തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പും കള്ളപ്പണ ഇടപാടും സിബിഐ അന്വേഷിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ ഭീതിയോ?. കരുവന്നൂര്‍ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.
കരുവന്നൂരില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സംസ്ഥാന സര്‍ക്കാരും പോലീസും സഹകരിക്കാനോ രേഖകള്‍ കൈമാറാനോ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ട്. മലപ്പുറം എആര്‍ ബാങ്കിലെ ക്രമക്കേട് ഇ ഡി അന്വേഷിക്കണമെന്ന മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരിഹസിച്ച് തള്ളിയിരുന്നു.
സഹകരണ ബാങ്കുകളില്‍ ഒളിക്കാന്‍ ചിലതുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കരുവന്നൂര്‍ കേസിന്റെ വ്യാപ്തി പരിഗണിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് കഴിഞ്ഞ ദിവസം ഇതേ ഹര്‍ജി കേള്‍ക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും അതിനെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പ് കേസിലും കള്ളപ്പണ ഇടപാടിലും സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും മറയ്ക്കാന്‍ ഏറെയുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നാല്‍ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. നിലവില്‍ കേരള പോലീസിലെ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും താത്പര്യപ്രകാരമാണെന്നും ഇതിനകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
300 കോടിയുടെ തട്ടിപ്പില്‍ സിപിഎം നേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്നാണ് തട്ടിപ്പിനിരയായവര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണം. ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ യഥാര്‍ത്ഥ അവകാശികള്‍ സിപിഎം നേതൃനിരയിലെ ചിലരാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികള്‍ സിപിഎമ്മിന് കോടികള്‍ നല്‍കിയിട്ടുണ്ട്. തങ്ങള്‍ വെറും ആജ്ഞാനുവര്‍ത്തികളായിരുന്നുവെന്നും ഭരണസമിതിയും പാര്‍ട്ടിയും അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും അറസ്റ്റിലായ ജീവനക്കാര്‍ മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കാര്യങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ല. വലിയ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഭരണസമിതിയിലെ 12 പേരെ പ്രതികളാക്കിയെങ്കിലും അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്യുന്നില്ല.
പത്ത് വര്‍ഷമായി ആസൂത്രിതമായി നടക്കുന്ന തട്ടിപ്പ് ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്നാണ് ആക്ഷേപമുയരുന്നത്. സിബിഐ അന്വേഷണം വന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ പലരും വെളിച്ചത്ത് വരുമെന്ന് സര്‍ക്കാരിനറിയാം. അതുകൊണ്ടാണ് എതിര്‍ക്കുന്നത്, ഹര്‍ജിക്കാരനായ എം.വി. സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: