കൊല്‍ക്കൊത്ത: തൃണമൂല്‍ നേതാവും മമതയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിക്കെതിരെ പുതിയ സമന്‍സ് നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സപ്തംബര്‍ 21ന് ഹാജരാകന്‍ ഇഡി ആവശ്യപ്പെട്ടതായി അറിയുന്നു.
ബംഗാള്‍ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ടാണ് പുതിയ സമന്‍സുകള്‍ നല്‍കിയത്. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര ബാനര്‍ജിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സയച്ചിട്ടുണ്ട്. തിങ്കളാഴ്ച അഭിഷേക് ബാനര്‍ജിയെ ഇഡി ദല്‍ഹിയില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 11മണിക്കാണ് അഭിഷേക് ബാനര്‍ജി എംപി സെന്‍ട്രല്‍ ദല്‍ഹിയിലെ ജാം നഗര്‍ ഹൗസിലുള്ള ഇഡി ഓഫീസില്‍ എത്തിയത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന അഭിഷേക് ബാനര്‍ജി ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ബിജെപിയ്ക്കെതിരെ യുദധം ചെയ്യുന്ന ആരും പീഡിപ്പിക്കപ്പെടുകയാണെന്നും പറഞ്ഞിരുന്നു. 2020 നവമ്പര്‍ 27നാണ് കല്‍ക്കരി കുംഭകോണക്കേസ് പുറത്ത് വന്നത്. സിബി ഐ നിരവധി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരവും വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരവുമാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. പിന്നീട് ഇഡി കേസന്വേഷണം ഏറ്റെടുത്തു. അഴിമതിപ്പണം ധാരാളമായി കുമിഞ്ഞുകൂടിയിരുന്നുവെന്നും ഇതിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: