കോഴിക്കോട്: നിപയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി നിപ സ്ഥിരീകരിച്ച കോഴിക്കോട്ടേക്ക് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് സംഘത്തെ അയച്ചിട്ടണ്ട്. സംസ്ഥാനത്തിന് വേണ്ട എല്ലാസഹായവും വിലയിരുത്തി പ്രതിനിധി സംഘം ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ 12 ദിവസങ്ങളിലായി രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനും അവരെ നിരീക്ഷണംത്തിലാക്കാനും കേന്ദ്രം നിര്‍ദേശം നല്കി. 2018 ല്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ കേന്ദ്രസംഘം കേരളത്തിലെത്തി സര്‍വവിധ സഹായങ്ങളും നല്‍കിയിരുന്നു.
കോഴിക്കോട് നിരീക്ഷണത്തിലായിരുന്ന 12 കാരന് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പരിശോധനാ ഫലം ലഭിച്ചത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക തയാറാക്കി വരുകയാണ്. നിലവില്‍ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലിരിക്കുന്നവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. 3 കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പനി പ്രകടമായതിനെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭേദമാകാതിരുന്നതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സേഷം കോഴിക്കോട്ട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: