ഗാന്ധിനഗര്‍: സ്റ്റതസ്കോപ്പ് പിടിക്കുന്ന വിരലുകള്‍ സസ്യങ്ങളുടെ ആത്മാവ് കണ്ടെത്തിയപ്പോള്‍ വീട്ടുമുറ്റം ജലസസ്യങ്ങളുടെ അമൂല്യമായ നിധി ശേഖരമായി. ദമ്പതികളായ ഡോക്ടര്‍മാരുടെ വീട്ടുമുറ്റത്താണ് ഈ അമൂല്യശേഖരം. കോട്ടയം മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി വിഭാഗം അസോ: പ്രൊ: ഡോ.വി.ജി.ഹരികൃഷ്ണന്റെയും ഭാര്യ കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ ഡോ.ലിസയുടെയും കോട്ടയം ഗാന്ധിനഗര്‍ ചെമ്മനം പടിയിലുള്ള വസതിയിലാണ് ഈ അപൂര്‍വ്വ ഇനം ചെടികള്‍ വിരിഞ്ഞ് മനോഹാരിത നല്‍കുന്നത്.
ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കൂടാതെ വിവിധ ഇനത്തിലുള്ള നാല്‍പ്പതോളം ആമ്പലുകളും, താമരകളുമാണ് ഇവരുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിന്ന് സൗരഭ്യം വീശുന്നത്. ആഴ്ചയില്‍ ശനി, ഞായര്‍ ദിവസം മാത്രമേ ഡോ.ലിസ വീട്ടില്‍ ഉണ്ടാകുകയുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഹരികൃഷ്ണനും ഈ പൂന്തോട്ട പരിപാലനത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. 2020 മാര്‍ച്ച് 9ന് ആദ്യ കൊവിഡ് രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ മുതല്‍ ഇപ്പോഴും ദിവസേന നൂറ് കണക്കിന് കൊവിഡ് രോഗികളുടെ പരിചരണത്തിന് ശേഷമാണ് ഡോ.ഹരികൃഷ്ന്‍ ഈ ചെടികളുടെ സംരക്ഷണത്തിന് സമയം കണ്ടെത്തുന്നത്.
ഡോ: ഹരികൃഷ്ണന് ഒന്നര വര്‍ഷമായി കൊവിഡ് ഡ്യൂട്ടിയില്‍ സേവനം ചെയ്തിരിന്നപ്പോള്‍, ഡോ.ലിസയും രണ്ടു മക്കളും കൊല്ലത്ത് താമസിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഹരികൃഷ്ണന്റെ ചിന്തയാണ് ഇത്തരത്തിലുള്ള അപൂര്‍വ്വ ചെടികള്‍ വളര്‍ത്തുവാന്‍ പ്രേരണയായത്. പശ്ചിമ ബംഗാള്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ചെടികളുടെ വിത്തുകളും വേരുകളും സംഘടിപ്പിച്ചത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഈ ചെടികള്‍ ഡോക്ടര്‍ ദമ്പതികള്‍ വില്‍ക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: