ഹൈദരാബാദ്: ആകാശമാര്‍ഗ്ഗം മരുന്ന് ഡ്രോണ്‍ വഴി എത്തിക്കുന്ന നൂതന പദ്ധതി തെലങ്കാനയിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
രാജ്യത്തെ ആദ്യ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പദ്ധതിയാണ് ശനിയാഴ്ച ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തത്. ഇതാദ്യമായാണ് മരുന്ന് വിതരണത്തിന് ഡ്രോണുകൾ ഉപയോഗിക്കാമെന്ന ചിന്ത തെലുങ്കാനയില്‍ യാഥാര്‍ത്ഥ്യമാകുന്നത് . ഡ്രോണുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണിത്. വ്യോമയാനം, ആരോഗ്യസേവനം എന്നീ രണ്ട് നിയന്ത്രണസ്വഭാവമുള്ള മേഖലകള്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിത്. ഒരു മാസം നീണ്ടുനിന്ന തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. 2030ല്‍ ഇന്ത്യ ലോകത്തിന്റെ തന്നെ ഡ്രോണ്‍ ഹബ്ബായി മാറുമെന്നും നവീനതകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ അനന്തമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
തെലങ്കാനയിലെ 16 ഗ്രീൻ സോണുകളിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര ഐടി മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് പദ്ധതിയുടെ പ്രവർത്തനമികവ് വിലയിരുത്തും. വിജയിച്ചാല്‍ ഈ പദ്ധതി ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് സിന്ധ്യ പറഞ്ഞു. ഇപ്പോള്‍ തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി പരീക്ഷണം നടത്തിയത്. 9-10 കിലോമീറ്റർ ചുറ്റളവിൽ ഈ ഡ്രോണുകൾക്ക് പ്രവർത്തിക്കുവാൻ സാധിക്കും.
കേന്ദ്ര സർക്കാരിന്റെ ഉദാരമായ പുതിയ ഡ്രോൺ നയം ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പറത്താൻ അനുമതി നല്‍കുന്ന ഒന്നാണ്. ഇത് പദ്ധതിയുടെ നടത്തിപ്പിന് ഉപകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന അർത്തികളിലും ഡ്രോണുകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിക്കും. ഇതിനായി വിവിധ സംസ്ഥാനങ്ങളുടെ സഹായത്തോടെ മാർഗരേഖ തയ്യാറാക്കും. ലോക സാമ്പത്തിക ഫോറം, നീതി ആയോഗ്, അപ്പോളോ ആശുപത്രികളുടെ ഹെൽത്ത് നെറ്റ് ഗ്ലോബൽ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള സംരംഭമാണ് മെഡിസിൻ ഫ്രം ദി സ്‌കൈ പദ്ധതി.
തെലുങ്കാന സര്‍ക്കാര്‍, കേന്ദ്ര ഐടി വകുപ്പിന്റെ എമര്‍ജിംഗ് ടെക്‌നോളജീസ് വിങ്, വേള്‍ഡ് ഇക്കണോമിക് ഫോറം, നീതി ആയോഗ്, ഹെല്‍ത്ത്‌നെറ്റ് ഗ്ലോബല്‍ (അപ്പോളോ ആശുപത്രി) എന്നിവയുടെ സംയുക്തസംരംഭമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: