സുരേന്ദ്രന്‍ കൊച്ചുവേലു, ഈ പേര് മലയാളക്കരയ്‌ക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാര്‍ച്ച് 12 ന് കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു.
1981 ല്‍ ചൂതാട്ടം എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വയ്‌ക്കുന്നത്. ആ ചിത്രത്തിന്റെ നിര്‍മാതാവായ ടിഎംഎന്‍ ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. അതിനുശേഷം ഒട്ടനവധി സിനിമകളില്‍ ഈ മേഖലക്കായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായകമായി. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളില്‍ ഒരുപാട് സിനിമകളിലേക്ക് സംവിധായകര്‍ അദ്ദേഹത്തിന്റെ പേരെഴുതി ചേര്‍ത്തു. 1993-ല്‍ രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാര്‍. നരേന്ദ്ര പ്രസാദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി സൂപ്പര്‍ ഹിറ്റായ ‘മേലെ പറമ്പില്‍ ആണ്‍വീട്’ എന്ന ചിത്രത്തില്‍ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്തു ഫലിപ്പിക്കാന്‍ ഇന്ദ്രന്‍സ് എന്ന നടന് സാധിച്ചു.
പിന്നീട് 1994-ല്‍ രാജസേനന്റെ തന്നെ സംവിധാനത്തില്‍ പിറന്ന ‘സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ആഅ ആ.ലറ’ എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സ് എന്ന കൊമേഡിയന്‍ മലയാള സിനിമയില്‍ കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഇന്ദ്രന്‍സ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടകമായിരുന്നു. പഞ്ചാബി ഹൗസ്, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, ആദ്യത്തെ കണ്മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നിവയൊക്കെ അതില്‍ ചിലതു മാത്രം.
എന്നാല്‍ തമാശ മാത്രമല്ല, അല്‍പ്പ സ്വല്‍പ്പം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് 2004-ല്‍ ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ പിറന്ന് ദിലീപ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥാവശേഷ’നിലെ ഒരു കള്ളന്റെ കഥാപാത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നു. 2009-ല്‍ ‘രഹസ്യ പോലീസ്’ എന്ന സിനിമയില്‍ കഥയുടെ അവസാനത്തിലേക്ക് വില്ലനായും തിളങ്ങാന്‍ അദ്ദേഹത്തിനായി. 2013-ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലും വില്ലനായി തകര്‍ത്തഭിനയിച്ചു.
2014 ല്‍ മാധവ് രാമദാസിന്റെ സംവിധാന മികവില്‍ സുരേഷ് ഗോപി, ജയസൂര്യ എന്നിവര്‍ അഭിനയിച്ച് ആശുപത്രികളില്‍ ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന അന്യായങ്ങളുടെ കഥ വിളിച്ചോതുന്ന ‘അപ്പോത്തിക്കിരി’ എന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഇന്ദ്രന്‍സ് എന്ന പ്രതിഭ അര്‍ഹനായി. അവിടുന്നങ്ങോട്ട് സ്വഭാവ നടനായിട്ടാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങുന്നത്.
2018 ല്‍ ഇന്ദ്രന്‍സ് എന്ന ബഹുമുഖ കലാകാരന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിശയില്‍, ആളൊരുക്കം എന്ന ചിത്രത്തിലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 2019 ല്‍ സിങ്കപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ‘മഞ്ഞവെയില്‍’ എന്ന സിനിമയിലെ പകരംവയ്‌ക്കാനില്ലാത്ത അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഇതേ ചിത്രത്തിന് തന്നെ, ഷാന്‍ഹായ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച കലാകാരനുള്ള പുരസ്‌കാരവും ഇന്ദ്രന്‍സിന് നേടിക്കൊടുത്തു.
2020 ല്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ‘അഞ്ചാം പാതിരാ’യിലെ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറുടെ കഥാപാത്രത്തിലൂടെ അദ്ദേഹം മലയാളികളെ വിസ്മയിപ്പിച്ചു. ഒട്ടനവധി പ്രശംസകള്‍ ഏറ്റുവാങ്ങാനും സാധിച്ചു.
ഇപ്പോള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഹോം എന്ന ചിത്രത്തിലെ സാധാരണക്കാരന്‍ കുടുംബനാഥനായ ഒലിവര്‍ ട്വിസ്റ്റ് ആയി ജീവിച്ചഭിനയിച്ച് കയ്യടി നേടുകയാണ് ഇന്ദ്രന്‍സ്. ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയാത്തതിനു കാരണം ഒലിവര്‍ ട്വിസ്റ്റ് ഒരു നനവായി നമ്മളില്‍ പടരുന്നത് തന്നെയാണ്. അത്ര മികച്ച അഭിനയമാണ് ഈ ചിത്രത്തിനു വേണ്ടി ഇന്ദ്രന്‍സ് കാഴ്ചവച്ചിരിക്കുന്നത്.
ഇനിയും ഒരുപാട് കഥാമൂല്യമുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ലളിതമായ ഒരു പുഞ്ചിരിയോടെ തെല്ലും അഹങ്കാരമില്ലാതെ മലയാളികളോട് കൈകൂപ്പി നില്‍ക്കുകയാണ് ഇന്ദ്രന്‍സ് എന്ന നടനും ഒരു നല്ല മനുഷ്യനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: