ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി മുന്നോട്ട് വെയ്ക്കുന്നത് സൗജന്യ തീര്‍ത്ഥാടനമെന്ന വാഗ്ദാനം. അയോധ്യ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സുപ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കാണ് സൗജന്യമായി യാത്ര വാഗ്ദാനം ചെയ്യുന്നത്.
സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമാണ് ഈ യാത്ര വാഗ്ദാനം ചെയ്യുന്നത്. ഇതിനുള്ള പണം ബിജെപിയുടെ ദല്‍ഹി യൂണിറ്റ് വഹിക്കും. വോട്ടര്‍മാരായ സാധാരണക്കാര്‍ക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തകരും തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് അനുഗമിക്കും.
‘കോവിഡ് മൂലം തീര്ത്ഥാനടകേന്ദ്രങ്ങള് സന്ദര്‍ശിക്കാന്‍ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരെയും ഉദ്ദേശിച്ചാണ് ഈ വാഗ്ദാനം. കുടുംബത്തിന്റെ വരുമാനം കുറഞ്ഞതോടെ പലര്‍ക്കും തീര്‍ത്ഥാനടത്തിന് പോകാന്‍ മോഹമുണ്ടെങ്കിലും അതിന് കഴിയാത്ത സ്ഥിതിയാണ്. ബിജെപിയുടെ ഈ വാഗ്ദാനം സ്ത്രീകളുടെയും കാരണവന്മാരുടെയും സമ്മര്‍ദ്ദം കുറയ്ക്കും,’ – ബിജെപി ദല്‍ഹി അധ്യക്ഷന്‍ അദേഷ് ഗുപ്ത പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബസുകളില്‍ നടത്തുന്ന തീര്‍ത്ഥാനടത്തില്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
കഴിഞ്ഞ മൂന്ന് തവണ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ജയിച്ച ബിജെപി വീണ്ടും ജയമുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: