തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും നിപ വൈറസ് ഭീതി ഒഴിയുന്നതായി മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗത്തിന്റെ ഈ വിലയിരുത്തല്‍.
കൂടുതല്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണ്. എന്നിരുന്നാലും മലബാറില്‍ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയത് നേട്ടമായി. നിപ വൈറസിനെതിരെയുള്ള ആന്റി ബോഡി മരുന്ന് വിദേശത്തു നിന്നും കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ശക്തമാക്കും.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധിച്ച് പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തും. പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ഇവരെ 42 ദിവസംവരെ നിരീക്ഷണത്തില്‍ തന്നെ പാര്‍പ്പിക്കുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
പുനെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. 21 ഫലങ്ങള്‍ കൂടിയാണ് ഇനി വരാനുള്ളത്.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ നിരീക്ഷണകാലം ഇരട്ടിയാക്കും. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. സംസ്ഥാനത്തെ പരിശോധനയ്ക്കായി ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘവും എത്തും. അതേസമയം വവ്വാലില്‍ നിന്നുള്ള പ്രത്യേക സാമ്പിള്‍ പരിശോധന തുടരുമെന്നും മന്ത്രിസഭായോഗം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: