ബ്യൂനസ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ദക്ഷിണ അമേരിക്കയിലെ ടോപ്പ് സ്കോററായി. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളിവിയയ്ക്കെതിരെ ഹാട്രിക്ക് തികച്ചാണ് മെസി റിക്കാര്‍ഡ് ഇട്ടത്. ഈ ഹാട്രിക്കിന്റെ മികവില്‍ അര്‍ജന്റീന മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ പരാജയപ്പെടുത്തി.
പതിനാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയതോടെ മെസി ബ്രസീല്‍ താരമായ പെലെയുടെ 77 ഗോളുകളെന്ന റിക്കാര്‍ഡിനൊപ്പം എത്തി. പെലെ 92 മത്സരങ്ങളില്‍ നിന്നാണ് 77 ഗോളുകള്‍ നേടി റിക്കാര്ഡിട്ടത്് . അറുപത്തിനാലാം മിനിറ്റിലും സ്കോര്‍ ചെയ്തതോടെ മെസി പെലെയുടെ റെക്കോഡ് മറികടന്നു. ഒടുവില്‍ കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ മെസി വീണ്ടും ലക്ഷ്യം കണ്ട് ഹാട്രിക്ക് പൂര്‍ത്തിയാക്കി. അര്‍ജന്റീനക്കായി 153-ാം രാജ്യാന്തര മത്സരം കളിക്കുന്ന മെസിയുടെ ഏഴാം ഹാട്രിക്കാണിത്. അതേസമയം, പെലെ രാജ്യാന്തര മത്സരങ്ങളില്‍ അഞ്ചു ഹാട്രിക്കുകളാണ് നേടിയിട്ടുള്ളത്.
രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരുഷതാരമെന്ന റിക്കാര്‍ഡ്് ക്രിസ്റ്റിയാനോ റൊണാള്യുടെ പേരിലാണ്. പോര്‍ച്ചുഗലിനായി 180 മത്സരങ്ങളില്‍ റൊണാള്‍ഡോ 111 ഗോളുകള്‍ നേടിയിട്ടുണ്ട്.
ബൊളീവിയയെ പരാജയപ്പെടുത്തിയ അര്‍ജന്റീന ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ അവര്‍ പതിനെട്ട് പോയിന്റുണ്ട്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത് അവര്ക്ക്് 24 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: