ബത്തേരി: കടുവകളുടെ കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. രാജ്യത്താകമാനം നടത്തുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായാണ് ജില്ലയിലും കണക്കെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപിക്കല്‍ ജില്ലയില്‍ പൂര്‍ത്തിയായി.
വയനാട് വന്യജീവിസങ്കേതം, നോര്‍ത്ത്, സൗത്ത് വനംഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ 310 കേന്ദ്രങ്ങളിലായി 620 ക്യാമറകളാണ് സ്ഥാപിച്ചത്. വനംവകുപ്പ് ജീവനക്കാര്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. വയനാട് വന്യജീവിസങ്കേതത്തിലെ നാല് റെയിഞ്ചുകളിലായി 402 ക്യമറകളും, നോര്‍ത്ത് വനംഡിവിഷനിലെ മൂന്ന് റെയിഞ്ചുകളിലായി 114ഉം, സൗത്ത് വനംഡിവിഷനില്‍ നാല് റെയിഞ്ചുകളിലായി 104 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഓരോ കേന്ദ്രത്തിലും രണ്ട് വീതം ക്യാമറകള്‍ എതിര്‍ദിശയില്‍ മരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇനി ഒരു മാസത്തിനുശേഷമാണ് ക്യാമറകള്‍ വീണ്ടെക്കുക. ഒരോ ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങള്‍ ശാസ്ത്രീയ വിശകലനം നടത്തിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. ഒരു ക്യാമറയില്‍ 3000 ത്തോളം ഫോട്ടോകളാണ് പതിയുക. ഒരു കടുവതന്നെ കൂടുതല്‍ തവണ പതിഞ്ഞാലും ശാസ്ത്രീയമായ വിശകലനത്തിലൂടെ ഇവയെ വേര്‍തിരിക്കാനാകും. കൂടാതെ ഇവയുടെ കാഷ്ഠം, കാല്‍പ്പാടുകള്‍ എന്നിവയും കണക്കെടുപ്പിന്റെ ഭാഗമായി പരിശോധിക്കും. അതുകൊണ്ട് തന്നെ കടുവകളുടെ കൃത്യമായ കണക്ക് ലഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള, തമിഴ്നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങളോട് ചേര്‍ന്നുകിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതവും മറ്റ് വനം ഡിവിഷനുകളും. അതുകൊണ്ടുതന്നെ ഇവിടസ്ഥാപിച്ച ക്യാമറകളില്‍ പതിയുന്ന കടുവകള്‍ ഒരു പക്ഷേ സമീപ കടുവസങ്കേതങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലും പതിയാം.അതിനാല്‍ ക്യാമറകളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോകള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്ത് കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുക. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ കടുവ സംരക്ഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.
ഇതിനുമുമ്പ് 2018ലാണ് കടുവകളുടെ കണക്കെടു്പ്പ് നടന്നത്. ഇതില്‍ 120 കടുവകള്‍ വയനാട്ടിലുണ്ടന്നാണ് കണ്ടെത്തിയത്. അതിനുമുമ്പ് 82 കടുവകളായിരുന്നു ജില്ലയിലെ കാടുകളില്‍ ഉണ്ടായിരുന്നത്. രാജ്യത്ത് കടുവകളുടെ കണക്കില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന ബന്ദിപ്പൂര്‍ കടുവസങ്കേതത്തോട് ചേര്‍ന്നുള്ള വയനാട് വന്യജീവിസങ്കേത്തില്‍ ഇത്തവണ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: