രാജേന്ദ്രന് വയല
ആദ്ധ്യത്മിക ആസ്തിക മേഖലയിലും വിദ്യാഭ്യാസ, നവോത്ഥാന പ്രവര്‍ത്തന മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ച ഒരു യതിവര്യനെക്കുറിച്ചുള്ള പുസ്തകമാണിത്. എന്നാല്‍ പുസ്തകം വായിച്ചവസാനിക്കുമ്പോള്‍ തന്റെ കാലത്തെയും പരിസരത്തെയും മാത്രമല്ല, വരുംതലമുറകളെക്കൂടി പ്രചോദിപ്പിക്കുകയും നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കാനയിക്കുകയും ചെയ്ത ഉന്നതശീര്ഷനായൊരു കര്‍മചാരിയുടെ ജീവിതസാക്ഷ്യം കൂടിയാരുന്നു ഈ പുസ്തകമെന്ന് ബോധ്യപ്പെടും.
കൊല്ലം ജില്ലയിലെ പന്മനയില് 1896 ആഗസ്റ്റ് 27 ന് ജനിച്ച കൃഷ്ണന് നമ്പ്യാതിരിയാണ് പില്ക്കാലത്ത് ആഗമാനന്ദ സ്വാമികളായി സുകൃതജന്മം നേടിയത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു കൗമാര-യൗവന കാലഘട്ടം. അക്കാലത്തെ വിദ്യാഭ്യാസ രീതിയനുസരിച്ച് സംസ്കൃതവും ജ്യോതിഷവും കാവ്യ-വ്യാകരണവുമൊക്കെ പഠിച്ചു. ആധ്യാത്മിക ജീവിതത്തോട് ചെറുപ്പം മുതല്‍ ആഭിമുഖ്യമുണ്ടായിരുന്നതിനാല്‍ സ്വാമി വിവേകാനന്ദന് രചിച്ച ‘എന്റെ ഗുരുനാഥന്’ എന്ന പുസ്തകം വായിക്കാനിടയായത് വിശ്വാസത്തെയും വീക്ഷണത്തെയും വളരെ സ്വാധീനിച്ചു.
ആദിശങ്കരന്റെ ജന്മനാടായ കേരളത്തില്‍ ആചാര്യ സ്മരണയ്ക്കും, ദര്‍ശന പഠനത്തിനും ഉചിതമായ ആധ്യാത്മിക വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളില്ലാത്തത് എന്താണെന്ന ഉത്തരേന്ത്യക്കാരായ മനീഷികളുടെ അന്വേഷണം അക്കാലത്ത് തന്നെ ആഗമാനന്ദജിയെ ചിന്തിപ്പിച്ചിരുന്നു. അതിന്റെ ഫലസിദ്ധിയാണ് ശ്രീശങ്കരന്റെ ജന്മനാടായ കാലടിയില്‍ ഒരു ജന്മി ദാനം ചെയ്ത ഭൂമികയില്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ മഹനീയ സ്ഥാപനങ്ങള്‍.
ഗുരുകുലം ട്രൈബല്‍ ഹോസ്റ്റല്‍, ബ്രഹ്മാനന്ദോദയം സ്കൂള്‍, ശ്രീശങ്കര കോളജ്, പുസ്തക പ്രസിദ്ധീകരണ ശാല തുടങ്ങിയവയും കണ്ണൂരിലെ ധര്‍മ്മടം, തൃശൂര്‍-പുതുക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ആശ്രമ സ്ഥാപനങ്ങള്‍ എന്നിവയും സ്വാമിജിയുടെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണ്. സാമ്പത്തിക പിന്‍ബലമല്ല ഇച്ഛാശക്തിയുടെ ഒടുങ്ങാത്ത ത്വരയാണ് ഇക്കാര്യങ്ങളിലൊക്കെയും പിന്തുണച്ചത്.
ആഗമാനന്ദജിയെന്ന യതിവര്യനെ ശ്രേഷ്ഠപദവിയില് കാണാന്‍ കാരണമാകുന്നത് സനാതന ധര്‍മ്മവും അതിന്റെ ധര്മ്മാനുശാസനകളും അപകീര്‍ത്തിപ്പെടുത്തുകയും, അതിനുള്ളിലെ അവര്‍ണ്ണരെന്നു മുദ്രകുത്തപ്പെട്ടവര്‍ നേരിട്ട അവഹേളനങ്ങളും അത് നിമിത്തമുണ്ടായ ആത്മനിഷ്ഠമല്ലാത്ത മതപരിവര്‍ത്തന ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്തതുകൊണ്ടാണ്.
ആഗമാനന്ദജിയെ അടുത്തറിഞ്ഞവരുടെ അനുസ്മരണങ്ങള്‍, കര്‍മ്മമേഖലയെയും കാലത്തെയും അനാവരണം ചെയ്യുന്ന ലേഖനങ്ങള്‍, എന്‍. വി. കൃഷ്ണവാരിയരുടെ ആമുഖ കവിത, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍, അനുബന്ധ ഗ്രന്ഥപരിചയം, ചിത്രങ്ങള്‍, എഡിറ്റോറിയലുകള്‍, ആഗമാനന്ദ ട്രസ്റ്റിന്റെ സമകാലിക പ്രവര്‍ത്തനങ്ങള്‍ ഒക്കെയുമായി സമാഹൃതമായ ഈ പുസ്തകം സമ്പന്നമായൊരു വായനാനുഭവമാണ് നല്‍കുക.
ആസ്തിക വിശ്വാസ സങ്കല്‍പ്പങ്ങളെ താത്വികമായി (പ്രായോഗികമായി പരാജയപ്പെട്ട) പ്രതിരോധിക്കുന്ന മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും, ദാര്‍ശനിക സാര്‍ത്ഥകമായി ജീവിതം നയിക്കുകയും ചെയ്ത ഗോവിന്ദപ്പിള്ള, ഇ. ചന്ദ്രശേഖരന് നായര്‍, ഗീതാ നസീര്‍ എന്നിങ്ങനെ പൊതുപ്രവര്‍ത്തന മേഖലയില്‍ സുപരിചിതരായവര്‍ ആഗമാനന്ദജിയുമായുള്ള ആത്മബന്ധത്തെപ്പറ്റി എഴുതുന്നു. ആത്മീയ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൃഡാനന്ദ സ്വാമികള്‍, സ്വാമി നന്ദാത്മജാനന്ദ, ഗണനാനന്ദ സ്വാമികള്‍, മുനി നാരായണ പ്രസാദ് എന്നിവര്‍ ആഗമാനന്ദയുടെ കര്‍മ്മരംഗത്തെ അവലോകനം ചെയ്യുന്ന ലേഖനങ്ങള്‍കൊണ്ട് പുസ്തകത്തെ സമ്പന്നമാക്കുന്നു. എസ്. ഗുപ്തന് നായര്‍, തലനാട് ചന്ദ്രശേഖരന് നായര്‍, ഡോ. ലക്ഷ്മി കുമാരി, പറക്കോട് എന്‍.വി. നമ്പ്യാതിരി എന്നിവരുടെ രചനകള്‍ ആത്മാനുഭവത്തിന്റെ നവ്യമായ നിറവാണ് നല്‍കുക. പി. പരമേശ്വരന്, ഡോ. വി. രാജീവ്, ഡോ. ഇ.ആര്. ശ്രീകൃഷ്ണ ശര്‍മ്മ, കെ. രാമന്‍പിള്ള, പി.ഇ. ഭാസ്കര മേനോന്, പ്രൊഫ. ഓംചേരി, രാജീവ് ഇരിങ്ങാലക്കുട, പി.എം. വേലായുധന്, പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍, വാവക്കുട്ടന് മാസ്റ്റര്‍, എസ്. കെ. വസന്തന്, എ.വി. ഗോപകുമാരന്‍ തമ്പി, ഹൃദ്യ, അനീഷ് എം.സി. തുടങ്ങിയവരുടെ രചനകള്‍ പുസ്തകത്തിന് ആധികാരികതയും ധന്യതയും പകരുന്നു.
ആഗമാനന്ദജിയുടെ മൂന്ന് പ്രഭാഷണങ്ങള്‍, എഡിറ്റോറിയലുകള്‍, അധിക വായനക്കുതകുന്ന ഗ്രന്ഥങ്ങള്‍ എന്നിവയും പുസ്തകത്തിന് അനുബന്ധമായുണ്ട്.
ആദര്‍ശനിഷ്ഠയും കര്മ്മപ്രതിബദ്ധതയും അതിലുപരി ആത്മീയ ചൈതന്യവും കൊണ്ട് അനുഗ്രഹീതനായ ആഗമാനന്ദജിയെയും ആ കാലത്തെയും, പുണ്യപുരുഷന് രൂപംനല്കിയ പ്രസ്ഥാനങ്ങളെയും അടുത്തറിയുകയെന്ന അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ആ വെളിച്ചത്തിന്റെ നെയ്ത്തിരിനാളം നമ്മുടെ മനസ്സിലും പ്രഭാപ്രസരം തെളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: