വിജയകൃഷ്ണന്‍
ഹ്രസ്വചിത്രങ്ങളിലൂടെയാണല്ലോ സിനിമയുടെ ഉല്പത്തി. ഗ്രിഫിത്തിന്റെ ‘ബര്‍ത്ത് ഓഫ് എ നാഷനി’ ലൂടെ മുഴുനീളചിത്രങ്ങള്‍ നിലവില്‍ വന്നിട്ടും നിശ്ശബ്ദസിനിമയില്‍ ഒരു വലിയ പങ്ക് ഹ്രസ്വചിത്രങ്ങള്‍ തന്നെയായിരുന്നു. എത്രയെത്ര ഹ്രസ്വചിത്രങ്ങള്‍ക്കു ശേഷമാണ് ചാര്‍ലി ചാപ്ലിന്‍ ഒരു മുഴുനീളചിത്രത്തിലേക്കെത്തുന്നത്! സിനിമ ശബ്ദത്തിലേക്ക് പരിണമിച്ചപ്പോഴും ഹ്രസ്വചിത്രങ്ങള്‍ക്ക് അവയുടേതായ സ്ഥാനം ഉണ്ടായിരുന്നു. പല ചലച്ചിത്രകാരന്മാരും ഫീച്ചര്‍ ഫിലിമിനുള്ള പരിശീലനക്കളരിയായി ഹ്രസ്വചിത്രങ്ങളെ കണ്ടു. എന്നാല്‍, അതിനെ ആത്മാവിഷ്‌കാരമായി കണ്ടവരും കുറവല്ല. ഫിലിമിനെ കൈവിട്ട് സിനിമ ഡിജിറ്റലിലേക്ക് പരിണമിച്ചതോടെ ഹ്രസ്വചിത്രങ്ങളുടെ വസന്തമായി.
കൊല്ലം തോറും ഓരോ ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്ന സത്യജിത് റായ് ഇതിനിടെ ചില ഹ്രസ്വചിത്രങ്ങള്‍ സൃഷ്ടിക്കാനും സമയം കണ്ടെത്തിയിരുന്നു. ഫീച്ചര്‍ സിനിമാരംഗത്തെ അദ്ദേഹത്തിന്റെ ഖ്യാതിക്ക് മാറ്റ് കൂട്ടുന്നവയായിരുന്നു ആ ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ ഫീച്ചര്‍ ചിത്രങ്ങള്‍ പോലെതന്നെ ആസ്വദിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവയാണ് അവ. തികഞ്ഞ ഗൗരവബോധത്തോടെയും കലാപരമായ കാഴ്ചപ്പാടോടെയും റായ് രൂപം കൊടുത്ത ചിത്രങ്ങളാണവ. മികച്ച ഹ്രസ്വചിത്രനിര്‍മ്മിതിക്ക് മാതൃകയാക്കാവുന്നവയത്രെ ഈ ചിത്രങ്ങള്‍.
രസകരമായ വസ്തുത റായിയുടെ അഞ്ചു ഹ്രസ്വചിത്രങ്ങള്‍ രണ്ട് ഫീച്ചര്‍ ചിത്രങ്ങളായിട്ടാണ് പുറത്തുവന്നിട്ടുള്ളതെന്നതത്രേ. ഇന്നിപ്പോള്‍ ഒന്നിലേറെ കഥകള്‍ ഒരു ഫീച്ചര്‍ ചിത്രമായി വരിക ഒരു പുതുമയല്ല. പക്ഷേ, 1961 ല്‍ അതൊരു അപൂര്‍വത തന്നെയായിരുന്നു. ആ വര്‍ഷത്തിനൊരു പ്രത്യേകതയുണ്ട്. ബംഗാളിന്റെ പുത്രനായ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദിയായിരുന്നു അക്കൊല്ലം. ടാഗോറിനെക്കുറിച്ച് അന്‍പത്തിനാല് മിനിട്ടുള്ള ഒരു ഡോക്യുമെന്ററി ചിത്രം സര്‍ക്കാറിന്റെ ഫിലിംസ് ഡിവിഷന് വേണ്ടി അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. എന്നാല്‍, ടാഗോര്‍ സ്മരണയോടു നീതി പുലര്‍ത്താന്‍ അതുമാത്രം പോരെന്ന് റായിക്കു തോന്നി. അങ്ങനെയാണ് ടാഗോറിന്റെ പ്രശസ്തമായ മൂന്നു കഥകള്‍ക്ക് റായ് ചലച്ചിത്രരൂപം നല്കിയത്. മൂന്നു കഥകളെ ഒരൊറ്റ ഫീച്ചര്‍ ചിത്രത്തിന്റെ ഘടനയ്‌ക്കുള്ളില്‍ ഒതുക്കുകയാണ് അദ്ദേഹം ചെയ്തത്.
ആന്തോളജി ചിത്രങ്ങള്‍ക്ക് വ്യത്യസ്തമായ സമീപനരീതികള്‍ കാണാം. ലോകത്തിലെ ആദ്യത്തെ ആന്തോളജി ചിത്രമായ ഗ്രിഫിത്തിന്റെ ‘ഇന്‍ടോളറന്‍സി’ല്‍ ആ ശീര്‍ഷകം തന്നെയാണ് പ്രമേയമായി വരുന്നത്. അസഹിഷ്ണുതയെക്കുറിച്ചാണ് ആ ചിത്രം പറയുന്നത്. അസഹിഷ്ണുത എപ്രകാരം മാനവരാശിയുടെ പുരോഗമനത്തെയും ആനന്ദത്തെയും തുരങ്കം വയ്‌ക്കുന്നു എന്ന് ഈ ചിത്രം പ്രതിപാദിക്കുന്നു. ഒരേ എഴുത്തുകാരന്റെ കഥകള്‍, ഒരേ ആശയത്തിന്റെ ഭിന്നപ്രകാശ്‌നങ്ങള്‍, ഒരേ സംവിധായകന്‍ ചെയ്യുന്ന ചിത്രങ്ങള്‍, വ്യത്യസ്ത സംവിധായകരുടെ രചനകള്‍ ഇങ്ങനെ ആന്തോളജികള്‍ പ്രതിചിത്രഭിന്നമാണെന്നു പറയാം. ഒരെഴുത്തുകാരന്റെ മൂന്നു കഥകള്‍ എന്നതാണ് ‘തീന്‍ കന്യ’യുടെ സ്വഭാവം. എന്നാല്‍, മൂന്നു കന്യകമാരുടെ കഥ കൂടിയാണത്.
‘തീന്‍ കന്യ’ യില്‍ മൂന്നു കഥകളാണുള്ളതെങ്കിലും ചിത്രത്തിന്റെ അന്തര്‍ദേശീയപതിപ്പില്‍ രണ്ടു കഥകളേയുള്ളൂ. പേര് ‘ടു ഡോട്ടേഴ്‌സ്’ എന്ന് മാറ്റിയിട്ടുമുണ്ട്. ‘മോണിഹാര’ എന്ന കഥയാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. വിദേശീയര്‍ക്ക് ചിത്രത്തിന്റെ ദൈര്‍ഘ്യം പ്രശ്‌നമാകുമെന്നതുകൊണ്ടാണ് ഈ മാറ്റം വരുത്തിയത്. ‘തീന്‍ കന്യ’ യിലെ ആദ്യകഥ ‘പോസ്റ്റ് മാസ്റ്റര്‍’ ആണ്. വിഖ്യാതമായ ഒരു ടാഗോര്‍ കഥയാണിത്. ഇതിലെ നായികയായ രത്തന്‍ കൗമാരത്തിലേക്ക് കടക്കുന്ന ഒരു പെണ്‍കുട്ടിയാണ്. പോസ്റ്റ് മാസ്റ്ററായ നന്ദലാല്‍ അവളോട് കാട്ടുന്ന സ്‌നേഹവും വാത്സല്യവും ആത്മാവില്‍ സ്വീകരിക്കുന്ന ഈ പെണ്‍കുട്ടി അയാള്‍ സ്ഥലം മാറി പോകുമ്പോള്‍ അതീവദുഃഖിതയാവുന്നു. എന്നാല്‍, അയാളാവട്ടെ, ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട് താനേറെ കൊതിക്കുന്ന നഗരത്തിലേക്ക് പോകുന്നതിന്റെ ആഹ്ലാദത്തിലാണ്. പോകാന്‍നേരം അയാള്‍ കുറച്ചു പണം രത്തന് നല്കുന്നുണ്ട്. എന്നാല്‍ അവളത് സ്വീകരിക്കുന്നില്ല. അയാള്‍ക്ക് അവളുടെ സേവനം കേവലം ജോലി മാത്രമാണെങ്കില്‍ അവള്‍ക്കത് ജോലിയായിരുന്നില്ല, ആത്മസമര്‍പ്പണമായിരുന്നു. അതിന് കൂലി കൈപ്പറ്റാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല.
രണ്ടാമത്തെ കഥയായ ‘മോണിഹാര’യെ ഒരു പ്രേതകഥ എന്ന് വിശേഷിപ്പിക്കാം. തികച്ചും വ്യത്യസ്ത സ്വഭാവമുള്ള ഒരു ഭാര്യയെയാണ് ഇതിലെ നായികയായി നാം കാണുന്നത്. അവള്‍ ആഭരണ ഭ്രാന്ത് പിടിച്ചവളാണ്. ബിസിനസ്സുകാരനായ ഭര്‍ത്താവിനോട് നിരന്തരമായി സ്വര്‍ണ്ണാഭരണങ്ങള്‍ ആവശ്യപ്പെടുന്നവളാണ്. ഭ്രാന്ത് മൂക്കുമ്പോള്‍ ഒരു സംശയം അവളെ പിടി കൂടുന്നു. ഭര്‍ത്താവ് ആഭരണങ്ങള്‍ മടക്കിവാങ്ങിയാലോ എന്ന ശങ്ക. ബിസിനസ് പൊളിഞ്ഞു അയാള്‍ മറ്റൊരിടത്തേക്ക് ഭാഗ്യാന്വേഷണത്തിനായി പോകുമ്പോള്‍ അവള്‍ ഒരു ബന്ധുവിനെ വിളിച്ചുവരുത്തുന്നു. അയാളോടൊപ്പം മുഴുവന്‍ ആഭരണങ്ങളും കെട്ടിയെടുത്ത് അവള്‍ തന്റെ വീട്ടിലേക്ക് യാത്രയാവുന്നു. അവള്‍ക്ക് വാങ്ങിയ പുത്തന്‍ ആഭരണവുമായി ഭര്‍ത്താവ് മടങ്ങിയെത്തുന്നു. അവള്‍ വീട്ടിലില്ലെന്ന് അയാള്‍ മനസ്സിലാക്കുന്നു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും അയാള്‍ മനസിലാക്കുന്നു. ഒരു കറുത്ത രൂപം അയാളുടെ അടുത്തുവരികയും താനയാളുടെ ഭാര്യയാണെന്ന് അവകാശപ്പെടുകയും അയാളുടെ കൈയിലിരുന്ന ആഭരണം തട്ടിപ്പറിക്കുകയും ചെയ്യുന്നു. തകര്‍ന്ന ഒരു മാളികയുടെ സമീപത്തു വച്ച് ഒരധ്യാപകന്‍ മുഖം മറച്ച ഒരാളോട് പറയുന്ന രൂപത്തിലാണ് ഇക്കഥ അവതരിപ്പിക്കപ്പെടുന്നത്. കഥ അവസാനിക്കുമ്പോള്‍ മുഖം മറച്ച ആള്‍ താനാണ് ഈ കഥയിലെ ഭര്‍ത്താവെന്നും ഈ പറഞ്ഞ കഥയില്‍ പല പിഴവുകളുണ്ടെന്നും പറഞ്ഞു അപ്രത്യക്ഷനാവുന്നു. ആദ്യകഥയിലെ നായിക സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്നവളാണെങ്കില്‍ രണ്ടാമത്തെ കഥയിലെ യുവതി ദാഹിക്കുന്നത് സ്വര്‍ണ്ണത്തിനുവേണ്ടിയാണ്.
മൂന്നാമത്തെ യുവതിയുടെ അവസ്ഥ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് (സമാപ്തി). അവള്‍ മാനസികവളര്‍ച്ച എത്താത്തവളാണ്. നഗരത്തില്‍ നിന്നെത്തുന്ന അമൂല്യയ്‌ക്ക് ആദ്യം അവളോട് തോന്നുന്നത് ഒരോമനക്കൗതുകമാണ്. ആ കൗതുകം പ്രണയമായി വളരുകയാണ്. തന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തില്‍ മൃണ്‍മയിയെ വിവാഹം കഴിക്കാന്‍ അയാള്‍ തീരുമാനിക്കുകയാണ്. ആദ്യരാത്രിയില്‍ത്തന്നെ മുറി വിട്ട് ഒരു മരത്തില്‍ക്കയറി ചാടി പുറത്തേക്ക് പോകുകയാണവള്‍. ഈ സംഭവം ഉളവാക്കിയ മാനഹാനി കാരണം അവളെ വീട്ടിലാക്കി അയാള്‍ അവിടം വിട്ട് പോകുന്നു. തനിക്ക് അസുഖമാണെന്ന് വ്യാജമായി അറിയിച്ച് അമ്മ അയാളെ വിളിച്ചുവരുത്തുന്നു. പിന്നീടയാള്‍ മൃണ്‍മയിയെ തിരക്കി പോകുന്നുണ്ട്. എങ്ങും അവളെ കണ്ടെത്താനാവാതെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കുറ്റബോധത്തോടെ മുറിയില്‍ കാത്തിരിക്കുന്ന മൃണ്‍മയിയെയാണ് അമൂല്യ കാണുന്നത്. തന്നോടുള്ള സ്‌നേഹം അവളിലുളവാക്കുന്ന മാറ്റത്തെപ്പറ്റി അയാള്‍ മനസിലാക്കുന്നു. ലക്ഷണമൊത്ത ഹ്രസ്വചിത്രങ്ങളായിട്ടാണ് സത്യജിത് റായ് ഇക്കഥകള്‍ക്ക് രൂപം നല്കിയിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ അതിരുകളെ അല്പമെങ്കിലും അതിലംഘിക്കാന്‍ തുനിയുന്നത് ‘സമാപ്തി’യാണ്. ഫീച്ചര്‍ചിത്രത്തിന്റെ ഘടനയോട് അല്പമാത്രമെങ്കിലും ചേരാനുള്ള വ്യഗ്രത അത് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
റായിയുടെ അടുത്ത രണ്ടു ഹ്രസ്വചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ‘കാ പുരുഷ് ഓ മഹാപുരുഷ്’എന്ന ഫീച്ചര്‍ ചിത്രത്തിന്റെ ഭാഗങ്ങളായാണ്. യഥാതഥത്വത്തിനപ്പുറം ഫാന്റസിയും കുറ്റാന്വേഷണവും ഹാസ്യവും കൈകാര്യം ചെയ്യുന്ന രണ്ടെഴുത്തുകാരുടെ കഥകളെ അവലംബിച്ചാണ് റായ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുരുഷന്റെ ഭീരുത്വവും കാപട്യവുമാണ് ഈ ചിത്രങ്ങളിലൂടെ അദ്ദേഹം വരച്ചു കാട്ടുന്നത്. ആദ്യചിത്രമായ ‘കാ പുരുഷ്’ അവലംബമാക്കിയിരിക്കുന്നത് പ്രേമേന്ദ്രമിത്രയുടെ ഒരു കഥയെയാണ്. കാ പുരുഷ് എന്ന വാക്കിനര്‍ത്ഥം ഭീരു എന്നാണ്. തന്നോടൊപ്പം ഇറങ്ങിവരാന്‍ തയാറായിരുന്ന കാമുകിയെ സ്വീകരിക്കാന്‍ ചങ്കൂറ്റമില്ലാതെപോയ കാമുകനാണ് അമിതാഭ. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരപ്രതീക്ഷിതസാഹചര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് അയാള്‍ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നു. ഇപ്പോഴയാള്‍ സമൂഹത്തില്‍ അംഗീകാരം നേടിയ ആളാണ്. ആ ധൈര്യത്തില്‍ അയാള്‍ അവളോട് ഭര്‍ത്താവിനെ വിട്ട് തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിക്കുന്നു. അവള്‍ അയാളെ നിരസിക്കുകയാണ്. ‘കാ പുരുഷി ‘നെ ഹ്രസ്വചിത്രം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ എന്നു സംശയമാണ്. കാരണം, ഇതിന് എഴുപത്തിനാല് മിനിട്ട് ദൈര്‍ഘ്യമുണ്ട്. ഫീച്ചര്‍ ഫിലിമിന്റെ ദൈര്‍ഘ്യമാണത്. ഈ സിനിമയിലെ രണ്ടാമത്തെ കഥയായ ‘മഹാപുരുഷി’നും ദൈര്‍ഘ്യം കുറവല്ല. അറുപത്തിയഞ്ച് മിനിട്ടുണ്ടതിനും. അതുകൊണ്ടു തന്നെ ഈ രണ്ടു ചിത്രങ്ങളെയും ലക്ഷണമൊത്ത ഹ്രസ്വചിത്രങ്ങളെന്നു പറയാന്‍ കഴിയില്ല. എന്നാല്‍, റായ് ചിത്രപംക്തിയിലെ വിലയെഴുന്ന ഉപലബ്ധികള്‍ തന്നെയാണ് ഇവ രണ്ടും.
അവശേഷിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളും ഒറ്റയ്‌ക്ക് നില്ക്കുന്നവയാണ്. അവയിലൊരെണ്ണം ഹ്രസ്വചിത്രങ്ങളുടെ ദൈര്‍ഘ്യസങ്കല്പത്തെ അതിക്രമിക്കുന്നുണ്ട്. ചെറുകഥയ്‌ക്കും നോവലിനുമിടയില്‍ നോവലെറ്റ് അഥവാ ലഘുനോവല്‍ എന്ന ഒരു വിഭാഗമുള്ളതുപോലെ ഹ്രസ്വചിത്രത്തിനും ഫീച്ചര്‍ ചിത്രത്തിനുമിടയില്‍ ഫീച്ചറെറ്റ് അഥവാ ലഘുഫീച്ചര്‍ എന്നൊരു വിഭാഗമുണ്ട്. അതില്‍പ്പെടുന്ന .നിര്‍മ്മിതിയാണ് ‘സദ്ഗതി’. 52 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രേംചന്ദിന്റെ ഒരു കഥയെ അവലംബിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. റായ് സിനിമകളില്‍ പതിവില്ലാത്ത വിധത്തിലുള്ള ജാതീയമായ തീക്ഷ്ണയാഥാര്‍ഥ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ ധാരാളം ബ്രാഹ്മണകഥാപാത്രങ്ങളുണ്ടെങ്കിലും അവരാരും ദുഷ്ടരോ ചൂഷകരോ അല്ല. ഒട്ടുമിക്കവരും ദരിദ്രരുമാണ്. ഇതര ജാതിക്കാരെപ്പോലെ അധ:സ്ഥിതരാണവര്‍. എന്നാല്‍, ‘സദ്ഗതി’യിലെ ബ്രാഹ്മണന്‍ ചൂഷകനായ ഒരു ഭൂവുടമയാണ്. കഥാകൃത്തായ പ്രേംചന്ദിന്റെ കാഴ്ചപ്പാട് റായ് സ്വീകരിച്ചിരിക്കുകയാണ്. ദൂരദര്‍ശനുവേണ്ടി ചെയ്ത ഈ ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തലം ബംഗാളല്ല എന്നതും ശ്രദ്ധേയമാണ്. തന്റെ വീട്ടില്‍ ഒരു പൂജ നടത്തിക്കാനായി ബ്രാഹ്മണന്റെയടുത്തെത്തുന്ന ദുഖി എന്ന ദളിതനെ തന്റെ സേവനത്തിനുപകരമായി ഭക്ഷണം പോലും നല്കാതെ അടിമവേല ചെയ്യിക്കയാണയാള്‍. ഒടുവില്‍ അയാള്‍ മരിച്ചുവീഴുമ്പോള്‍ മൃതദേഹം മാറ്റുക എന്നത് ബ്രാഹ്മണന് വലിയൊരു അഗ്‌നിപരീക്ഷയായി മാറുന്നു.
ലക്ഷണമൊത്ത ഒരു ഹ്രസ്വചിത്രമാണ് ‘ടു’. ഒരു അമേരിക്കന്‍ ടെലിവിഷന്‍ കമ്പനിക്കുവേണ്ടിയാണ് റായ് ഈ ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇംഗ്ലീഷില്‍ നിര്‍മ്മിക്കണമെന്നായിരുന്നു നിര്‍ദേശം. സംഭാഷണമില്ലാത്ത ചിത്രമായിട്ടാണ് റായ് അത് ആവിഷ്‌കരിച്ചത്. നിശ്ശബ്ദ സിനിമാ ക്ലാസ്സിക്കുകളുടെ സ്വഭാവം പുലര്‍ത്തുന്നുണ്ട് ഈ ചിത്രം. ‘ഫിലിം ഫേബിള്‍’ എന്നാണ് റായ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള ഈ ചിത്രത്തില്‍ രണ്ടു കുട്ടികള്‍ മാത്രമാണ് കഥാപാത്രങ്ങള്‍. മണിമാളികയില്‍ താമസിക്കുന്ന ഒരുവനും ചേരിയില്‍ താമസിക്കുന്ന അപരനും. ഉയര്‍ന്ന നിലയിലെ ജാലകത്തിലൂടെ ചേരിനിവാസിയായ കുട്ടിയെ കാണുന്ന ധനികന്‍ അവനുമായി ഒരു കളിയാരംഭിക്കുന്നു. അത് ഒരു ആയുധപ്പന്തയമായി മാറുന്നു. ഒടുവില്‍ ചേരിയിലെ കുട്ടി ഉയര്‍ത്തിയ പട്ടത്തെ എയര്‍ ഗണ്ണുപയോഗിച്ച് വെടിവച്ചിടുകയാണ് ധനികബാലന്‍. അനേകം അര്‍ത്ഥതലങ്ങളുള്ള ഒരു ചിത്രമാണ് ‘ടു.’
ആറുവയസ്സുകാരനായ ഒരു കുട്ടി കേന്ദ്രകഥാപാത്രമായി വരുന്നുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള ചിത്രമാണ് ‘പിക്കു’. തന്റെ അച്ഛന്‍ അമ്മയെ സംശയിക്കുന്നതും അമ്മ ഒരു സുഹൃത്തിനോട് അമിതമായി അടുക്കുന്നതും പിക്കുവിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് സത്യജിത് റായ്. ഒരു ഫ്രഞ്ച് ടെലിവിഷന്‍ കമ്പനിക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ഇരുപത്തിയഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാണിത്. ‘ടു’വില്‍ കുട്ടികളുടെ ലോകം അവതരിപ്പിക്കുന്നതിലൂടെ മുതിര്‍ന്നവരുടെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പ്രതീകാത്മകമായി ധ്വനിപ്പിക്കുകയാണ് റായ് ചെയ്യുന്നതെങ്കില്‍, മുതിര്‍ന്നവരുടെ ലോകത്തെ ഒരു കുട്ടി മനസ്സിലാക്കുന്നതെങ്ങനെയെന്ന് സൂക്ഷ്മമായി ചിത്രീകരിക്കുകയാണ് ‘പിക്കു’വില്‍.
ഫീച്ചര്‍ ചിത്രങ്ങളില്‍പ്പെടാത്ത റായിയുടെ നിര്‍മ്മിതികളില്‍ ഹ്രസ്വചിത്രങ്ങള്‍ക്കൊപ്പം അഞ്ച് ഡോക്യൂമെന്ററികളുമുണ്ട്. ഓരോന്നും ഓരോ തരത്തില്‍ പ്രസക്തിയാര്‍ജ്ജിച്ചവയത്രേ. അഞ്ചില്‍ ഒന്നൊഴികെ മറ്റെല്ലാം തനിക്ക് ആദരവും ആരാധനയുമുള്ള വ്യക്തികളെക്കുറിച്ചുള്ളവയാണ്. ആ ഒന്ന് സിക്കിമിനെക്കുറിച്ചുള്ളതാണ്. വളരെ വിചിത്രമായ ഒരു വിധിയായിരുന്നു ഈ ചിത്രത്തിന്റേത്. 1971 ല്‍ സിക്കിം രാജാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് റായ് ഇത് നിര്‍മ്മിച്ചത്. 1975 ല്‍ സിക്കിം ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറി. അതോടെ ഈ ഡോക്യുമെന്ററി നിരോധിക്കപ്പെട്ടു. പ്രിന്റുകള്‍ കണ്ടുകെട്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട് 2010 ല്‍ മാത്രമാണ് നിരോധനം നീക്കിയത്. 2010ലെ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദര്ശിപ്പിക്കപ്പെട്ടത്. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്ക് സിക്കിം കോടതിയുടെ നോട്ടീസ് ലഭിച്ചു. അങ്ങനെ ഫലത്തില്‍ ചിത്രം വീണ്ടും നിരോധിക്കപ്പെടുകയായിരുന്നു.
ശ്രേഷ്ഠ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള റായ് ഡോക്യൂമെന്ററികളില്‍ ആദ്യത്തേത് രവീന്ദ്രനാഥടാഗോറിനെക്കുറിച്ചുള്ളതായിരുന്നു. ടാഗോര്‍ ജന്മശതാബ്ദി പ്രമാണിച്ച് ഫിലിംസ് ഡിവിഷനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. റായ് ഡോക്യൂമെന്ററികളിലെ ഒരു ആകര്‍ഷകഘടകം റായിയുടെ തന്നെ ശബ്ദത്തിലുള്ള നറേഷനാണ്. ടാഗോറിന്റെ ഭിന്നവ്യക്തിത്വങ്ങളിലേക്ക് പ്രകാശം തെളിക്കുന്ന ‘രബീന്ദ്രനാഥ ടാഗോര്‍’ എന്ന ഡോക്യുമെന്ററി ടാഗോറിനെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം റായിയുടെ രചനാവൈശിഷ്ട്യം ആസ്വദിക്കാനും അവസരമൊരുക്കുന്നു. എങ്കിലും റായിയുടെ ഏറ്റവും മികച്ച ഡോക്യുമെന്ററിയായി വിശേഷിപ്പിക്കാവുന്നത് ‘ഇന്നര്‍ ഐ’ യെയാണ്.അന്ധനായ ചിത്രകാരന്‍ ബിനോദ് ബിഹാരി മുഖര്‍ജിയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണിത്. ശാന്തിനികേതനില്‍ വച്ചുതന്നെ റായിയെ വളരെയേറെ പ്രചോദിപ്പിച്ചിട്ടുള്ള ചിത്രകാരനാണ് അദ്ദേഹം. ജനിക്കുമ്പോള്‍ത്തന്നെ കാഴ്ചയ്‌ക്ക് പ്രശ്‌നമുള്ള ആളായിരുന്നു ബിനോദ് ബിഹാരി. അന്‍പത്തിനാലാമത്തെ വയസ്സില്‍ ഒരു ശസ്ത്രക്രിയയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടമായി. എന്നാല്‍ ഈ വിപര്യയം പോലും മുഖര്‍ജിയുടെ കലാജീവിതത്തിന് തടസ്സമായില്ല. അദ്ദേഹം പൂര്‍വാധികം ഊര്‍ജസ്വലതയോടെ തന്റെ കലാസപര്യ തുടരുകയായിരുന്നു. മുഖര്‍ജിയുടെ ഷോട്ടുകള്‍ കഴിഞ്ഞാല്‍ പിന്നെ ഇതില്‍ ഉപയോഗിച്ചിട്ടുള്ളതു മുഴുവന്‍ അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളാണ്.
പ്രശസ്തയായ ഭരതനാട്യ നര്‍ത്തകി ബാലസരസ്വതിയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ‘ബാല’. തന്റെ പതിനാലാമത്തെ വയസ്സിലാണ് റായ് ആദ്യമായി അവരുടെ നൃത്തം കാണുന്നത്. അന്ന് ബാലസരസ്വതിക്ക് പ്രായം പതിനേഴ്. അന്നുതന്നെ അദ്ദേഹം അവരുടെ ആകര്‍ഷണവലയത്തില്‍പ്പെട്ടു. 1966 ല്‍ ബാലസരസ്വതിയുടെ നാല്പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹം അവരെപ്പറ്റി ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ ഒരുങ്ങിയത്. അന്നത് നടന്നില്ല. പിന്നീട് പത്തുകൊല്ലം കഴിഞ്ഞാണ് ആ പരിപാടി സാക്ഷാല്ക്കരിക്കപ്പെട്ടത്. ബാലസരസ്വതി അരങ്ങില്‍ കത്തിനില്ക്കുമ്പോള്‍ തനിക്കത് ചിത്രീകരിക്കാന്‍ കഴിയാതെ പോയതില്‍ അദ്ദേഹത്തിന് ഇച്ഛാഭംഗമുണ്ടായി. എന്നാല്‍, ഒരിക്കലും ചിത്രീകരിക്കപ്പെടാതിരിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ അമ്പത്തിയെട്ടാം വയസ്സിലെങ്കിലും ചിത്രീകരിക്കപ്പെടുന്നത് എന്നദ്ദേഹം സമാധാനിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സും തമിഴ്‌നാട് സര്‍ക്കാരും ചേര്‍ന്നാണ് ‘ബാല’ നിര്‍മ്മിച്ചത്.
സത്യജിത് റായിയുടെ പിതാവായ സുകുമാര്‍ റായിയുടെ ജന്മശതാബ്ദി പ്രമാണിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ഡോക്യൂമെന്ററിയാണ് ‘സുകുമാര്‍ റായ്’. സത്യജിത് റായിയുടെ അവസാന ഡോക്യൂമെന്ററിയാണിത്. ബംഗാളിലെ പ്രശസ്തനായ ഹാസ്യകവിയും ചിത്രകാരനുമായിരുന്നു സുകുമാര്‍ റായ്. ചെറുപ്പത്തിലേ മരിച്ചുപോയ അദ്ദേഹത്തിന്റെ ഫോട്ടോകളും അദ്ദേഹം വരച്ച ചിത്രങ്ങളും ഉപയോഗിച്ചാണ് റായ് ചിത്രമൊരുക്കിയിരിക്കുന്നത്. മറ്റെല്ലാ റായ് ഡോക്യൂമെന്ററികളിലും അദ്ദേഹത്തിന്റെ ഘനഗംഭീരമായ സ്വരത്തിലാണ് കമന്ററികള്‍ അവതരിപ്പിക്കപ്പെടുന്നതെങ്കില്‍ ഇതില്‍ മാത്രം സൗമിത്രാ ചാറ്റര്‍ജിയുടെ ശബ്ദമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.
സത്യജിത് റായിയുടെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള സമഗ്രദര്‍ശനത്തിന് ഈ ചെറുചിത്രങ്ങളെ ഒഴിവാക്കാനാവില്ല. അവ അവയുടേതായ ദൗത്യം നിര്‍വഹിക്കുന്നതോടൊപ്പം റായ് സിനിമയിലെ വിട്ടുപോയ കണ്ണികളെ വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: