ന്യൂദല്‍ഹി: ജിസിസി രാജ്യങ്ങളില്‍നിന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ബഹ്റൈനില്‍ ക്വാറന്റീന് ഒഴിവാക്കി. ഇന്ത്യയെ റെഡ് ലിസ്റ്റില്‍നിന്ന് മാറ്റിയ സാഹചര്യത്തില്‍ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിദേശങ്ങള്‍ എയര്‍ ഇന്ത്യ എസ്ക്പ്രസ് പുറപ്പെടുവിച്ചു. ബഹ്റൈനി പൗരന്മാര്, ബഹ്റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍ (വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ തുടങ്ങിയവ) എന്നിവര്‍ക്ക് ബഹ്റൈനിലേക്ക് വരാം.
ജിസിസി രാജ്യങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വാക്സിന് സ്വീകരിച്ചവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. ഇത്തരം യാത്രക്കാര്‍ വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം.
ബഹ്റൈനില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണ്ണമായി വാക്സിന് സ്വീകരിച്ചവരായി കണക്കാക്കുന്നത്. വാക്സിന് സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന് വാക്സിന് സ്വീകരിച്ചവരുമായ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യൂആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പിഡിഎഫ് റിപ്പോര്‍ട്ടും ഒരേപോലെയായിരിക്കണം. ബഹ്റൈനില്‍ എത്തിയാല്‍ വിമാനത്താവളത്തിലും തുടര്‍ന്ന് അഞ്ച്, 10 ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണം. വാക്സിന് സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഇത് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: