ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കാനായി സിപിഎം, എന്‍എസ്എസിന്റെ പിന്തുണ തേടിയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ജി. സുധാകരന്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുസ്ലിം സംഘടനകളെ പുകഴ്ത്തുകയും, എന്‍എസ്എസിനെ തുറന്ന് വിമര്‍ശിക്കുകയും ചെയ്യുമ്പോഴാണ് സുധകരന്റെ വെളിപ്പെടുത്തല്‍.
എനിക്ക് എന്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ മത്സരിച്ചപ്പോഴൊന്നും എന്‍എസ്എസിന്റെ പിന്തുണ തേടി ചങ്ങനാശേരിയില്‍ പോയിട്ടില്ല. എന്നാല്‍ ഇത്തവണ എച്ച്. സലാമിന് പിന്തുണ തേടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. എതിരായ പ്രവര്‍ത്തനം ഉണ്ടാകരുതെന്നായിരുന്നു അഭ്യര്‍ത്ഥന, അവര്‍ സഹകരിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ഇപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയായ ലക്ഷ്യത്തോടെയല്ല. പൊതുജനങ്ങള്‍ക്ക് എന്നെ അറിയാം. അവര്‍ ഇത്തരം ആരോപണങ്ങള്‍ ഒന്നും വിശ്വസിക്കില്ല. ഇതുവരെ മത്സരിച്ചപ്പോള്‍ ആരില്‍ നിന്നും നേരിട്ട് ഫണ്ട് വാങ്ങിയിട്ടില്ല. 2011ലും, 2016ലും തെരഞ്ഞെടുപ്പ് സെക്രട്ടറി എച്ച്. സലാമായിരുന്നു. കേരളാ യൂണിവേഴ്സിറ്റി ജീവനക്കാരും മറ്റും തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം നല്‍കുമായിരുന്നു. പൊതുമരാമത്ത് കരാറുകാര്‍ ആരും ഇത്തവണ പണം നല്‍കിയില്ല. കരാറുകാര്‍ പണം തരുന്നത് ഭയപ്പെട്ടും, ബഹുമാനിച്ചുമാണ്. മത്സരരംഗത്ത് ഇല്ലാത്തതിനാല്‍ അവര്‍ നല്‍കിയില്ല. മൂന്ന് പേര് പണം നല്കി. അതില്‍ കുറച്ചു വീതം കായംകുളം, മാവേലിക്കര മണ്ഡലത്തിലേക്ക് നല്കി. കൂടുതലും നല്‍കിയത് അമ്പലപ്പുഴയിലാണ്.
തെരഞ്ഞെടുപ്പ് കമ്മിറ്റി സാമ്പത്തിക ഞെരുക്കം ഉള്ളതായി പറഞ്ഞിട്ടില്ല. കഴിഞ്ഞ 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ഏറ്റവും നല്ല ഭൂരിപക്ഷമാണ് അമ്പലപ്പുഴയില്‍ ലഭിച്ചത്. ചില മോശം പ്രതിച്ഛായ ഉള്ളവരെ പ്രചാരണരംഗത്തിറിക്കിയതിനാല് മൂവായിരത്തോളം വോട്ടുകള്‍ കുറഞ്ഞെന്നും സുധാകരന് പറഞ്ഞു.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച സംബന്ധിച്ച് അന്വേഷിച്ച കമ്മിഷന് മുമ്പാകെ രണ്ടു തവണ സത്യവാങ്മൂലം നല്കി. കൂടാതെ നേരിട്ട് ഹാജരായി അരമണിക്കൂറോളം നേരിട്ട് മൊഴി നല്കി. പരാതിക്കാരനായ സലാമിനെതിരെ ആരെ കൊണ്ടെങ്കിലും പറയിപ്പിക്കാനോ ഒന്നും ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നിട്ടും അപ്രതീക്ഷിത ആരോപണങ്ങളാണ് ഉയര്‍ന്നത്. മന്ത്രി സജി ചെറിയാന്, ജില്ലാ സെക്രട്ടറിയായ ആര്. നാസര്‍ എന്നിവരുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിനായി ശ്രമിച്ചതെന്നും അദ്ദഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: