കൊല്ലം: മൂന്നു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ യുവതികള്‍ എക്സൈസ് പിടിയില്‍. വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗ്ഗി ഈശ്വരമ്മ (35), കുന്തര്ലാകോടയില് എല്‍സാകുമാരി (23) എന്നിവരാണ് പുനലൂരില്‍ നിന്ന് അറസ്റ്റിലായത്. ചെമ്മന്തൂര്‍ മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ അടിപ്പാത ഭാഗത്തു നിന്നാണ് ഇവരെ കഴിഞ്ഞ ദിവസം വൈകിട്ട് എക്സൈസ് സംഘം പിടികൂടിയത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്നു കോടി രൂപ വിലമതിക്കുന്ന 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊല്ലത്തിന്റെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ചു രഹസ്യമായി ഹാഷിഷ് ഓയില്‍ എത്തിച്ചു മൊത്തകച്ചവടം നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം ഒരു മാസത്തോളമായി ഓപ്പറേഷന് ഡെവിള്‍ ഹണ്ട് എന്ന പേരില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ കുടുക്കിയത്. ഹൈദരാബാദ്-മുംബൈ-ബെംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിമാഫിയയിലെ കണ്ണികളാണ് ഇവര്‍. ഒന്നാംപ്രതി പംഗ്ഗി ഈശ്വരമ്മയുടെ ഭര്‍ത്താവ് പംഗ്ഗി വെങ്കിടേശ്വരലു ഹൈദരാബാദ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്.
മറ്റൊരു ലഹരിക്കടത്തുകേസില്‍ ഉള്‍പ്പെട്ട് നിലവില്‍ ആന്ധ്രാപ്രദേശ് അടവിവാരം സെന്‍ട്രല്‍ ജയിലിലാണ്. തുടര്‍ന്ന് ലഹരി സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത പംഗ്ഗി ഈശ്വരമ്മ, ലഹരി കച്ചവടം നേരിട്ട് ഏറ്റെടുത്തു നടത്തുകയായിരുന്നു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അടിവയറ്റില്‍ കെട്ടിവച്ച്…
കൊവിഡുമായി ബന്ധപ്പെട്ട് ട്രെയിനുകളില്‍ പരിശോധനകള്‍ കൂടുതലാണ്. പിടിക്കപ്പെടാതിരിക്കന്‍ ഹാഷിഷ് ഓയില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ ശേഷം പംഗ്ഗി ഈശ്വരമ്മ തന്റെ അടിവയറില്‍ കെട്ടി വെച്ചാണ് എത്തിക്കുന്നത്. ഇറങ്ങേണ്ട സ്റ്റേഷനു തൊട്ടുമുമ്പ് ട്രെയിനിലെ ശൗചാലയത്തില്‍ കയറി ഹാഷിഷ് ഓയില്‍ ബാഗിലേക്ക് മാറ്റും. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നേരിട്ടെത്തി ആവശ്യക്കാര്‍ക്ക് കൈമാറുന്നതായിരുന്നു രീതി. കഴിഞ്ഞ ദിവസം ട്രെയിനില്‍ കായംകുളത്ത് എത്തിയ പ്രതികള്‍ ഇവിടെ നിന്ന് ബസ്സിലാണ് പുനലൂരില്‍ എത്തിയത്. പുനലൂരിലുള്ള ഒരാള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യുവതികള്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്.
സഹായികള്‍ വിദ്യാര്‍ഥിനികള്‍
ലഹരി വസ്തുക്കള്‍ കടത്തുന്നതിനായി പംഗ്ഗി ഈശ്വരമ്മ ഒപ്പം കൂട്ടിയിരുന്നത് കോളജ് വിദ്യാര്ഥിനികളെയായിരുന്നു. എക്സൈസ് സംഘം പിടികൂടിയ എല്‍സാകുമാരി ആന്ധ്രപ്രദേശിലെ ഒരു പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥികളെ ലഹരിക്ക് അടിമപ്പെടുത്തി അവരെ കാരിയര്‍മാരാക്കി മാറ്റുകയായിരുന്നു ഇവരുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: