തൃശൂര്‍: പോലീസില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ സേനയെയും കുറ്റം പറയുന്നത് നല്ല ശീലമല്ലെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് തൃശൂര്‍ സിറ്റി പോലീസ് പങ്കുവച്ച കുറിപ്പ് വൈറല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് കൈമാറിയത് അവര്‍ക്കുള്ള പുതിയ വീടിന്റെ താക്കോല്‍.
വീടിന്റെ വാടക തരുന്നില്ലെന്ന പരാതിയുമായിമായാണ് പീച്ചി സ്വദേശിയായ വീട്ടുടമസ്ഥന് പോലീസ് സ്റ്റേഷനില്‍ എത്തിയത്. പൊടിപ്പാറ സ്വദേശി ജോണിക്കെതിരെയായിരുന്നു പരാതി. അന്വേഷണാര്‍ത്ഥം സ്ഥലം സന്ദര്‍ശിക്കാനെത്തിയ പീച്ചി പോലീസ് എസ്എച്ച്ഒ എ.എ. ഷുക്കൂര്‍ കണ്ട കാഴ്ച ദയനീയമായിരുന്നു.
പാറമടയില്‍ ജോലിക്കാരനായിരുന്നു ജോണി. പ്രായാധിക്യമായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പണിക്കുപോകാന്‍ കഴിയാതെ വീട്ടില്‍ അവശനിലയില്‍ കിടക്കുന്നു. ഭാര്യ മാനസിക വൈകല്യമുള്ള കിടപ്പുരോഗിയും. ഇവരുടെ മക്കളാകട്ടെ ഭിന്നശേഷിക്കാരും. അതിനും പുറമേ മൂത്ത മകള്‍ക്ക് ക്യാന്‍സര്‍ രോഗവും. ദിവസവും ആഹാരം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ വിഷമിച്ച അവര്‍ താമസിച്ചിരുന്ന പഴയ വീട്, മഴയില്‍ നിലം പൊത്തിയതോടെയാണ് ഇവര്‍ വാടകവീട്ടിലേക്ക് താമസം മാറിയത്.
എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ വാടക നല്കാന് പോലും വകയില്ലാതെ ദുരിതത്തിലായിരുന്നു ഇവര്‍. ജോണിയുടെ ദുരിതങ്ങള്‍ നേരിട്ടു മനസിലാക്കിയ പീച്ചി എസ്ഐ എ.എ. ഷുക്കൂറും സംഘവും ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തുടര്‍ന്ന് പോലീസുദ്യോഗസ്ഥരുടെ സഹായാഭ്യര്‍ത്ഥന വൈസ് മെന്‍ ക്ലബ് അംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
കൂടാതെ പ്രദേശവാസികളായ പലരും മനസറിഞ്ഞ് സഹായിച്ചു. അങ്ങനെ അടച്ചുറപ്പുള്ള ചെറിയ ഒരു വീട് പണിതീര്‍ത്തു. പുതിയ വീടിന്റെ താക്കോല്‍ദാനം സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ ഇന്നലെ നിര്‍വ്വഹിച്ചു. തിരക്കിട്ട ജോലികള്‍ക്കിടയിലും നിര്‍ദ്ദനരായ ഒരു കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാന്‍ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും തൃശൂര്‍ സിറ്റി പോലീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: