മുംബൈ: മഹാരാഷ്ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍ 34 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ പരാജയമാണെന്നും ബിജെപി ആരോപിച്ചു.
പൊലീസ് അറസ്റ്റ് ചെയ്ത 45കാരനായ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് സത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചു.
ഇതിനിടെ ദേശീയ വനിതാ കമ്മിഷന് അംഗം ചന്ദ്രമുഖി ദേവി ബലാത്സംഗത്തിനിരയായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ടു. ഇരയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ പൊലീസിന് കുറ്റകൃത്യങ്ങള്‍ നടക്കുന്ന എല്ലായിടങ്ങളിലും സന്ദര്ശിക്കാനാവില്ലെന്ന മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നാഗ്റാളെയുടെ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ചന്ദ്രമുഖി ദേവി പറഞ്ഞു.
സാക്കിനാക്ക ബലാത്സംഗക്കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നും കുറ്റക്കാരന്‍ എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും ബിജെപി നിയമസഭാകക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു.
എന്ത് ശിക്ഷ നല്‍കണമെന്ന കാര്യം കോടതിയുടെ കൈകളിലാണ്. പക്ഷെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുന്നു- ഫഡ്നാവിസ് പറഞ്ഞു. കുറ്റവാളികള്‍ക്ക് എതിരെ കര്‍ശനമായി ശിക്ഷ നടപ്പാക്കാന്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമം ധാരളമാണെന്നും സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ കടുത്ത തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിന് യാതൊരു ബഹുമാനവും കൊടുക്കാത്ത സര്‍ക്കാരാണിതെന്നും എന്നാല്‍ കുറ്റവാളികള്‍ക്ക് പരിരക്ഷ നല്കുന്ന സര്‍ക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരെന്നും പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദരേക്കര് പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ള രാജ് വാദി ആശുപത്രിയില്‍ കോണ്‍ഗ്രസ് നേതാവ് നസീം ഖാനെ കണ്ടെന്നും അവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്നും ദാരേക്കര്‍ കുറ്റപ്പെടുത്തി. ഒരു വര്‍ഷമായും മഹാരാഷ്ട്രയില്‍ വനിതാകമ്മിഷന് അധ്യക്ഷയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗ് ആരോപിച്ചു. വനിതാ കമ്മീഷന് അധ്യക്ഷയെ നിയമിക്കാനുള്ള ഫയല്‍ എട്ട് തവണയാണ് മുഖ്യമന്ത്രി മടക്കിയയച്ചതായി മഹാരാഷ്ട്ര വനിത-ശിശുക്ഷേമമന്ത്രി യശോമതി താക്കൂര്‍ പറഞ്ഞതായി ചിത്ര വാഗ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: