പ്രഫുല്ല കേത്കര്‍
എഡിറ്റര്‍, ഓര്‍ഗനൈസര്‍ വാരിക
താലിബാനിസം വീണ്ടും തിരിച്ചുവന്നിരിക്കുന്നു. 9/11 ആക്രമണം നടത്തിയ തീവ്രവാദപ്രത്യയശാസ്ത്രം ‘ആഗോള ഖിലാഫത്ത്’ എന്ന ആശയത്തോടൊപ്പം വീണ്ടും ഇടം കണ്ടെത്തിയിരിക്കുന്നു. മതവിരുദ്ധമാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസം ഇസ്ലാമിസ്റ്റുകളെ സഖ്യകക്ഷികളായി കണക്കാക്കുന്നു.
ഈ വിനാശകരമായ സഖ്യത്തെ നേരിടാനുള്ള ശേഷിയും ശേമുഷിയും അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. എന്നിട്ടും, ആഗോളതലത്തില്‍ സ്വയംപ്രഖ്യാപിത ബുദ്ധിജീവികള്‍ ഹിന്ദുത്വത്തെ ഒരു ഭീഷണിയായി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ആസാര്വലൗകികചിന്താധാരയെ തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ്.
ഭാരതത്തിലും, അതേ ശക്തികള്‍ മാനബിന്ദുക്കളെ അവഹേളിച്ചും ഉത്സവങ്ങളെ പരിഹസിച്ചും സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തിയും ഭാരതീയസംസ്കൃതിയെ തരംതാഴ്ത്തിക്കാട്ടാനുള്ള ഗൂഢപരിശ്രമങ്ങളിലാണ്.
മനുഷ്യനും മുഴുവന്‍ പ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യത്തിനായാണ് ഹിന്ദുത്വം നിലകൊള്ളുന്നത്.
ഏതാണ്ട് ആയിരം വര്‍ഷങ്ങളായി, ഇസ്ലാമികശക്തികളും പാശ്ചാത്യമുതലാളിത്തവും തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകളും ഹിന്ദുസംസ്കൃതിയെ ഭൗതികമായും ബൗദ്ധികമായും ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മറ്റ് പല പുരാതന നാഗരികതകളും കാലത്തിന്റെ കുത്തൊഴുക്കില്‍ മണ്മറഞ്ഞെങ്കിലും ഹൈന്ദവസംസ്കൃതിയും അത് പിന്തുടരുന്ന മൂല്യങ്ങളും ഇന്നും നിലനില്ക്കുന്നു. ഹിന്ദുസംസ്കൃതിയുടെ ഈ ദൃഢതയും സ്ഥിരോത്സാഹവും വിഭാഗീയ ആശയങ്ങള്‍ പിന്തുടരുന്നവരെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. ഹൈന്ദവചിന്താധാരയേയും തനിമയേും ഇല്ലാതാക്കാനുള്ള അത്തരക്കാരുടെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, ഹിന്ദുത്വം വ്യത്യസ്ത രൂപങ്ങളില്‍ വികസിച്ച് മുന്നോട്ടു പ്രയാണം തുടരുകയാണ്.
ബാര്‍ബേറിയന്‍ ആക്രമണങ്ങളില്‍ ഹിന്ദുസമൂഹം ആടിയുലഞ്ഞ കാലഘട്ടത്തില്‍ ഭക്തിപ്രസ്ഥാനം ഹിന്ദുത്വത്തിന്റെ ജ്വാല കെടാതെ കാത്തുസൂക്ഷിച്ചു. പിന്നീട്, ക്ഷാത്ര ധര്‍മ്മം-സാധുസംരക്ഷണത്തിനും ദുഷ്ടനിഗ്രഹത്തിനും ഛത്രപതി ശിവജിയുടെയും ഹിന്ദവി സ്വരാജിന്റെയും രൂപത്തില്‍ പുനരുത്ഥാനം ചെയ്തു. യൂറോപ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍, സ്വാതന്ത്ര്യസമരസേനാനികള്കര്മ്മയോഗത്തിന്റെ തത്ത്വചിന്ത സമൂഹത്തില്‍ പുനരുജ്ജീവിപ്പിച്ചു.
സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ സാര്വലൗകികസാഹോദര്യത്തിന്റെ സന്ദേശവും ഭക്തി, ജ്ഞാന, കര്‍മ്മയോഗങ്ങളുടെ മനോഹരമിശ്രണത്തിലൂടെ ആഗോളതലത്തില്‍ തരംഗം സൃഷ്ടിച്ചു. ഹിന്ദുത്വം പുനര്‍നിര്‍മ്മിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും മാത്രമല്ല ചെയ്തത്, അതിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വെല്ലുവിളികളെ നേരിടാനും തുടങ്ങി. രാമജന്മഭൂമി പ്രസ്ഥാനം അത്തരത്തിലുള്ള ഒന്നായിരുന്നു.ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനുമുള്ള കഴിവ്, മൈത്രീഭാവം, ആത്മീയ ജനാധിപത്യം എന്നീ തനതു സവിശേഷതകളാണ് ഹിന്ദുത്വയെ ‘സനാതനം’ ആക്കുന്നത്. അത് ആധുനികതയ്ക്ക് ഒരു ബദല്‍ രൂപം നല്കുന്നു.
വലത്-ഇടതു പ്രത്യയശാസ്ത്രവിഭജനത്തിനത് അനുയോജ്യമല്ല. ഹിന്ദുത്വത്തിന്റെ ചലനാത്മകതയെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയാണ് പാശ്ചാത്യആശയനിര്മ്മിതികളുടെ പ്രധാനപരിമിതി. ആത്മീയതയും സമൃദ്ധിയും, വ്യക്തിപരവും സാമൂഹികവും, ഏകത്വവും വൈവിധ്യവും ഇവ എങ്ങനെ ഒരു ചിന്താപ്രക്രിയയില്‍ സമന്വയിപ്പിക്കാനാകും എന്നത് അവര്‍ക്ക് എന്നും ഒരു പ്രഹേളികയാണ്. അതിനാല്‍ പാശ്ചാത്യമാതൃകയെ അടിസ്ഥാനമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണവരുടെ പ്രഥമ തന്ത്രം. അവരുടെ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട പ്രതിഭകള്‍ ഭാരതത്തിലും അതേ പാത പിന്തുടരുന്നു. തുടക്കത്തില്‍ അവര്‍ ‘ഹിന്ദു’ എന്ന ദേശീയസ്വത്വത്തെ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്തു. ഈ ദേശീയസ്വത്വം മുഴുവന്‍ സാമൂഹിക-രാഷ്ട്രീയസാഹചര്യങ്ങളെയും ഊര്ജ്ജസ്വലമാക്കിയപ്പോള്, ചെറിയ സ്വത്വങ്ങളെ അടിസ്ഥാനമാക്കി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു. ആ പരിശ്രമത്തിലും നിരാശരായ അവരിപ്പോള്‍ ഹിന്ദുമതം നല്ലതാണ്, എന്നാല്‍ ഹിന്ദുത്വത്തെ പിഴുതെറിയേണ്ടതുണ്ട് എന്ന വാദമുയര്‍ത്തുകയാണ്. ഇതവര് അകപ്പെട്ടിരിക്കുന്ന ആശയക്കുഴപ്പത്തിന്റെയും നിരാശയുടെയും വ്യക്തമായ അടയാളമാണ്.
ഈ സനാതനസംസ്കൃതിയുടെ പിന്തുടര്‍ച്ചക്കാരെന്ന നിലയില്‍, പുതിയകാലത്തെ പ്രശ്നങ്ങളെ ദൃഢചിത്തരായി അഭിമുഖീകരിക്കുക എന്നതാണ് നമ്മുടെ കടമ. മതഭ്രാന്ത്, അക്രമം, പാരിസ്ഥിതിക തകര്‍ച്ച, മാനവികവിരുദ്ധമായ സാമ്പത്തികപ്രവര്‍ത്തനം എന്നീ പ്രവണതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമായി എല്ലാവരും ഉറ്റുനോക്കുന്നത് ഹിന്ദുത്വയെയാണ്. ഒരു വശത്ത് ഹിന്ദുത്വയുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നുണ്ട്.
അതേസമയം മറുവശത്ത് ഹിന്ദുത്വക്കുനേരെ വിദ്വേഷം പരത്താനുള്ള ശ്രമങ്ങളും വലിയതോതില്‍ തന്നെ നടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, മറ്റൊരു 9/11 നെ കുറിച്ച് നാം ഓര്‍ക്കേണ്ടതുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗവും സ്വാമിജിയുടെ സാര്വ്വലൗകികസാഹോദര്യത്തിന്റെ സന്ദേശവുമാണത്. നമുക്ക് മുന്നോട്ടു ചരിക്കാനുള്ള പാതയും അതുതന്നെയാണ്.
സഹിഷ്ണുതയും സാര്‍വലൗകിക സാഹോദര്യവും ലോകത്തെ പഠിപ്പിച്ച ഒരു മതവുമായി ബന്ധപ്പെട്ട ആളാണെന്നതില്‍ ഞാനേറെ അഭിമാനിക്കുന്നുവെന്ന് സ്വാമിജി പ്രഖ്യാപിച്ചപ്പോള്‍, അദ്ദേഹം ഹിന്ദുത്വത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. മുഴുവന്‍ മാനവികതയ്ക്കും വേണ്ടി, ഹിന്ദുത്വത്തിന്റെ, സാര്‍വലൗകിക സാഹോദര്യത്തിന്റെ സന്ദേശം നാമെല്ലാവരും ഉള്‍ക്കൊള്ളണം, ആഘോഷിക്കണം. അതേസമയം വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ശക്തികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: