ന്യൂദൽഹി: ചാന്ദ്രയാന്‍-2 പേടകം ചന്ദ്രോപരിതലത്തില്‍ മാംഗനീസിന്റെയും ക്രോമിയത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ഒന്‍പതിനായിരത്തിലേറെ സഞ്ചരിച്ച പേടകം വിദൂര സംവേദനത്തിലൂടെയാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
2019 ജൂലൈ 22നു വിക്ഷേപിച്ച ചാന്ദ്രയാന്‍-2 ദൗത്യം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഐഎസ്ആര്‍ഒ ഫേസ്ബുക്കിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത രണ്ടു ദിവസത്തെ ചാന്ദ്രശാസ്ത്ര ശില്‍പ്പശാലയിലാണ് പുതിയ വിവരങ്ങള്‍.
തീവ്രമായ സൂര്യപ്രകാശം പൊടുന്നനെ സംഭവിക്കുന്ന ചില സ്ഥലങ്ങളില്‍ രണ്ട് മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. നേരത്തെയുള്ള ചാന്ദ്രദൗത്യങ്ങളില്‍ ശേഖരിച്ച മണ്ണ് സാമ്പിളുകളിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ഇതിനു മുന്‍പ് മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ചന്ദ്രയാന്‍- 2ലെ എട്ട് പേലോഡുകള്‍ റിമോട്ട് സെന്‍സിങ്ങിലൂടെയും ഇന്‍സിറ്റു സാങ്കേതികവിദ്യയിലൂടെയുമാണ് ചന്ദ്രന്റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നത്.
ചാന്ദ്രയാന്‍ -2 പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനായിരുന്നു ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലക്ഷ്യത്തിന് അല്‍പ്പം അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചുവീഴുകയായിരുന്നു. ഇതോടെ റോവറും അനുബന്ധ അഞ്ച് പേലോഡുകളും നഷ്ടപ്പെട്ടു. അതേസമയം, ചന്ദ്രന്റെ ഉപരിതലം, ചന്ദ്രന്റെ പുറം അന്തരീക്ഷം എന്നിവ മാപ്പ് ചെയ്യുന്നതു ലക്ഷ്യമിട്ട ഓര്‍ബിറ്ററും എട്ട് പേലോഡുകളും പ്രതീക്ഷിച്ചപോലെ പ്രവര്‍ത്തിക്കുകയും ഡേറ്റ അയയ്‌ക്കുന്നുമുണ്ട്. വിക്ഷേപണം നടന്ന് ഏഴുവര്‍ഷം വരെ ഇവ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: