കൊച്ചി: കപ്പല്‍ശാലയില്‍ നിന്ന് അഫ്ഗാന് പൗരനെ പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുന്നു. ഇയാള്‍ പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല, മാത്രമല്ല പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ വലയ്ക്കാന്‍ തുടങ്ങിയതോടെയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. അഫ്ഗാന് പൗരന് ഈദ്ഗുല്‍ (അബ്ബാസ് ഖാന് 22)നെയാണ് കൊച്ചി കപ്പല്‍ശാലയില്‍ നിന്നു പിടികൂടിയത്.
ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ നിന്ന് ഇയാളെ പിടികൂടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചത്. പോലീസ് അന്വേഷണം നടത്തുമ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോയും (ഐബി), എന്‍ഐഎയും സമാന്തരമായി അന്വേഷിച്ചിരുന്നു.
ഇയാളുടെ ബന്ധുക്കളെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ അമ്മയുടെ സഹോദരന്മാരായ മൂന്നു പേരാണ് അറസ്റ്റിലായിട്ടുള്ളത്. അഫ്ഗാന് പൗരനാണെന്നത് മറച്ചുവച്ച് ജോലി തരപ്പെടുത്തി നല്‍കിയതിനാണ് അറസ്റ്റ്. ഇവര്‍ ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി തയ്യാറാക്കി നല്‍കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് പിതാവിന്റെ ബന്ധുവിനൊപ്പം ചികിത്സാവിസയിലാണ് ഈദ്ഗുല്‍ ഇന്ത്യയിലെത്തിയത്. അമ്മയുടെ ബന്ധുക്കളില്‍ പലരും കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇയാള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്ന വിവരം ബന്ധുക്കളില്‍ ഒരാള്‍ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുന്നതും പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും. എന്നാല്‍, ഇക്കാര്യം അധികൃതര്‍ അറിഞ്ഞയുടന്‍ പ്രതി മുങ്ങിയത് സംശയമുയര്‍ത്തിയതോടെയാണ് പോലീസ് കൊല്‍ക്കത്തയില്‍ നിന്ന് ഇയാളെ അറസ്റ്റു ചെയ്യുന്നത്.
നടന്നത് ചാരവൃത്തിയോ?
പിടിയിലായ ഈദ്ഗുല്‍ മാനസികരോഗിയായി അഭിനയിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ വര്‍ഷങ്ങളോളം പാകിസ്ഥാനില്‍ ജോലി ചെയ്തതിന് ശേഷമാണ് കൊച്ചിയിലെത്തിയത്. സംഭവത്തില്‍ ചാരവൃത്തി അടക്കം പോലീസ് തള്ളിക്കളയുന്നില്ല. ഈദ്ഗുലിനെയും ബന്ധുക്കളെയും എന്‍ഐഎ, ഐബി, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അടക്കം തുടക്കം മുതല്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ മുതലുള്ള കാര്യങ്ങളും, സഹായം നല്കിയ കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നാണ് എന്‍ഐഎയില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്‍ഐഎയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെയാകും അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: