കൊല്ലം: 106 വയസുള്ള ഭാഗീരഥിയമ്മയെ, രാജ്യത്തിന്റെ നാരീശക്തിയാകാന്‍ സഹായിച്ച സാക്ഷരതാ പ്രവര്‍ത്തക എസ്.എന്‍. ഷെര്‍ളി, മുപ്പതാണ്ട് നീളുന്ന തന്റെ അനുഭവങ്ങള്‍ പുസ്തകമാക്കുന്നു. നാലിലൊന്ന് അധ്യായവും അന്തരിച്ച ഭാഗീരഥിയമ്മയുമായി ബന്ധപ്പെട്ടതാണ്. ഈ വര്‍ഷം അവസാനത്തോടെ പുസ്തകം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്.
തൃക്കരുവ പഞ്ചായത്തിലെ വന്മള ഗുരുപ്രസാദം വീട്ടില്‍ നാരായണന്റെയും ഹെഡ്മിസ്ട്രസായിരുന്ന ശാരദാമ്മയുടെയും മകളായ ഷെര്‍ളി (61) ബിരുദധാരിയാണ്. 1990ലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തില്‍ കൊല്ലം ജില്ലാ റിസോഴ്‌സ്‌പേഴ്‌സണായിരുന്ന ഭര്‍ത്താവ് കെ.ബി. വസന്തകുമാറിനൊപ്പം മാസ്റ്റര്‍ ട്രെയ്‌നറായാണ് ഷെര്‍ളി സാക്ഷരതാപ്രവര്‍ത്തനരംഗത്തെത്തുന്നത്. തൃക്കരുവാ ഗ്രാമപഞ്ചായത്തും പരിസര പ്രദേശങ്ങളുമായിരുന്നു പ്രവര്‍ത്തനമണ്ഡലം. പാതിവഴിയില്‍ പഠനം നഷ്ടപ്പെട്ടവരെയും നവസാക്ഷരരേയും കണ്ടെത്തി നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സുകളില്‍ ചേര്‍ത്തു പഠനം തുടരാനുള്ള സാഹചര്യമൊരുക്കി.
അമ്മയുടെ കൂട്ടുകാരിയും അയല്‍വാസിയുമായ ഭാഗീരഥിയമ്മയെ കൈപിടിച്ചു സാക്ഷരതാലോകത്തേക്ക് ഉയര്‍ത്തിയാണ് ഷെര്‍ളി ചരിത്രം സൃഷ്ടിച്ചത്. നാലാംതരം തുല്യതാ കോഴ്‌സ് തുടങ്ങിയപ്പോള്‍തന്നെ ഭാഗീരഥിയമ്മയെ ഈ കോഴ്‌സില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ ഷെര്‍ളി സമീപിച്ചു. എന്നാല്‍ ഇളയ മകളുടെ ഭര്‍ത്താവിന്റെ മരണവും, ചെറുമകന്റെ അപകട മരണവും ഭാഗീരഥിയമ്മയെ തളര്‍ത്തിയിരുന്നു. അതിനാല്‍ പഠനത്തിന് അപ്പോള്‍ തയ്യാറായില്ല. ശ്രമങ്ങള്‍ തുടര്‍ന്ന ഷെര്‍ളി 2019ല്‍ ഈ ആവശ്യവുമായി ഭാഗീരഥിയമ്മയെ സമീപിച്ചു.
സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ച ആലപ്പുഴയിലെ തൊണ്ണൂറ്റാറുകാരി കാര്‍ത്യായനി അമ്മയുടെ ചിത്രങ്ങളും അവരെ പ്രമുഖ വ്യക്തികള്‍ ആദരിക്കുന്നതിന്റെ വാര്‍ത്തകളും കാട്ടി പ്രോത്സാഹിപ്പിക്കുകയും, പ്രചോദിപ്പിക്കുകയുമായിരുന്നു. അങ്ങനെ നാലാംതരം തുല്യതാ കോഴ്‌സിനു ചേരാന്‍ സമ്മതിച്ചു. അന്ന് തുടങ്ങിയ പഠനം ഭാഗീരഥിയമ്മയെ നാരീശക്തി പുരസ്‌കാരം നേടുന്നതിലേക്ക് എത്തിച്ചതും ഷെര്‍ളിയുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനമാണ്. ആദര്‍ശ്, അഭിലാഷ്, ഐശ്വര്യ എന്നിവരാണ് ഷെര്‍ളിയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: