പി.മോഹനന് പിള്ള.
ഓണാട്ടുകാരുടെ അഭിമാനമായ ഹാസ്യറാണി രശ്മി അനിലിനെത്തേടിയെത്തിയ ടെലിവിഷന്‍ അവാര്‍ഡില്‍ സന്തോഷിക്കുകയാണ് ഭരണിക്കാവിലെ മഞ്ഞാടിത്തറ ഗ്രാമവാസികള്‍ മുഴുവനും.
ഭരണിക്കാവ് മഞ്ഞാടിത്തറ ചാങ്ങേത്തറയില്‍ പരേതനായ കൃഷ്ണപിള്ളയുടെയും രത്നമ്മയുടെയും മകളാണ് രശ്മി. 2020-ലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡില്‍ അമൃത ടി.വിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ മികച്ച അഭിനയപ്രകടനത്തിനാണ് രശ്മിയെ തെരഞ്ഞെടുത്തത്.
2019-ല്‍ ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള പ്രത്യേക ജൂറി പരമാര്‍ശത്തിനും രശ്മി അര്‍ഹയായിരുന്നു. ആദ്യമായിട്ടാണ് സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്നതെന്നും, പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമായിരുന്നു ഇതൊന്നും, ഒരു കോമഡി സ്കിറ്റിന്റെ ഹാസ്യാവതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനം തോന്നുന്നതായും രശ്മി പറയുന്നു. മൂന്നാം വയസില്‍ മോണോ ആക്ട് അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് കടന്നു വന്നത്, കായംകുളം എം എസ് എം കോളേജില്‍ പഠിക്കുമ്പോളാണ് നാടകരംഗത്ത് എത്തിയത്. തുടര്‍ന്ന് കെപിഎസിയുടെ നാടക ഗ്രൂപ്പില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി നാടക നടിയായി നൂറുക്കണക്കിനു അരങ്ങുകളില്‍ അഭിനയിച്ചു. മുടിയനായ പുത്രനിലും അശ്വമേധത്തിലും ശ്രദ്ധേയമായ കഥാപാത്രമായി.
നാടക അഭിനയരംഗത്തു നിന്നും കുടുംബ ജീവതത്തിലേക്ക് വഴിമാറിയ രശ്മി 2011 വരെ കുടുംബിനിയായി ഒതുങ്ങി കൂടി. തുടര്‍ന്നാണ് ഭര്‍ത്താവ് അനിലിന്റെ പൂര്‍ണ്ണ സമ്മതത്തോടു കൂടി സിനിമ -ടെലിവിഷന്‍ രംഗത്തെത്തി. ഇതിനിടയില്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.മുപ്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. മക്കള്‍: കൃഷ്ണപ്രിയ, ശബരിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: