കൊച്ചി: കേരളത്തിൽ തെരുവ് നായ്‌ക്കളോട് വീണ്ടും ക്രൂരത. പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള ഏഴ് നായകുഞ്ഞുങ്ങളെ ചുട്ടുകൊന്നു. തള്ളനായയ്‌ക്കും പൊള്ളലേറ്റിട്ടുണ്ട്. ഒരു വീടിന് മുന്നില്‍ പ്രസവിച്ച് കിടക്കുകയായിരുന്നു തള്ളപ്പട്ടി. ഇവിടെവച്ചാണ് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്.
രണ്ട് സ്ത്രീകളാണ് ക്രൂരതയ്‌ക്ക് പിന്നിലെന്നാണ് വിവരം. തീപന്തം കൊളുത്തി നായ്‌ക്കളുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദയ എന്ന സംഘടനയാണ് തള്ളപ്പട്ടിയെ രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളിപ്പട്ടിയുടെ നില ഗുരുതരമാണ്. ചികിത്സ നല്‍കിയ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പൊള്ളലേറ്റ നായ്‌ക്കുഞ്ഞുങ്ങള്‍ അപ്പോള്‍ തന്നെ ചത്തതായാണ് വിവരം. നായകുഞ്ഞുങ്ങളെയും കൊണ്ട് തീവെച്ച സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നായ്‌ക്കള്‍ക്കെതിരെ ക്രൂരത നടത്തിയവര്‍ക്കെതിരെ ആലങ്ങാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
നേരത്തെ ത്യക്കാക്കര നഗരസഭയില്‍ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയത് വിവാദമായിരുന്നു. ത്യക്കാക്കര സംഭവത്തില്‍ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ അന്വേഷണവും പുരോഗമിയ്‌ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: