കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നിലവില്‍ കുട്ടിയുടെ കുടുംബത്തിലോ പ്രദേശ വാസികള്‍ക്കോ രോഗ ലക്ഷണങ്ങള്‍ ഇല്ല. ഉറവിടം പരിശോധിച്ചു വരികയാണ്. മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് (വാര്‍ഡ് 9) അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. പനി, ശര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ 17 പേര് നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേരാണ് ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്രസംഘവും ഇന്നെത്തും. സെന്റര്‍ ഫോര്‍ ഡിസിസ് കണ്ട്രോള് ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട്ടെ മന്ത്രിമാര്‍ ശശീന്ദ്രന്, അഹമ്മദ് ദ്വര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവര്‍ യോഗം ചേര്‍ന്നു. രോഗം ബാധിച്ച് മരിച്ച 12 വയസുകാരന്റെ സംസ്ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നല്‍കേണ്ട പ്ലാന്‍ തയ്യാറാക്കും. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. സ്ഥിതി വിലയിരുത്താന്‍ 12 മണിക്ക് ഉന്നതതലയോഗവും ചേരും.
അതിനിടെ കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരോഗ്യപ്രവര്‍ത്തകരും പോലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റര്‍ ചുറ്റളവില്‍ ആരെയും കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു. 2018 ല്‍ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: