കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. റബ്ബർ ബോർഡിന് സമീപമുള്ള മേൽപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കൊവിഡും മഴയും മൂലം നിർമാണത്തിന് തടസങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ വേഗത്തിലായിട്ടുണ്ട്. സപ്തംബർ അവസാനത്തോടെ പാലം പൂർത്തിയാക്കി തുറന്നു കൊടുക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.
റബ്ബർ ബോർഡ് മേൽപ്പാലത്തിന് 10 കോടി രൂപയാണ് ചെലവ്. 54 മീറ്റർ നീളവും ഏഴര മീറ്റർ വീതിയിൽ റോഡും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും പാലത്തിനുണ്ട്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി പ്രത്യേക പാലം നിർമിച്ചിരുന്നു. മഴയുടെ തടസ്സം ഉണ്ടായില്ലെങ്കിൽ അവസാന ഘട്ടമായുള്ള സ്ലാബിന് മുകളിലുള്ള കോൺക്രീറ്റിങ് ഉടൻ നടത്തും. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് പാലം തുറന്ന് കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പാലം തുറക്കുന്നതോടെ കഞ്ഞിക്കുഴി, അയർക്കുന്നം ഭാഗത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
റെയിൽവേ സ്റ്റേഷനുള്ളിൽ രണ്ട് മേൽപ്പാലങ്ങളാണ് ഉള്ളത്. ഇതിന്റെ സ്റ്റീൽ ഗർഡർ സ്ഥാപിക്കുന്ന പണികൾ ആരംഭിച്ചു. ട്രാക്കിന് മുകളിലുള്ള നടപ്പാതയുടെ ഭാഗം അഞ്ച് മീറ്ററും സ്റ്റെയർ വേ മൂന്ന് മീറ്റർ വീതിയിലുമാണ് നിർമിക്കുക.
പാക്കിൽ ഭാഗത്തെ മേൽപ്പാലത്തിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. സമീപത്തെ ഒരു സ്ഥലം ഏറ്റെടുക്കാനുണ്ട്. ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ മാസം ഇത് പൂർത്തിയായാലുടൻ പാലത്തിന്റെ നിർമാണം ആരംഭിക്കും. സ്ഥലം ഏറ്റെടുക്കുന്ന മുറയ്‌ക്ക് അപ്രോച്ച് റോഡിന്റെ പണികളും ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. മുട്ടമ്പലത്ത് ഫൗണ്ടേഷൻ ജോലികൾ നടക്കുകയാണ്. ഇവിടുത്തെ മേൽപ്പാല നിർമാണത്തിന് റെയിൽവേ സേഫ്റ്റി കമ്മീഷന്റെ അംഗീകാരം കിട്ടാനുണ്ട്. ഇതിനുശേഷം ബാക്കിയുള്ള പണികൾ ആരംഭിക്കും. സ്ഥലം ഏറ്റെടുത്ത് കിട്ടാൻ വൈകുന്നത് മേൽപ്പാല നിർമാണത്തിന് മറ്റൊരു തടസ്സമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: