മുഹമ്മ: ടൂറിസം മേഖലയില്‍ നേരിയ ഉണര്‍വ്; പ്രതീക്ഷ അര്‍പ്പിച്ച് ഹൗസ്ബോട്ട് ഉടമകള്‍. കൊറോണ വ്യാപനത്തോടെ പൂര്‍ണമായും സ്തംഭനത്തിലായ ടൂറിസം രംഗത്ത് നേരിയ മാറ്റം കണ്ടുതുടങ്ങിയത് ആശ്വാസമായി.
വിനോദ സഞ്ചാര മേഖല ഒന്നര വര്‍ഷത്തിലേറെയായി അടച്ചു പൂട്ടലിലായിരുന്നു. അതെത്തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വഞ്ചി വീടുകള്‍ കായല്‍ത്തീരങ്ങളിലും തോടുകളിലും കെട്ടിയിട്ടിരിക്കുകയായിരുന്നു. ബാങ്ക് ലോണെടുത്തും പലിശയക്ക് പണമെടുത്തും നിര്‍മ്മിച്ച വിനോദ സഞ്ചാര ബോട്ടുകളില്‍ നിന്നും വരുമാനമില്ലാതായതോടെ ലോണ്‍ അടക്കാന്‍ പ്രയാസപ്പെട്ട ഉടമകള്‍ ആത്മഹത്യയുടെ വക്കിലായിരുന്നു.
വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് ഉണ്ടായതോടെ ആശ്വാസത്തിലാണ് അവര്‍.കൊറോണ മാനദണ്ഡം പാലിച്ചാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്.വിദേശികള്‍ കുറവാണ്. എന്നാല്‍ സ്വദേശികളായ സഞ്ചാരികള്‍ എത്തുന്നത്. പാതിരാമണല്‍, വേമ്പനാട് കായല്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സഞ്ചാര പാത. കുട്ടനാടന്‍ കായലുകളില്‍ വീതി കുറവായതിനാല്‍ വിശാലമായ വേമ്പനാട്ട് കായലിലാണ് ഹൗസ്ബോട്ടുകളുടെ സഞ്ചാരം. കായല്ത്തീരമേഖലയിലെ റിസോര്‍ട്ടുകളും തുറന്നു. ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാര ബോട്ടുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: