തൃശൂര്‍: നിയന്ത്രണം വിട്ട് പടത്തെ വെള്ളക്കെട്ടില്‍ വീണ ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായി സുരേന്ദ്രന്. പൂരപ്രേമിസംഘം പ്രവര്‍ത്തകനും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി അംഗവുമായ സുരേന്ദ്രന്റെ അവസരോചിതമായ ഇടപെടലിലാണ് ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ ജിതിന് ജീവിതത്തിലേക്ക് തിരിച്ച് കയറിയത്.
ഞായറാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ നിന്ന് തൃശൂര്‍ എസ്എന്‍എ ഔഷധശാലയിലേക്ക് ജോലിക്ക് പോകാനായി ഇറങ്ങിയതായിരുന്നു സുരേന്ദ്രന്. അതിനിടയിലാണ് ചേര്പ്പിന് സമീപത്തുള്ള പാടത്തേക്ക് നിയന്ത്രണം വിട്ടിറങ്ങിപ്പോയ ഗുഡ്സ് ഓട്ടോ കണ്ടത്. നേരത്തെ ഉണ്ടായ അപകടമായിരിക്കുമെന്ന് കരുതി സുരേന്ദ്രന് മുന്നോട്ടു പോകുമ്പോള്‍ യാദൃശ്ചികമായാണ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ അബോധവസ്ഥയില്‍ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടത്. ഉടന്‍ സുരേന്ദ്രന് കൂട്ടുകാരനേയും കൂട്ടി പാടത്തേക്കിറങ്ങുകയും ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ജിതിനെ പുറത്തെടുക്കുകയും ചെയ്തു. അപ്പോഴേക്കും തടിച്ചുകൂടിയ നാട്ടുകാരിലാരോ ആക്ട്സ് പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ആംബുലന്‍സില്‍ ജിതിനെ കൊണ്ടുപോവുകയും ചെയ്തു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജിതിന് ഓര്‍മക്കുറവുണ്ടായിരുന്നു. എക്സ്റേയും സ്കാനിംഗുമെല്ലാം എടുക്കുമ്പോഴാണ് ജിതിന് ഓര്‍മവന്നത്. ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന കല്ലേറ്റുംകരയിലെ കമ്പനിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ് പുല്ലൂര്‍ സ്വദേശിയായ ജിതിന്. സുരേന്ദ്രന് തക്കസമയത്ത് കണ്ടില്ലായിരുന്നുവെങ്കില്‍ ജിതിന്റെ ജീവന് അപകടത്തിലാകുമായിരുന്നു. ഓട്ടോ മറിയാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: