തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സംസ്ഥാന സര്‍ക്കാരും പോലീസും സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍. ബാങ്കില്‍ വ്യാജ വായ്പകളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരായ ആറ് പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ക്രൈം ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ആദ്യഘട്ടത്തില്‍ പ്രതികളാക്കിയ ആറ് പേരെത്തന്നെയാണ് ഇ ഡിയും കേസില്‍ പ്രതികളാക്കിയത്.
കള്ളപ്പണ നിരോധന നിയമ പ്രകാരം കഴിഞ്ഞ ആഗസ്ത് ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ ചോദ്യം ചെയ്യാനോ തെളിവ് ശേഖരിക്കാനോ ഇ ഡിക്കായിട്ടില്ല. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തടസം സൃഷ്ടിക്കുന്നതായാണ് ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പ്രതികള്‍ ഒളിവിലായിരുന്ന സമയത്ത് തന്നെ ഹാജരാകണമെന്ന് കാണിച്ച് വീടുകളില്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ എത്തിയില്ല. പിന്നീട് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയെങ്കിലും പ്രതികളെ കാണാനോ മൊഴിയെടുക്കാനോ ഇ ഡി ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് അനുവദിച്ചില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ സമയത്തും ഇ ഡി ചോദ്യം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് തന്ത്രപൂര്‍വ്വം അതൊഴിവാക്കി.
പോലീസ് സുരക്ഷയില്ലാതെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനോ തെളിവെടുപ്പിനോ ഇ ഡിക്ക് കഴിയില്ല. കോടതിയില്‍ അപേക്ഷ നല്കി പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യുക മാത്രമാണ് ഇനി ഇ ഡിക്ക് മുന്നിലുള്ള വഴി. പക്ഷേ അപ്പോഴും തെളിവെടുപ്പിന് സാധിക്കില്ല. ചുരുങ്ങിയത് 200 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് വിവരം. ജീവനക്കാര്‍ മാത്രമാകില്ല ഇതില്‍ പ്രതികള്‍. പിന്നിലുള്ള വമ്പന്മാരെ കണ്ടെത്തണമെങ്കില്‍ ഈ പ്രതികളില്‍ നിന്ന് വിവരങ്ങളും തെളിവുകളും ശേഖരിക്കണം.
ബാങ്കിലെ രേഖകള്‍ പരിശോധിക്കണം. രേഖകളും തെളിവുകളും ക്രൈംബ്രാഞ്ചിന്റെ കൈയിലാണ.് പലവട്ടം ഇതാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും മറുപടി പോലും ലഭിച്ചിട്ടില്ല. തട്ടിപ്പ് പുറത്തുവന്നയുടനെ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി കുറെയേറെ രേഖകള്‍ കടത്തിയിട്ടുമുണ്ട്. സഹകരണ വകുപ്പിലെ പതിനാറ് ഉദ്യോഗസ്ഥര്‍ പിന്നീട് സസ്പെന്‍ഷനിലാവുകയും ചെയ്തു.
ഈ രേഖകള്‍ കണ്ടെടുക്കണമെങ്കിലും പോലീസിന്റെ സഹായം വേണം. നിലവില്‍ ഇ ഡിയുടെ അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത സമീപനമാണ് പോലീസിന്റേത്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ നല്കിയ ഹര്‍ജിയെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. ഇത്രയും വലിയ തട്ടിപ്പ് സിബിഐയോ ഇ ഡിയോ അന്വേഷിക്കേണ്ടതല്ലേയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും നിഷേധാത്മകമായ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. സിപിഎം നേതാക്കളാണ് ആരോപണ വിധേയരായിരിക്കുന്നത് എന്നതിനാല്‍ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപമാണുയരുന്നത്. സര്‍ക്കാര്‍ താത്പര്യപ്രകാരമാണ് പോലീസും ഇ ഡിയോട് നിസ്സഹകരണം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: