കൊല്ലം: ലോക്താന്ത്രിക്ക് ജനതാദള്‍ (എല്‍ജെഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരീസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ട് ജനതാദളില്‍ (എസ്) ചേരുന്നതിന് നീക്കം തുടങ്ങി. മന്ത്രി കെ. കൃഷ്ണന് കുട്ടിയുമായി ഇവര്‍ പ്രാഥമിക ചര്‍ച്ച നടത്തി.
ഷേക്ക് പി. ഹാരീസിന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ പ്രധാന പദവിയും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരവും വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ മാത്യു ടി. തോമസ്, കെ. കൃഷ്ണന് കുട്ടി, സി.കെ. നാണു എന്നിവരാണ് ജെഡിഎസില്‍ നിന്ന് ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നത്. സി.കെ. നാണുവിനെ ഒഴിവാക്കി ഷേക്ക് പി. ഹാരീസിനെ പകരം നിയോഗിക്കണമെന്ന ആവശ്യത്തോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.
പാര്‍ട്ടിയെ പിളര്‍ത്താന്‍ മന്ത്രി കൃഷ്ണന്‍കുട്ടി ശ്രമിക്കുന്നു എന്ന പരാതി എല്‍ജെഡി ഔദ്യോഗിക വിഭാഗം നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ജനതാദളിലും (എസ്) ഇവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ട്. മന്ത്രിയുമായി മാത്രമാണ് ഈ വിഭാഗം ചര്‍ച്ച നടത്തിയതെന്നത് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെ അനുകൂലിക്കുന്ന വരെ ചൊടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടിയെയും ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെയും പല തവണ ആക്ഷേപിച്ചയാളാണ് ഷേക്ക് പി. ഹാരീസ് എന്നാണ് അവരുടെ ആക്ഷേപം. കൊല്ലം, ആലപ്പുഴ, മലപ്പുറം, ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും ഈ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 11ന് തൃശ്ശൂരില്‍ ചേരുന്ന ജനതാദള്‍ (എസ്) സംസ്ഥാന നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: