കൊച്ചി: ബിഡിഎസ് വിദ്യാർത്ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മാനസയുടെ കാമുകനായ രാഖിലിന്റെ അടുത്ത സുഹൃത്തായ ആദിത്യന്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് പൊലീസ് കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി ആദിത്യൻ പ്രദീപിനെ (26) അറസ്റ്റ് ചെയ്തത്.
കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ ആദിത്യന്‍പ്രദീപിനെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. ആയുധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാനസയുമായുള്ള ബന്ധം തകർന്ന ശേഷം തോക്ക് വാങ്ങുന്നതിനായി രാഖിൽ ആദിത്യനൊപ്പമാണ് ബിഹാറിലേക്ക് പോയത്.
രാഖിലിന്റെ ഒപ്പം പോയതല്ലാതെ പിസ്റ്റൾ വാങ്ങിയ വിവരം അറിയില്ലായിരുന്നു എന്നാണ് ആദിത്യൻ അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിനോട് പറഞ്ഞത്. രാഖിലിന് തോക്ക് വിറ്റ കേസിൽ ബിഹാർ സ്വദേശികളായ സോനുകുമാർ മോദി, മനേഷ് കുമാർ വർമ്മ എന്നിവർ അറസ്റ്റിലായിരുന്നു. കള്ളത്തോക്ക് നിർമ്മാണകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനുവിനെ കേരളാ പോലീസ് പിടികൂടിയത്.
സോനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരന്‍ മനേഷ് കുമാറും പിടിയിലായി. നേരത്തെ രാഖിലിനു കീഴിൽ ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളിയിൽ നിന്നാണ് തോക്ക് ബിഹാറിൽ ലഭിക്കുമെന്ന വിവരം രാഖിലിന് ലഭിച്ചത്. 35000 രൂപയ്‌ക്കാണ് രാഖിൽ തോക്ക് വാങ്ങിയത്.
രാഖിലിന്റെ ബിസിനസ് പങ്കാളികൂടിയാണ് ആദിത്യൻ. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരാനെന്ന പേരിലാണ് രാഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഏഴ് തിരകൾ നിറയ്‌ക്കാവുന്ന തോക്കാണ് രാഖിൽ വാങ്ങിയത്. 7.62 എംഎം വിഭാഗത്തിൽ പെടുന്ന പിസ്റ്റലാണ് രാഖിൽ മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: