തൃശ്ശൂര്‍: നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുള്ള പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍. ലൗ ജിഹാദിനും നര്‍ക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ബിഷപ്പ് പ്രതികരിച്ചു.
പാലാ ബിഷപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോര്‍ഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി ബിജെപി രംഗത്തെത്തി. സത്യം പറഞ്ഞതിന്റെ പേരില്‍ ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലായെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് വ്യക്തമാക്കി.
സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. നാര്‍ക്കോടിക് ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാമുദങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്നും മത സൗഹാര്‍ദ്ദം ഇത് ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. അതേസമയം ബിഷപ്പ് ഉന്നയിച്ചതൊരു സാമൂഹിക ആശങ്ക മാത്രമാണ്. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആര്‍വി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: