ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ ഉപയോഗം ആരംഭിച്ചു. ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ ഈ കോവിഡ്19 സാമ്പിളുകള്‍ പരിശോധന രീതി മുന്നോട്ട് വച്ചത് സിഎസ്ഐആറിന് കീഴിലുള്ള നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വൈറെന്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് (എന്‍ഇഇആര്‍ഐ).
സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ ലളിതവും, വേഗതയേറിയതും, രോഗി സൗഹൃദവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗകര്യപ്രദമായ ഈ രീതിയില്‍ ഉടന്‍ തന്നെ പരിശോധന ഫലം ലഭിക്കും. കൂടാതെ ഗ്രാമീണ, ആദിവാസി മേഖലകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ എന്നതും ഈ പരിശോധന രീതിയുടെ പ്രത്യേകതയാണ്.
ഇന്നലെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ നോണ്എക്സ്ക്ലൂസീവ് അടിസ്ഥാനത്തില്‍ കേന്ദ സൂക്ഷ്മചെറുകിടഇടത്തര സംരംഭ മന്ത്രാലയത്തിന് ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തു. ഇതിലൂടെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിവിധ ഗ്രാമ വികസന വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നവീന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ലൈസന്‍സ് ലഭിക്കും.
ലൈസന്‍സ് ലഭിക്കുന്ന സ്ഥപനങ്ങള്‍ക്ക്, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കോംപാക്റ്റ് കിറ്റുകളുടെ രൂപത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്താവുന്നതാണ്. നാഗ്പൂരിലെ സിഎസ്ഐആര്‍-എന്ഇഇആര്ഐലുള്ള എന്‍വൈറെന്‍മെന്റല്‍ വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ. കൃഷ്ണ ഖൈര്‍നറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: