മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ശനിയാഴ്ച രാത്രി നടന്ന കളിയില്അവര് ലെസ്റ്റര്‍സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം കളിയുടെ 62-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് വിജയ ഗോള്‍ നേടിയത്. ജയത്തോടെ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി സിറ്റി മൂന്നാമതാണ്. മറ്റൊരു കളിയില്‍ കരുത്തരായ ആഴ്സണല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. നോര്‍വിച്ച് സിറ്റിയെ 1-0ന് പരാജയപ്പെടുത്തി. 66-ാം മിനിറ്റില്‍ പിയറി എമെറിക് ഔബമയാങ് ആണ് നിര്‍ണായക ഗോള്‍ നേടിയത്.
അതേസമയം, ടോട്ടനം ആദ്യ തോല്‍വി രുചിച്ചു. ആദ്യ മൂന്ന് കളിയും ജയിച്ചെത്തിയ ടോട്ടനത്തെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസാണ് അട്ടിമറിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാഫെറ്റ് ടാംഗാങ്ങ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. 76-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹ ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റക്കാരന്‍ ഓഡ്സോണ്‍ എഡൗര്ഡിന്റെ ഊഴമായിരുന്നു അടുത്തത്. പകരക്കാരനായി ഇറങ്ങിയ എഡൗര്‍ഡ് 84-ാം മിനിറ്റിലും ഇഞ്ച്വറി ടൈമിലും ഗോള്‍ നേടി ടോട്ടനത്തിന്റെ പതനം പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ ചെല്‍സിയും 3-0ന്റെ വിജയം നേടി. ആസ്റ്റണ്വില്ലക്കെതിരെയായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി റൊമേലു ലുകാക്കു രണ്ട് ഗോള്‍ നേടി. കൊവാസിച്ച് ഒരു ഗോളും സ്വന്തമാക്കി. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ചെല്‍സി രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: