കുട്ടനാട്ടുകാര്‍ക്ക് തീരം ഒരു സമസ്യയാണ്; കരപോലും സമസ്യയാണെന്നതാണ് സത്യം. കടല്‍ജല നിരപ്പില്‍നിന്ന് താഴ്ന്ന കരയ്ക്ക്, തീരംതേടല് ഒരുപക്ഷേ സ്വപ്നവും. പുറത്തേക്ക് പോകാന്‍ എളുപ്പമല്ലാത്തവരുടെനാട്, പുറത്തുനിന്നുള്ളതിനെ അകത്തേക്ക് ക്ഷണിച്ചു ഭവാനിയും പൂക്കോടും തുടങ്ങി സകല പുഴകളും കായലുകളും തടാകങ്ങളും കുട്ടനാട്ടുകാര്‍ക്ക് പമ്പയും വേമ്പനാടും പോലെ പ്രിയങ്കരമാണ്, സ്വന്തമാണ്.
പക്ഷേ, നിളയെന്ന, പേരാറെന്ന, ഭാരതപ്പുഴയെപ്പോലെ എന്തുകൊണ്ട് പമ്പ സാഹിത്യത്തില്‍ സ്ഥാനം പിടിച്ചില്ലയെന്ന് ചിന്തിച്ചത്, നിളയുടെ തീരത്ത് ഏറെക്കാലം തങ്ങിയ ശേഷമാണ്. നിള വരണ്ടുണങ്ങുന്നതും വളര്‍ന്ന് കരകവിഞ്ഞൊഴുകുന്നതും കണ്ടകാലങ്ങളില്‍ പമ്പയെ നമിച്ചു. നാടു നനച്ചൊഴുകുന്ന പമ്പ. പക്ഷേ, പമ്പയുടെ കൈവഴികളിലെ കടവകളില് പടവിറിങ്ങുമ്പോള് ഒന്നു നീന്തിക്കയറമ്പോള്, ഒരുകുടന്ന വെള്ളം കൈക്കുമ്പിളില്‍ കോരുമ്പോള്‍ ആശങ്കപ്പെട്ടു, പമ്പയും ഇത്രമേല്‍ മലിനമായല്ലോ എന്ന്. മലയാള സാഹിത്യത്തിലെ നിളയും പമ്പയും കൗതുക വിഷയമാണ്. നിളയ്ക്ക് എങ്ങനെ ആ മേല്‍ക്കോയ്മ കിട്ടിയെന്നത് പഠന വിഷയം പോലുമാണ്.
പമ്പയെക്കുറിച്ച് വാല്മീകിരാമായണത്തില് പരാമര്‍ശമുണ്ട്. മലയാളം ഇന്നത്തെ ഭാഷയാകുംമുമ്പുള്ള കണ്ണശ്ശ രാമായണത്തിലുണ്ട്. എഴുത്തച്ഛനും പരാമര്‍ശിച്ചിട്ടുണ്ട്. അങ്ങനെ ആദികാവ്യം മുതലുണ്ട് പമ്പ സാഹിത്യത്തില്‍. (എന്നാല്‍ ആ പമ്പ കേരത്തിലെ പമ്പാനദിയല്ലെന്നും വ്യാഖ്യാനമുണ്ട്. ഇത് കര്‍ണാടകത്തിലെ ഹംപിയില്‍ ഉള്ള പമ്പ സരോവരമാണെന്നും പറയുന്നു. അവിടെ ശബരി ശ്രീരാമനെ കാത്ത് കഴിഞ്ഞുവെന്നും പറയപ്പെടുന്നു. കണ്ണശ്ശ രാമായണത്തില്‍ ”പുഷ്കരിണീമധ പമ്പാം കണ്ടേന് പഷ്പശരാതുര മാനസനായേ…” എന്ന് തിരുവല്ല നിരണം സ്വദേശിയായ രാമകവി എഴുതിയപ്പോള്‍ താമര വിരിഞ്ഞു നില്ക്കുന്ന പമ്പയെക്കുറിച്ചാണ് പറഞ്ഞത്. പമ്പാനദിയില്‍ താമരപ്പൂക്കാലം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണം).
തകഴി ശിവശങ്കരപ്പിള്ള ലോകസാഹിത്യത്തില്‍ പമ്പയെ, ആ പേരുപറഞ്ഞും പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷേ, തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെക്കുറിച്ച് മലവെള്ളപ്പാച്ചില്‍ പോലെ പ്രശംസിക്കുന്നവരില്‍ പലരുംപോലും പമ്പയ്ക്ക് കാര്യമായി പരിഗണന കൊടുത്തുകണ്ടിട്ടില്ല; പ്രത്യേകിച്ച് നിളയുടെ സാഹിത്യ സാന്നിധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍. നിളയെ സാഹിത്യത്തില്‍ ഇത്രയധികം കീര്‍ത്തിപ്പെടുത്തിയത് എംടിയുടെ സാഹിത്യത്തിന് കിട്ടിയ പ്രചാരണം കൊണ്ടുമാത്രമാണോ. ആയിരിക്കില്ല, കേരളം നെടുകെ യാത്ര ചെയ്യുന്ന ആരും ഭാരതപ്പുഴ കാണാതെ പോകില്ലല്ലോ. പമ്പയ്ക്ക് അങ്ങനെയൊരു സൗഭാഗ്യമില്ലല്ലോ.
വള്ളത്തോളും പി. കുഞ്ഞിരാമന്‍നായരും കലാമണ്ഡലവുമൊക്കെ നിളയെ ഏറെ പ്രിയപ്പെട്ടതും ഏറെ ജനകീയവുമാക്കി. പക്ഷേ, നിളാതടപ്രദേശങ്ങളിലുള്ളത്രതന്നെയോ അതില്‍ കൂടുതലോ കലാസാഹിത്യസാംസ്കാരിക നായകര്‍ പമ്പാസരസ്തടത്തിലുമുണ്ടെന്ന് അങ്ങനെയൊരു പട്ടിക തയാറാക്കിയാല്‍ കാണാം. എന്നിട്ടും…
എങ്കിലും ഒറ്റപ്പാലത്ത്, കിള്ളിക്കുറിശി മംഗലത്ത്, നിളയില്‍നിന്ന് വന്ന കാറ്റുമേറ്റ് കലക്കത്ത് ഭവനത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ പഴയ ഭവനത്തിന് പരിസരത്ത് നില്ക്കുമ്പോള് ഇങ്ങനെയും ചിന്തിച്ചു: ആലപ്പുഴയില്‍, പമ്പയുടെ പാട്ടും കേള്‍ക്കാവുന്ന അമ്പലപ്പുഴയില്‍ എത്തിയപ്പോഴാണല്ലോ, ലക്കിടിയില്‍ ജനിച്ച കുഞ്ചന്‍ മിഴാവിലെ താളം കടന്ന് തുള്ളാന്‍ താളം കിട്ടിയതെന്ന്. അവിടെ എത്തിയപ്പോള്‍ മട്ടും മാതിരിയും മനസും മാറി, കൂത്തമ്പലത്തില്‍നിന്ന് തുള്ളല്‍ കണ്ടെത്തി, അങ്ങനെ മാനവികതയെ കൂടുതല്‍ ജനകീയമാക്കി ആ താളത്താശാന്. അതിലൂടെ പമ്പയും നിളയും തമ്മിലുള്ള അകലവും അന്തരവും കുറഞ്ഞു. അതെ, അങ്ങനെയാണ്, നദികള്‍ സുമദ്രത്തിലൊന്നാകും പോലെ സംസ്കൃതികള്‍ സമന്വയിക്കുകയാണ്, സംഘര്‍ഷത്തില്‍ പെടുകയല്ല.
അങ്ങനെയാണ്, നിളയുടെ തീരത്തുനിന്ന് പമ്പയുടെ കൈവഴിയൊഴുകുന്ന കാവാലത്തെത്തിയ കവി വള്ളത്തോള്‍, 1897 ല്‍ അവിടത്തെ, ഇന്നത്തെ സര്‍ക്കാര്‍ യുപി സ്കൂളിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ച ശ്ലോകം ചരിത്രമായി ശേഷിക്കുന്നത്. (വള്ളത്തോള്‍ എഴുതി:
‘പൂവാകുന്നൊരളുക്കിനുള്ളില് മധുരത്തേനെന്നതിന്വണ്ണമേ
തൂവാനത്തുശരന്നിശാ പരിണതത്തിങ്കള്ക്കതിര്ക്കൊപ്പവും
കാവാലസ്ഥിത പാഠശാലയില്‍ വിളങ്ങട്ടേ സദാകാലമാ
ശ്രീവാഗേശ്വരിതന് പ്രസാതതനതാഹ്ലാദം പ്രസാദസ്മിതം’ 1897 ഫെബ്രുവരി 13 നായിരുന്നു ഈ കുറിപ്പ്. കവിയുടെ പത്തൊമ്പതാം വയസില്‍)
രണ്ടു പതിറ്റാണ്ടിനുമുമ്പ് പമ്പയുടെ കൈവഴിത്തീരത്തെ കാവാലത്തുനിന്ന് നിളയുടെ പുളിനതടങ്ങള്ക്കടുത്തെ പട്ടാമ്പിയിലും പമ്പയുടെ കാറ്റിന്ഗന്ധം തിരിച്ചറിഞ്ഞു. അങ്ങനെ, കൊല്ലത്തെ കല്ലടയാറിന്തീരത്തു ജനിച്ച കവി ഡി. വിനയചന്ദ്രന്റെ നീരൊഴുക്കുകള്‍ എന്ന കവിതയിലെ വരികള്‍ അനുഭവിച്ചറിഞ്ഞു:
”… ജലമേ നമസ്കൃതി സംസ്കൃതി…”
കുട്ടനാടിന്റെ ഹൃദയമെന്ന് ഏറെക്കുറേ പറയാവുന്ന കാവാലത്തുനിന്ന് ഭാരതപ്പുഴയുടെ പ്രധാന തീരസ്ഥാനമായ പട്ടാമ്പിയില്‍ വന്നു നിന്നപ്പോള്‍ രണ്ടിടത്തേയും സൂക്ഷ്മഭാവങ്ങള്‍ക്ക് സമാനത ഏേെറത്താന്നിയിരുന്നു. വി.കെ. ഗോവിന്ദന്‍നായരുടെ ഒരു ശ്ലോകം ഊറിവന്നു:
”ഈയാറ്റിന്കരയായിരുന്നു
കവിതാ സങ്കേതമ
സ്സംസ്കൃതാചാര്യന്മാരുടെ നര്‍മ
ഭാഷണ വിചാരോദാരമാം മണ്ഡപം…”
എഴുത്തച്ഛനും തുഞ്ചന്‍പറമ്പും കോലത്തിരിയും ചെറുശേരിയും ഗുരുവായൂരും നാരായണ ഭട്ടതിരിയും സംസ്കൃതം സര്‍വരേയും പഠിപ്പിക്കാന്‍ ജീവിതവ്രതം നോറ്റ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയും സാമൂതിരിയും ചാവേറുകളും മാമാങ്കവും ഷൊര്‍ണൂര്‍ വന്നിറങ്ങി ജാതിത്തീണ്ടലിന്റെ’ഭ്രാന്താലയം’ കണ്ടമ്പരന്ന സ്വാമി വിവേകാനന്ദനും കവിതയുടെയും സാഹിത്യത്തിന്റെയും ഈറ്റില്ലമായിയിരുന്ന പൊന്നാനിപട്ടാമ്പിക്കളരികളുമായി നിളാതീരം സംഭവ സമ്പന്നമായിരുന്നുവല്ലോ.
ശബരിമലയും കണ്ണശ്ശകവികളും ഗുരു ചെങ്ങന്നൂരും (കഥകളിയാചാര്യന്‍ ചെങ്ങന്നൂര്‍ രാമന് പിള്ള : 18861980) ഇട്ടിരാരിശ്ശ മേനോനും സര്‍ദാര്‍ കെ.എം. പണിക്കരും തുടങ്ങി എണ്ണമേറെയുള്ള സാഹിത്യ സാംസ്കാരിക നായകര്‍ പമ്പയുടെ തീരത്ത് അടയാളങ്ങളിട്ടു. ആറന്മുളക്കണ്ണാടിയും കരുമാടിക്കുട്ടനും അമ്പലപ്പുഴ പാല്‍പ്പായസവും ലോകശ്രദ്ധ ക്ഷണിച്ചു. വള്ളംകളിയും വേലകളിയും പമ്പാതടം സമ്മാനിച്ചു. മത കണ്‍വന്‍ഷനുകള്‍ക്ക് പമ്പാതടം സാക്ഷിയായി, മാതൃകയായി. കടല്‍ ജലനിരപ്പിനുതാഴെ വെള്ളത്തില്‍ ചിറകെട്ടി കായലുകള്‍ ഉണ്ടാക്കി കൃഷി ചെയ്ത് ശാസ്ത്രത്തെ കാലക്കണക്കില്‍ തോല്‍പ്പിച്ച് അത്ഭുതം കാട്ടി.
പമ്പാതീരം കടന്ന് വന്ന ടിഎസ് കനാല്‍ ഷൊര്‍ണൂര്‍ തൊട്ടപ്പോള്‍ അങ്ങനെ നദികള്‍ക്കും ഒഴുക്കിനും പ്രദേശാതിര്ത്തിയില്ലെന്ന് ബോധ്യപ്പെടുത്തി. ടിഎസ് കനാല്‍ എന്നാല്‍ തിരുവനന്തപുരംഷൊര്‍ണൂര്‍ കനാല്‍. തിരുവിതാംകൂറില്‍നിന്ന് ചരക്കുകൊണ്ടുവരാന്‍ തയാറാക്കിയ ജലപാത. കൊല്ലം, ആലപ്പുഴ (കുട്ടനാട് പ്രദേശം അധികവും), കൊച്ചി, തൃശൂര്‍ വഴി വരുന്ന കനാല്‍. തിരുവനന്തപുരത്തെ ചാന്നാങ്കരയില്‍നിന്ന് തുടക്കം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് (മലബാര്‍) പ്രദേശങ്ങളെ ഒന്നിപ്പിച്ച, ഐക്യകേരളത്തിനും മുമ്പത്തെ ബന്ധം. 1880 ല്‍ ഈ ജലപാത സജ്ജമായി. 420 കിലോ മീറ്റര്‍. തിരുവിതാംകൂറിന്റെ ചീഫ് എഞ്ചിനീയര്‍ എ.എച്ച്. ബാസ്റ്റാ എന്ന ബ്രിട്ടീഷുകാരനായിരുന്നു നിര്‍മാണച്ചുമതല. കനാല്‍ കൊല്ലം കടന്ന്, കുട്ടനാട് കടന്ന്, പമ്പയുടെ സാമീപ്യമറിഞ്ഞ്, കൊച്ചിയിലെത്തി, പെരിയാറിനെ അറിഞ്ഞ് കടന്നു പോന്നു. ഇന്ന് വ്യവസായ നഗരമായ ഈ പ്രദേശത്താണ് നദിയെ ഏറ്റവും കൂടുതല്‍ മനുഷ്യ ജീവിതവും ജീവിതവൃത്തിയുമായി ബന്ധിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ വ്യവസായ ശാലകള്‍ പെരിയാര്‍ തീരങ്ങളിലാണ്. വൈരുദ്ധ്യം ഇതാണ്, ഇതേ പെരിയാറില്‍ മുങ്ങിയാണ് ഭൗതികതയേക്കാള്‍ ആദ്ധ്യാത്മികതയുടെ ആഴങ്ങളറിയാന്‍ കാലടിയില്‍നിന്ന് ആദി ശങ്കരന് കാലടികള്‍വെച്ച് ഭാരതം അളന്നറിഞ്ഞത്. ഈ പുഴയോരത്താണ് ഭൗതിക സമ്പത്തിനു വേണ്ടിയുള്ള ആക്രമണങ്ങളില്‍ ആത്മീയ സ്ഥാനങ്ങള്‍ തച്ചുടച്ചും തകര്‍ത്തെറിഞ്ഞും വന്ന ടിപ്പുസുല്‍ത്താന്‍ അരുതെന്ന് നദി അതിരുവിലക്കിയത്. സംസ്ഥാന തലസ്ഥാനവും കടന്ന് വാണിജ്യസാംസ്കാരിക തലസ്ഥാനങ്ങളും പിന്നിട്ട് ഭാരതപ്പുഴയിലെത്തിയ ഈ കനാല്വഴിവന്ന വസ്തുക്കള്‍ പാണ്ഡ്യ തലസ്ഥാനമായ മധുരൈയിലുമെത്തിയിരുന്നു. ഇടുക്കിയിലെ കാടുകളില്‍ വിളഞ്ഞ സുഗന്ധ ദ്രവ്യങ്ങള്‍ ബ്രിട്ടീഷ് വണിക്കുകളുടെയും കപ്പലുകളില്‍ കയറിപ്പോയത് ഈ കനാലിലൂടെ വന്നാണ്.
പമ്പയും നിളയും മാത്രമല്ല, ഗംഗയും യമുനയും കാവേരി നര്‍മദയും ഗോദാവരിയും സരസ്വതിയും സിന്ധുവും സംഗമിക്കുകയും സമ്മേളിക്കുകയും ചെയ്യുന്നത് സംസ്കാരത്തിലൂടെയാണ്. അപ്പോള്‍ പമ്പയാറ്റിന് തീരക്കാര്‍ നിളയോരത്ത് വരുന്നതുള്‍പ്പെടെ അനിവാര്യതകളാണ്. തിരിച്ചും. ഭഗവദ് ഗീതയില്‍ പറയുന്ന ഒരു സമസ്യ അതാണ് ”ആപൂര്യമാണം, അചല പ്രതിഷ്ഠം സമുദ്രം….” സമുദ്രം നിറഞ്ഞു നില്ക്കുന്നു, നിറഞ്ഞൊഴുകുന്നു സകലയിടത്തും, പക്ഷേ അചലമാണ്. അതെങ്ങനെ, സമുദ്രം ഇളകുന്നില്ലേ, ഒഴുകുന്നില്ലേ എന്ന് സംശയിക്കാം. പക്ഷേ, സമുദ്രം ഈ ഭൂ ഗോളത്തില്ത്തന്നെയാണ്, മറ്റെങ്ങോട്ടും പോകുന്നില്ലല്ലോ… പമ്പ നിളയിലേക്കും നിള പമ്പയിലേക്കും പോകുന്നു… അതൊരു വിനിമയം മാത്രമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: