞ്ഞതോടെ തുടങ്ങി നമ്മുടെ പരാജയം. അവസാനം അത് ചെന്നവസാനിച്ചതോ വിഭജനമെന്ന ദുരന്തത്തില്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ബ്രിട്ടനെ ‘വന്ദേമാതര” മന്ത്രശക്തിയില്‍ നാം മുട്ടുകുത്തിക്കുമ്പോള്‍ അവര്‍ ലോകമഹാശക്തി ആയിരുന്നു. എന്നാല്‍ നാല്പതുകളിലേക്ക് എത്തുമ്പോഴേക്കും ബ്രിട്ടന് എല്ലാ അര്‍ത്ഥത്തിലും ദുര്‍ബലരായി കഴിഞ്ഞിരുന്നു. എന്നിട്ടും ഭാരതവിഭജനത്തെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയാതെ പോയി. സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവികമായ ഉള്ളടക്കത്തെ അഥവാ ഹിന്ദുത്വത്തെ കാണാമറയത്താക്കിയതാണ് അതിന് കാരണം. ഈ അപകടത്തെ ആദ്യം തിരിച്ചറിഞ്ഞ ക്രാന്തദര്‍ശികളില്‍ ഒന്നാമന് സാവര്‍ക്കര്‍ തന്നെ ആയിരുന്നു. ആ കാലഘട്ടത്തെ തലമുടി നാരിഴകീറിയുള്ള വിശകലനം ചെയ്യുന്ന സാവര്‍ക്കര്‍ ലേഖനങ്ങള്‍ ഏതൊരു രാഷ്ട്രമീമാംസാവിദ്യാര്ത്ഥിയും പഠിച്ചിരിക്കേണ്ടതുതന്നെയാണ്.
ഭാരതീയ ഇസ്ലാം എത്തിപ്പെട്ട ആശയക്കുഴപ്പത്തെ സാവര്‍ക്കര്‍ അപഗ്രഥിച്ചതു പോലെ മറ്റേതെങ്കിലും ചിന്തകന്മാര് ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയമാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചരിത്രഗതിയെയും, സാമൂഹ്യരാഷ്ട്രീയരംഗത്തെയും അതിന്റെ സമഗ്രതയില്‍ വിലയിരുത്തണമെന്ന് വിദ്യാഭ്യാസ വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സാവര്‍ക്കറും വായിക്കപ്പെടണം. അതിന് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വാശിപിടിക്കുന്ന കപടബുദ്ധിജീവികള്‍ നിഷേധിക്കുന്നത് വിദ്യാര്‍ത്ഥികളുടെ അറിയാനുള്ള അവകാശത്തെയാണ്.
ആധുനിക ഭാരതചരിത്രത്തില്‍ സ്വത്വവിനാംശത്തിന്റെ നാലു സുപ്രധാന ഘട്ടങ്ങളെ നമുക്ക് കാണാം, ഭാരതം സുശക്തവും സമൃദ്ധവുമാകരുതെന്ന ഉദ്ദേശത്തോടെ ബോധപൂര്‍വ്വം നടത്തപ്പെട്ട ഇടപെടല്‍ ആദ്യത്തെതിനെകുറിച്ചു മുമ്പു പറഞ്ഞുവെച്ചു. 1911 നും 1947 നും ഇടയില്‍ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ നടന്ന പരിശ്രമമാണത്. ഇംഗ്ലീഷ്- ഇസ്ലാം- കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് വിഭാഗങ്ങള്‍ കൈകോര്‍ത്ത് നടത്തിയ ഹിന്ദുത്വവിരുദ്ധ നീക്കം എവിടെയാണ് കലാശിച്ചതെന്നും നമുക്കറിയാം.
രണ്ടാമത്തെ ഹീനമായ ഹിന്ദുത്വവിരുദ്ധനീക്കം സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നാണ് നടന്നത്.ഭാരത സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിച്ച് നെഹ്രുവിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതായിരുന്നു ആ ഇടപെടല്‍. വീരസാവര്‍ക്കര്‍, നേതാജി, അരവിന്ദമഹര്‍ഷി,ചന്ദ്രശേഖര്‍ ആസാദ്, ഭഗത്സിംഗ് തുടങ്ങിയ അസംഖ്യം സ്വാതന്ത്ര്യസമരസേനാനികള്‍ നമ്മുടെ ചരിത്രത്തിന്റെ പുറമ്പോക്കില്‍ പോലും ഇടയില്ലാത്തവരാക്കപ്പെട്ടു. നമ്മുടെ മോചനപോരാട്ടം ഒരു കുടുംബത്തിന്റെ അടുക്കളകാര്യമായി മാറി.
മൂന്നാമത്തെ ഇടപെടല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാകാലത്ത് ആരംഭിച്ചു. മതേതരത്വ-സോഷ്യലിസ്റ്റ് പദങ്ങള്‍ ഭരണഘടനയില്‍ ഏച്ചുകെട്ടികൊണ്ട് തുടക്കം കുറിയ്ക്കപ്പെട്ട കുത്സിത നീക്കവും മുഖ്യമായി ലക്ഷ്യം വച്ചത് ഹിന്ദുത്വത്തെയും ഹിന്ദുബിംബങ്ങളെയും സാവര്‍ക്കര്‍ ഉള്‍പ്പടെയുള്ള മാതൃകകളേയും ആയിരുന്നു. അതിനായി ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചതും. ബ്രിട്ടീഷുകാരെപ്പോലും നാണിപ്പിക്കുന്ന വിധത്തില്‍ വിഘടനരാഷ്ട്രീയത്തെ കൊണ്ടാടിയതും ഒക്കെ നാമിന്നും വേദനയോടെ ഓര്‍ക്കുന്നു.
നാലാമത്തെ ദേശീയതാവിരുദ്ധ നീക്കമാണ് ഈ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി നടക്കുന്ന സാവര്‍ക്കര്‍ വിരുദ്ധ പ്രസ്ഥാനം. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാരുടെ ആയുധങ്ങളും, സാങ്കേതികശാസ്ത്രവും സമീപനവും ശൈലിയുമൊക്കെ ഇന്നത്തെ ഇടത് മതേതര ബുദ്ധിജീവികള്‍ മാറ്റിയിട്ടുണ്ടാവും. പക്ഷെ ലക്ഷ്യം ഒന്നുതന്നെയാണ്.
സാവര്‍ക്കറെയും മറ്റു ഹൈന്ദവദേശീയവാദികളെയും അവമതിക്കാനുള്ള നീക്കത്തോടൊപ്പം സാവര്‍ക്കറുടെ ദേശഭക്തിയില്‍ നിന്നും വിപ്ലവബോധത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവളര്‍ന്ന ഭഗത്സിങ്ങിനെയൊക്കെ ‘മതേതരരാക്കി’ തങ്ങളുടെ ക്യാമ്പില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സാവര്‍ക്കര്‍ ദര്‍ശനങ്ങള്‍ പഠന വിഷയമാക്കിയാല്‍ ശുഷ്കവും അപ്രായോഗികവും അപ്രസക്തവുമായ നെഹ്രൂവിയന് രാഷ്ട്രീയ ചിന്തയുടെയും വിദേശനയത്തിന്റെയും സാമ്പത്തിക നയത്തിന്റെയും പൊള്ളത്തരങ്ങള്‍ വെളിപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസുകാരെ അലട്ടുന്നതെങ്കില്‍, ആശയപരമായി അപൂര്‍ണ്ണവും പ്രായോഗികമായി ആപല്‍ക്കരവുമായ കമ്യൂണിസത്തിന്റെ രാക്ഷസീയതയെ പുതുതലമുറ തിരിച്ചറിയുമെന്ന ആശങ്കയാണ് കമ്മ്യൂണിസ്റ്റുകാരെ ആശങ്കപ്പെടുത്തുന്നത്. ഇത് അവരുടെ ബൗദ്ധികമായ ശൂന്യതയെ ആണ് തുറന്നു കാട്ടുന്നത്. ഹിന്ദുത്വ ആശയം കൂടുതല്‍ ജനങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്ന് അന്വേഷിക്കാനും വിലയിരുത്താനും ദര്‍ശനശാസ്ത്രവും രാജനീതിവിജ്ഞാനവും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിയേണ്ടതല്ലെ. അതിന് ഏറ്റവും ഉതകുന്ന സാവര്‍ക്കറുടെ ഹിന്ദുത്വയും ഹിന്ദുരാഷ്ട്രമീമാംസയും വിദ്യാലയങ്ങളില്‍ പഠനവീഷയമാക്കണം.
വളച്ചൊടിക്കപ്പെട്ട ഭാരതചരിത്രത്തെ വേണ്ടവണ്ണം പഠിക്കാനും താരതമ്യം ചെയ്യാനും ചരിത്രവിദ്യാര്‍ത്ഥികളെ അനുവദിക്കാതിരിക്കുന്നതിന് എന്തുയുക്തിയാണുള്ളത്. വീരസാവര്‍ക്കറുടെ ഭാരതചരിത്രത്തിലെ നൂറ് സുവര്‍ണ്ണാദ്ധ്യായങ്ങള്‍, 1857 ലെ ഭാരതസ്വാതന്ത്ര്യസമരം, മോപ്പിള തുടങ്ങിയ കൃതികള്‍ അതിനുപകരിക്കുന്നു. ഭാരതീയഭാഷകള്‍ വെല്ലുവിളിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഭാഷാപുനരുജ്ജീവനം എങ്ങനെ സാധ്യമാക്കാം എന്ന് ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നു. അക്ഷരസ്നേഹികള്‍ക്ക് അദ്ദേഹം നടത്തിയ പഠനങ്ങളും പരിശ്രമങ്ങളും ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അവിടെയും സാവര്‍ക്കറെയും അദ്ദേഹം പ്രതിനിധാനം ചെയ്ത തത്വദര്‍ശനത്തെയും ഇക്കൂട്ടര്‍ക്ക് ഭയമാണ്. ഭയത്തിന്റെയും കൗടില്യത്തിന്റെയും ലോഭമോഹങ്ങളുടെയും കൂട്ട് തകര്‍ത്ത് പുറത്ത് വന്നാലെ അറിവിന്റെ നിറനിലാവൊളികാണാനാവൂ. അതിന് അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന കാലത്തെ കുറിച്ച് വാചാടോപം നടത്താതെ പ്രവൃത്തിയിലൂടെ കാണിക്കാന്‍ ഇവര്‍ക്കെന്നാണാവോ കഴിയുക.
ഇന്ദിരയും ഇടതും
സ്തുതിപാഠകരാല്‍ വലയം ചെയ്യപ്പെട്ട് വാഴ്ത്തുപാട്ടുകളില്‍ അഭിരമിച്ചിരുന്ന നെഹ്രുവില്‍ നിന്ന് ഒട്ടും വ്യത്യസ്ത ആയിരുന്നില്ല മകളും. മാര്‍ക്സിയന്‍ ബുദ്ധിജീവികള്‍ക്ക് വൈചാരിക, വിദ്യാഭ്യാസ മേഖല അടിയറവ് വെയ്ക്കുന്നതില്‍ രണ്ടു പേരും തമ്മില്‍ മത്സരമായിരുന്നു. നെഹ്രുവില്‍ നിന്നൊരു ചുവട് മുന്നിലേക്ക് കയറ്റി ഇടത് ഇത്തിള്‍ക്കണ്ണികള്‍ക്ക് സര്‍വ്വകലാശാലകളും ചരിത്രസാമൂഹ്യശാസ്ത്രഗവേഷണസ്ഥാപനങ്ങളും തീറെഴുതുന്നതിനു പുറമെ അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും കൊണ്ട് കമ്മ്യൂണിസ്റ്റ് മൃതസിദ്ധാന്തത്തെ അലങ്കരിച്ചു.
ഈ പരസ്പരസഹായ സമിതിക്ക് പൊതുവായ ശത്രു, ഹിന്ദുത്വവീക്ഷണം ജനമനസ്സുകളിലേക്ക് ക്രമാനുഗതമായി എത്തിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. ഭാരതമാസകലം ഇന്നല്ലെങ്കില്‍ നാളെ വീണ്ടും സനാതനസംസ്കൃതിയും ജീവിതശൈലിയും ഹിന്ദുത്വരാഷ്ട്രീയവും വ്യാപിക്കുമെന്നും ആ മുന്നേറ്റത്തില്‍ തങ്ങളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇടതു- കോണ്‍ഗ്രസ് സഖ്യം മനസിലാക്കിയതിന്റെ വിറളിയാണ് ഇന്ന് ശ്രീഗുരുജി വിരോധത്തിലൂടെയും സാവര്‍ക്കര്‍ നിന്ദയിലൂടെയും പ്രകടമാവുന്നത്. അടിയന്തരാവസ്ഥയെ പിന്തുണച്ചതിന് കമ്യൂണിസ്റ്റുകള്‍ക്ക് നല്കിയ ഉപഹാരമായിരുന്നല്ലോ ഭരണഘടനയിലേക്ക് മതേതര സോഷ്യലിസ്റ്റ് സംജ്ഞകള്‍ ഒളിച്ചുകടത്തിയത്.
ബിപിന്ചന്ദ്രയെന്ന ഇടതു ചരിത്രകാരന് അടിയന്തരാവസ്ഥയ്ക്ക് ഉള്ളടക്കം എഴുതിക്കൊടുക്കുകയും ഇന്ദിരാഗാന്ധിയെ ഉത്തമ ജനാധിപത്യവാദിയായി പുകഴ്ത്തുകയും ചെയ്തത് ഈ പശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. ഭഗത്സിങ്ങെന്ന ഐതിഹാസിക വ്യക്തിവിശേഷത്തെ പൊള്ളയായ മാര്‍ക്സിസ്റ്റ് ചതുരത്തിലേക്ക് ഒതുക്കുവാനും സാവര്‍ക്കര്‍ അവഹേളനം ഒരനുഷ്ഠാനമാക്കി മാറ്റിയതുമൊക്കെ ആ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
80 കളുടെ ആരംഭത്തില്‍ ലെഫ്റ്റിസ്റ്റുകള്‍ ഹിന്ദുത്വ പ്രസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള വ്യാപകമായ പ്രചാരവേല തുടങ്ങിയെങ്കിലും രാഷ്ട്രീയലാഭമുണ്ടാക്കാനാവാതെ പരാജയപ്പെട്ടു. അവര്‍ ഏറ്റവും പ്രധാന ലക്ഷ്യമാക്കിയത് വീരസാവര്‍ക്കറെ ആയിരുന്നു. സാമാന്യജനങ്ങളിലേക്ക് ഈ വിഷം ചീറ്റല്‍ എത്തിയില്ലെങ്കിലും ഉന്നതവിദ്യാഭ്യാ സ്ഥാപനങ്ങളില്‍ കാലേക്കൂട്ടി ചുരുണ്ട്കൂടികിടന്നിരുന്ന വിഭജന രാഷ്ട്രീയത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ തങ്ങളുടെ പരിശ്രമങ്ങള്‍ തുടര്‍ന്നു.
അതിന്റെ ഭാഗമായാണ് 1996 ല്‍ ജെ.എന്‍.യുവിലെ കമ്യൂണിസ്റ്റ് ഫ്രാക്ഷന് നേതാവായ പുരുഷോത്തം അഗര്‍വാള്‍ സാവര്‍ക്കറെ അവമതിച്ച് ലേഖനം എഴുതിയതും കൂട്ടുബുദ്ധിജീവികള് തലങ്ങും വിലങ്ങും അത് ഉദ്ധരിച്ചതും. എ.ജി. നൂറാണി, ഷംസുള്ഇമ,ആഷിഷ് നന്ദി, മേഘാകുമാര്‍, തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.ബൗദ്ധികസത്യസന്ധത തൊട്ടുതെറിക്കാത്ത ഇന്നത്തെ കോണ്‍-കമ്മ്യൂണിസ്റ്റ് നേതൃത്വം ഈ നുണക്കഥകള്‍ ആവര്‍ത്തിക്കുന്നു.
വീരസാവര്‍ക്കറുടെ സംഭവബഹുലമായ ജീവിതത്തെ മനസിലാക്കാനും ദര്‍ശനങ്ങളെ താരതമ്യപഠനത്തിന് വിധേയമാക്കാനും ഉള്ള തന്റേടം ഇവര്‍ക്കില്ല. എന്തുകൊണ്ടാണ് തങ്ങളുടെ സ്ഥാപകനായിരുന്ന എം.എന്‍.റോയി അദ്ദേഹത്തെ ആരാധിച്ചിരുന്നതെന്ന്ചിന്തിക്കാനുള്ളവിവേകം ഇവര്‍ക്കുണ്ടാകുമോ? 1910 ല്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ സാവര്‍ക്കറുടെ കേസ് വിചാരണയ്ക്ക് എടുത്തപ്പോള്‍ അദ്ദേഹത്തിനുവേണ്ടിസൗജന്യമായി വാദിക്കാന്‍ എത്തിയ ബാരിസ്റ്റര്‍ ജീന്‍ ലോംഗ്വറ്റ് ആരായിരുന്നെങ്കിലും മനസിലാക്കാന്‍ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിക്കുമോ? ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ ലഹ്യൂമനെറ്റില് സാവര്‍ക്കറെ മഹാനായ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ച ലോംഗ്വറ്റ് സാക്ഷാല്‍ കാറല്‍മാര്‍ക്സിന്റെ ചെറുമകനായിരുന്നുവെന്നറിയാമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: