പ്രൊഫ.ഡി. അരവിന്ദാക്ഷന്
1921 ആഗസ്റ്റ് 20 മുതല്‍ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കില്‍ നടന്ന മാപ്പിളക്കലാപം 100 കൊല്ലങ്ങള്‍ക്കുശേഷം ഇന്ന് ലോകമെമ്പാടും ചര്‍ച്ചചെയ്യുന്ന ഒരു സജീവവിഷയമായി മാറിയിരിക്കുന്നു. മാപ്പിളക്കലാപത്തിന്റെ നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ക്ക് സ്മാരകം പണിയാന്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത് ഈയിടെയാണ്.
എന്നാല്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങളോടെ മാപ്പിളക്കലാപത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. മുസ്ലീംലീഗ് നേതാക്കളായ ഡോക്ടര്‍ എം.കെ. മുനീര്‍, മുന്‍മന്ത്രി അബ്ദു റബ്ബ് എന്നിവര്‍ അഫ്ഗാനിസ്ഥാനിലെ താലിബാന് അക്രമങ്ങളെ തള്ളിപറഞ്ഞെങ്കിലും മുസ്ലിംലീഗിലെ വലിയ വിഭാഗം ഈ വിഷയത്തില്‍ എം.കെ. മുനീറിനെ പിന്തുണയ്ക്കുന്നില്ല. ഇസ്ലാംമതത്തിന്റെ പേരില്‍ ശരീയത്ത് നിയമങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന് നടപ്പാക്കാന്‍ പോകുന്നതെന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും ലോകമെമ്പാടും അംഗീകരിക്കപ്പെടുമ്പോള്‍ അക്രമത്തിലൂടെ അധികാരം പിടിക്കുന്നത് തെറ്റാണെന്ന മുനീറിന്റെ നിലപാടിനോടാണ് മുസ്ലിംലീഗിലെ ഭൂരിഭാഗത്തിനും എതിര്‍പ്പ്.
ഈ സാഹചര്യത്തിലാണ് മാപ്പിളക്കലാപത്തെ കുറിച്ച് കേരളത്തിന് അകത്തും പുറത്തും വ്യാപക ചര്‍ച്ചനടക്കുന്നത്. മതവും രാഷ്ട്രീയവും രണ്ടാണ്. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. രാഷ്ട്രീയം മതത്തിലും ഇടപെടരുത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്നാണ് പ്രമാണം. എല്ലാ മതങ്ങളുടെയും തത്വമൊന്നാണെന്നാണ് ഭാരതീയ തത്ത്വചിന്ത വിളംബരം ചെയ്യുന്നത്. വിശ്വമതാദര്‍ശം എന്നപേരില്‍ സ്വാമി വിവേകാനന്ദന് ഈ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിച്ചു. ഇതുതന്നെയാണ് ശ്രീനാരായണഗുരുദേവന്റെ മഹനീയതത്വവും.
മതത്തിന്റെ പേരില്‍ ചാവേറുകളെ സൃഷ്ടിക്കുന്നത് ഗുരുതരമായ മതനിന്ദയാണ്. മതത്തെ നിഷേധിക്കുന്നതിന് തുല്ല്യമാണ്. ലോകം ശാസ്ത്ര സാങ്കേതികരംഗത്ത് വമ്പിച്ച മുന്നേറ്റം കൈവരിച്ചുകൊണ്ടിരിക്കുന്നു. മഹത്തായ ഈ നേട്ടം മനുഷ്യരാശിയുടെ അടിസ്ഥാന ജീവിതസൗകര്യം മെച്ചപ്പെടുത്താനാണ് ഉപകരിക്കേണ്ടത്. എന്നാല്‍ ഈ നേട്ടത്തെപ്പോലും ലോകസമാധാനത്തെ തകര്‍ക്കാനാണ് ഭീകരവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ നിര്‍മ്മിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മുതല്‍ ഭീകരവാദ സംഘങ്ങള്‍ സാങ്കേതിക വിദ്യയെ മനുഷ്യരാശിക്കെതിരെ ഉപയോഗിക്കുന്നു. തീവ്രവാദികള്‍ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് നിര്‍മ്മാണത്തിലൂടെയും വില്പനയിലൂടെയുമാണെന്ന് അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചത് സംബന്ധിച്ച വാര്‍ത്തകളില്‍ കാണുന്നു. പാകിസ്ഥാനില്‍ നിന്നു ശ്രീലങ്കയിലേക്ക് ബോട്ടുകളില്‍ മയക്കുമരുന്നു കടത്തുന്നത് കേരളതീരങ്ങളിലൂടെയാണെന്ന് വാര്‍ത്തവരുന്നു. പഞ്ചാബിലെ രാഷ്ട്രീയചര്‍ച്ചകളില്‍ മയക്കുമരുന്ന് കേസുകള്‍ സ്ഥാനം പിടിക്കുന്നു. കേരളത്തില്‍ വ്യാപകമായി മയക്കുമരുന്ന് ശേഖരം പിടികൂടുന്നു. തുടര്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു. ഇത്തരം കേസുകളിലും തീവ്രവാദബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഈ സാഹചര്യത്തിലാണ് 1921 മാപ്പിളക്കലാപത്തെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്നത്. താലിബാന് എന്നത് ഒരു മനോഭാവമാണെന്ന് ആര്‍എസ്എസ് നേതാവ് രാംമാധവ് കോഴിക്കോട്ട് പ്രഖ്യാപിച്ചത് കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ കലാപ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലനായകന് ഭഗത്സിംഗുമായി താരതമ്യപ്പെടുത്തുകയാണ് കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ചെയ്തത്. സ്വാതന്ത്ര്യസമരത്തോടും മാപ്പിളക്കലാപം മൂലം ജീവന് നഷ്ടപ്പെട്ട നിരപരാധികളോടും നീതി പുലര്ത്തുന്നതായില്ല സ്പീക്കറുടെ നിലപാട്. മാപ്പിളലഹള മൂലം ജീവന് നഷ്ടപ്പെട്ട മലബാറുകാരുടെ പിന്തലമുറക്കാര് സ്പീക്കറുടെ തെറ്റായ പരാമര്‍ശത്തിനെതിരെ വ്യാപകമായി രംഗത്ത് വന്നു.
ഇഎംഎസ്സിന്റെ കുടുംബക്കാര് പോലും മാപ്പിളക്കലാപകാലത്ത് ആക്രമിക്കപ്പെട്ടത് ചരിത്രമാണല്ലോ. ഗാന്ധിജിയും ഡോ. അംബേദ്കറും മാപ്പിളലഹളയെ വര്‍ഗ്ഗീയ ലഹളയായി വിലയിരുത്തിയതായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ.ഐസക് ചൂണ്ടിക്കാട്ടി. കേരള മുഖ്യമന്ത്രി ചരിത്രം പഠിക്കണമെന്നും മാപ്പിളലഹളയെ വോട്ടിനുവേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്നത്തെ ദേശീയദിനപത്രമായ മാതൃഭൂമിയുടെ സ്ഥാപകനായ കെ. മാധവന്നായരടക്കമുള്ളവര് മാപ്പിളക്കലാപത്തെ വര്ഗ്ഗീയകലാപമായാണ് വിലയിരുത്തിയത്. അന്ന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന രണ്ട് പത്രങ്ങള്‍ ദീപികയും മലയാളമനോരമയും ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവും മാപ്പിളലഹള സ്വാതന്ത്ര്യസമരമാണെന്ന് വാര്‍ത്ത നല്‍കിയിട്ടില്ല. 1921 ഒക്ടോബര്‍ 18ന് ഹിന്ദു ഇംഗ്ലീഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കേരളത്തിലെ സപിഎം-കോണ്‍ഗ്രസ്സ്-ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി അവരെ വോട്ടുബാങ്കായി നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നത്. ചരിത്രത്തിലെ കൊടിയ ദുരന്തത്തെയും അവര്‍ ഇതിനായി ഉപയോഗിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും തീവ്രവാദത്തിനെതിരെ കരുതലോടെയുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടതാണ്.
മാപ്പിളക്കലാപത്തെ കുറിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഗുണകരവും ആരോഗ്യകരവുമാകണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും വെറുപ്പും പാടില്ല. മാപ്പിളക്കലാപത്തെ പിന്തുണയ്ക്കുന്നതും താലിബാനെ പിന്തുണയ്ക്കുന്നതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ രാഷ്ട്രീയം കേരളത്തിന് അപകടകരമാണ്.
നരേന്ദ്രമോദി രാജ്യംഭരിക്കുന്നതുകൊണ്ട് താലിബാന് തുടങ്ങിയ തീവ്രവാദ ഭീഷണികള്‍ ഇന്ത്യയെ ബാധിക്കില്ലെന്ന പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിന്റെ പ്രഖ്യാപനം ഏറെ ആഴത്തിലുള്ളതാണ്. അലക്സാണ്ടറും നെപ്പോളിയനും പരാജയപ്പെട്ട ഭാരതത്തിന്റെ ചരിത്രത്തിലേക്ക് നീളുന്നതാണ് ആ പ്രഖ്യാപനം. ജനാധിപത്യത്തിലൂടെ അല്ലാതെ അക്രമത്തിലൂടെ അധികാരം പിടിച്ച താലിബാനെ അംഗീകരിക്കാന്‍ ജനാധിപത്യരാജ്യങ്ങള്‍ക്ക് കഴിയില്ല. അഫാഗാനിസ്ഥാനിലെ താലിബാന് ഭരണം കൂടുതല്‍ നാള് നിലനില്‍ക്കില്ലെന്നതാണ് ലോകചരിത്രം നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: