റോം: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടശേഷം ജയിക്കാനാകാതെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ്. തുടര്‍ച്ചയായ രണ്ടാം കളിയിലും യുവന്റസ് തോല്‍വി ഏറ്റുവാങ്ങി. നാപ്പോളിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച യുവെക്ക് ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് സ്വന്തമായത്. ഒരു പോയിന്റുമായി 13-ാം സ്ഥാനത്താണ് മുന്‍ സിരീ എ ചാമ്പ്യന്മാര്. നാപ്പോളിക്കെതിരെ മുന്നിലെത്തിയ ശേഷമാണ് യുവന്റസ് തോല്‍വി ഏറ്റുവാങ്ങിയത്.
10-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് അവര്‍ ലീഡ് നേടിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച നാപ്പോളിക്കു വേണ്ടി 57-ാം മിനിറ്റില്‍ മാറ്റിയോ പോളിറ്റാനോ, 85-ാ മിനിറ്റില്‍ കാലിദോ കൗലിബാലി എന്നിവര്‍ ലക്ഷ്യം കണ്ടു. ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിച്ച എംപോളിയോടു കഴിഞ്ഞ മത്സരത്തില്‍ 1-0നായിരുന്നു യുവെയുടെ തോല്‍വി.
ലീഗിലെ ആദ്യ മത്സരത്തില്‍ യുഡിനീസിനെതിരെ യുവെ 2-2 സമനില നേടിയ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പകരക്കാരനായാണു കളത്തിലിറങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ നാപ്പോളി ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള ലാസിയോയാണ് രണ്ടാമത്. ആറ് പോയിന്റുമായി ഇന്റര്മിലാന് മൂന്നാം സ്ഥാനത്ത്.
മറ്റ് മത്സരങ്ങളില്‍ ഫിയോറന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റ്ലാന്റയെയും വെനെസിയ ഇതേ മാര്‍ജിനല്‍ എംപോളിയെയും കീഴടക്കി. ഫിയോറന്റീനയുടെ രണ്ടാമത്തെയും വെനെസിയയുടെ ലീഗിലെ ആദ്യ ജയവുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: