തൃശൂര്‍: പുല്ലഴിയിലെ വീട്ടില്‍നിന്നും 15 പവന് മോഷണം പോയ സംഭവത്തില്‍ പരാതിക്കാരന് അറസ്റ്റില്‍. പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ വലയത്തു പ്രദീപ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണു കടബാധ്യതയെത്തുടര്‍ന്നു മോഷണം നടത്തിയതാണെന്നു പ്രദീപ് സമ്മതിച്ചത്.
വീട്ടില്‍ കള്ളന് കയറിയെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നും കാട്ടി ഇയാള്‍ തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്. പ്രഫഷണല്‍ സംഘമായിരിക്കാം പിന്നിലെന്ന നിഗമനത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. മോഷ്ടാവ് ഉപയോഗിച്ചെന്നു കരുതുന്ന വെട്ടുകത്തിയും പൊളിച്ചെടുത്ത ഓടാമ്പലും കണ്ടെടുത്തു.
പരാതിക്കാരനായ പ്രദീപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണു സംശയം തോന്നിയത്. മനക്കൊടിയില്‍ കുടുംബ സമേതം താമസിക്കുന്ന പ്രദീപ്, ജോലിയുടെ ഭാഗമായി പുല്ലഴിയിലെത്താറുണ്ടെന്നും ഉച്ചയ്ക്ക് ഊണു കഴിക്കാനും വിശ്രമിക്കാനും തറവാട്ടുവീട്ടില്‍ വരാറുണ്ടെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, പ്രദീപിന്റെ സഹോദരനും അമ്മയും വ്യത്യസ്ത മൊഴിയാണു നല്‍കിയത്.
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളെക്കുറിച്ച് പരാതിക്കാരനും അമ്മയ്ക്കും സഹോദരിക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പിന്നീടു വിശദമായി ചോദ്യം ചെയ്തതോടെയാണു പ്രദീപ് കുറ്റം സമ്മതിച്ചത്. ബാധ്യതകള്‍ തീര്‍ക്കാനാണു തറവാട്ടിലെ സ്വര്‍ണം മോഷ്ടിച്ചതെന്നും സംശയിക്കാതിരിക്കാനാണു പരാതി നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലത്തുനിന്നും കണ്ടെത്തി.
വെസ്റ്റ് പോലീസ് എസ്.ഐമാരായ കെ.ആര്. റെമിന്‍, എ.ഒ. ഷാജി, അസി. എസ്.ഐമാരായ ജോയ്, സി.പി.ഒമാരായ റിക്സണ്, സുനീബ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. ഗ്ലാഡ്സ്റ്റണ്, പി.എം. റാഫി, സി.പി.ഒമാരായ പഴനിസ്വാമി, ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: