കശ്മീര്‍ എന്നും ഒരു വികാരമാണല്ലോ നമുക്ക്. ഇന്ത്യ എന്ന വികാരത്തിന് അഭിമാനം കൂട്ടുന്ന ഒന്ന്. മിക്കപ്പോഴും അഭിപ്രായങ്ങള്‍ക്കും കേട്ടുകേള്‍വികള്‍ക്കും അനുസൃതമായാണ് കാഴ്ചപ്പാടുകള്‍ രൂപപ്പെടാറ്. നേരിട്ടുള്ള അനുഭവം അഭിപ്രായങ്ങളെ സ്വാധീനിക്കാറുമുണ്ട്. അങ്ങനെ ഒരു സ്വാധീനമാണ് ഈ യാത്രയില്‍ കശ്മീര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. 33 വര്‍ഷത്തെ ജീവിതത്തില്‍ കശ്മീരിനെക്കുറിച്ച് കേട്ടറിഞ്ഞതെല്ലാം തിരുത്തിക്കുറിക്കുന്ന വരവേല്‍പ്പാണ് ആ നാടും ജനതയും ഞങ്ങള്‍ക്കു നല്‍കിയത്.
ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്ന കേട്ടു തഴമ്പിച്ച വാക്കുകള്‍ക്ക് പുതിയ അര്‍ഥതലങ്ങളുണ്ടെന്നു തോന്നി അവിടെയെത്തിയപ്പോള്‍. ഒരു ദീര്‍ഘ യാത്രയ്ക്ക് ശേഷം വീട്ടില്‍ മാതാപിതാക്കളുടെ അടുത്ത് എത്തുമ്പോഴുള്ള സംരക്ഷണത്തിന്റേയും വാത്സല്യത്തിന്റേയും അനുഭൂതിയാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്നത് ഈ ജനതയുടെ കശ്മീര്‍ മനോഭാവമാണ്. ഏറെ എഴുതപ്പെട്ട പ്രകൃതി ഭംഗിക്കും അപ്പുറമുള്ളൊരു സൗന്ദര്യം കശ്മീരിനു നല്‍കുന്നുണ്ട് ഈ നന്മ മനസ്സുകള്‍. അതിന്റെ സുഗന്ധമാണിന്നു കശ്മീരിന്റെ ഗന്ധം. സ്വര്‍ണത്തിന്നു സുഗന്ധം പോലെ. പ്രകൃതിയെ എല്ലാ സൗന്ദര്യത്തോടെയും കാണണമെങ്കില്‍ കശ്മീരില്‍ത്തന്നെ പോകണം. അതൊന്നും പറഞ്ഞറിയിക്കാനാവില്ല. കണ്ടറിയണം.
ഇമ ചിമ്മാത്ത ജാഗ്രത
സൈന്യത്തിന്റെ ഇമചിമ്മാത്ത ജാഗ്രതയുടെ തണലിലാണ് ഇന്നും അവിടം. പക്ഷേ, അതു ജനജീവിതത്തെ ബാധിക്കുന്നില്ല. സുരക്ഷിതത്വത്തിന്റെ കവചം നല്കിയ ആത്മവിശ്വാസം പ്രകടം. നിരത്തുകള്‍ സജീവമായി. തൊഴിലിടങ്ങള്‍ക്കു ജീവന് വച്ചു. വെടിയൊച്ചകളുടേയും സ്ഫോടനങ്ങളുടേയും ഭീതിയുടേയും താഴ്വരയല്ല ഇന്നു കശ്മീര്‍. പ്രശാന്തതയും സ്നേഹവും സമാധാനവുമാണ് താഴ്വരയെ തഴുകുന്നത്. തെരുവുകളില്‍ കല്ലേറിന്റെ ബഹളങ്ങളില്ല. കലാപങ്ങളില്ല. പോര്‍വിളികളില്ല. വിനോദസഞ്ചാരികളായെത്തുന്ന അതിഥികളെ കാത്തിരിക്കുകയാണ് കശ്മീര്‍. ദാല്‍ തടാകത്തിലെ ഓളങ്ങള്‍ക്കും മലമടക്കുകളിലെ കാറ്റിനും വശ്യസുന്ദരമായ പ്രകൃതിക്കും, സ്വച്ഛതയിലേക്കു മടങ്ങിയതിന്റെ ആശ്വാസം. ഭാരതത്തിന്റെ ഭാഗമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടതില്‍ ആശ്വാസവും അഭിമാനവുംകൊള്ളുന്ന പലരേയും അവിടെ കണ്ടു. കശ്മീര്‍ തിരിച്ചു വരവിന്റെ പാതയിലാണ്. ഉയിര്ത്തെഴുനേല്പ്പിന്റെ പാത എന്നു പറയുന്നതാവും കൂടുതല്‍ ശരി. നിര്‍മാണ പ്രവൃത്തികളുടെ തിരക്ക് എവിടേയും കാണാം. അതു ചിലയിടങ്ങളില്‍ യാത്ര അല്പം ക്ളേശകരമാക്കുമെങ്കിലും, നാളെകളിലെ സ്വപ്നത്തിലേക്ക് ഉണരാന്‍ തുടങ്ങുകയാണ് കശ്മീര്‍. വികസനം എന്തെന്ന് അവര്‍ അറിഞ്ഞു തുടങ്ങി.
പടിഞ്ഞാറന്‍ ഭാരതത്തില്‍ അങ്ങോളം ഇങ്ങോളമായി നടത്തിയ നെടുനീളന്‍ യാത്രയുടെ അവസാന ഘട്ടത്തിലാണു ഞങ്ങള്‍ കാശ്മീരിലും ലഡാക്കിലുമെത്തിയത്. ഹിന്ദു സാമ്രാജ്യം സ്ഥാപിച്ച ശിവാജി മഹാരാജിന്റെ മറാത്തനാടും, ഗുജറാത്തില്‍ നര്‍മദാ തീരത്തു നോക്കെത്താത്തത്ര ഉയരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന സര്‍ദാര്‍പട്ടേല്‍ പ്രതിമയും(സ്റ്റാച്യു ഓഫ് യൂണിറ്റി), രജപുത്ര വീരസ്മരണകളുടെ ഊഷ്മളത മങ്ങാത്ത രാജസ്ഥാനും, ത്യാഗത്തിന്റെ ആള്‍രൂപങ്ങളായ സിക്കുകാരുടെ പഞ്ചാബും കടന്നായിരുന്നു ഒന്നരമാസത്തോളം നീണ്ട യാത്ര. അണുവിസ്ഫോടനത്തോടെ പുത്തന്‍ ഇന്ത്യയുടെ ഉദയം പ്രഖ്യാപിച്ച പൊഖ്റാനും, നാശാവശിഷ്ടങ്ങളില്‍ നിന്നു പുനര്‍ജനിച്ച സോമനാഥ ക്ഷേത്രവും, ഹിമാചല്‍ പ്രദേശിലെ അത്ഭുതമായ അടല്‍ ടണലും യാത്രയില്‍ കണ്ടു. ഉണരുന്ന ആ ഭാരതത്തോടൊപ്പം ചേരുകയാണ് കശ്മീരും. മനസ്സുകൊണ്ട് അവര്‍ അത് അംഗീകരിച്ചു കഴിഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ആത്മാവിനു സംതൃപ്തിയടയാം. ഏകീകൃത ഭാരതം എന്ന സ്വപ്നത്തിലേക്ക് കശ്മീരും അണിചേരുകയാണ്.
തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, കാശ്മീര്‍ അവിടത്തുകാര്‍ക്കൊരു വികാരമാണ്. നമ്മള് അവരുടെ നാട്ടിലേക്ക് വന്നിരിക്കുന്നു എന്ന് അറിയുമ്പോള്‍, വീട്ടില്‍ ഒരു അതിഥി വരുമ്പോഴുള്ള സന്തോഷമാണവര്‍ക്ക്. മതത്തിന്റേയോ വിശ്വാസങ്ങളുടേയോ നൂലിഴ പോലും അതിനെ വേര്‍തിരിക്കുന്നതായി തോന്നിയില്ല. കശ്മീരിനെ ആളുകള്‍ കൂടുതല്‍ അറിയണം, അങ്ങോട്ടു കൂടുതല്‍ ആളുകള്‍ വരണം, പേടി കൂടാതെ ആര്‍ക്കും കടന്നു വരാന്‍ കഴിയണം എന്നുള്ള ചിന്തയാണ് അവിടെ നിറഞ്ഞ് നില്‍ക്കുന്നത്. ഇങ്ങോട്ടു വരാന്‍ പേടി തോന്നിയില്ലേ എന്ന് ഒരു ചെറുപ്പക്കാരന് ചോദിച്ചു. അല്പം പേടി ഉണ്ടായിരുന്നു എന്നു ഞങ്ങള്‍ തുറന്നു പറഞ്ഞു. കാശ്മീരിനെ അടുത്തറിഞ്ഞപ്പോള്‍ അത് മാറി എന്നും പറഞ്ഞു. എല്ലാവരും ഒറ്റപ്പെടുത്തുമ്പോള്‍ ഒരാള്‍ നമുക്ക് വേണ്ടി സംസാരിക്കുന്നതിലെ കൃതാര്‍ഥതയാണ് ആ മുഖത്ത് അപ്പോള്‍ കണ്ടത്.
ഇന്ത്യ എന്ന വികാരം
ദാല്‍ തടാകത്തില്‍, ജലപ്പരപ്പിലെ മാര്‍ക്കറ്റ് ആയ മീനാബസാര്‍ സന്ദര്‍ശകരുടെ വരവിനു കാത്തിരിക്കുകയാണ്. തടാകത്തിലൂടെ ഒഴുകി നീങ്ങുന്ന വള്ളങ്ങളിലൂടെ വില്‍പ്പന വസ്തുക്കള്‍ നമ്മളെ തേടിവരും. മാന്യതയിലും സ്നേഹത്തിലും പൊതിഞ്ഞ വാക്കുകള്‍ കേട്ടാല്‍ത്തന്നെ വാങ്ങാന്‍ തോന്നും. കുങ്കുമപ്പൂക്കളും പശ്മീന ഷാളുകളുമാണ് കശ്മീരിന്റെ പ്രത്യേകത. പ്രധാന മാര്‍ക്കറ്റ് ആയ ലാല്‍ ചൗക്കില്‍ എത്തിയപ്പോഴാണ് പരസ്പര വിശ്വാസത്തിന് ഇവിടെ എത്രമാത്രം വില കല്പ്പിക്കുന്നു എന്ന് അറിഞ്ഞത്. രൂപ എടുക്കാന്‍ ഒരല്‍പ്പം ദൂരെയുള്ള എടിഎമ്മില്‍ പോകേണ്ടി വരുമെന്നായപ്പോള്‍ ആ കടക്കാരന് പറഞ്ഞു: സാരമില്ല. നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണ്. സാധനങ്ങള്‍ കൊണ്ടുപൊക്കോളൂ, രൂപ പിന്നെ എത്തിച്ചാല്‍ മതി എന്ന്. ഞങ്ങള്‍ രണ്ടു ദിവസം കൂടി അവിടെ ഉണ്ടാകുമെന്നു നേരത്തെതന്നെ പറഞ്ഞിരുന്നു. വിശ്വാസം ആണ് ഏറ്റവും വലുത് എന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ശരി എന്നാല്‍ നിങ്ങള്‍ പോയി പണമെടുത്തു വരൂ. ഭാര്യ ഇവിടെ നിന്നുകൊള്ളട്ടെ. പേടിക്കണ്ട അവര്‍ ഞങ്ങളുടെ സഹോദരിയാണ്. നിങ്ങളുടെ ഭാര്യ ഇവിടെ സുരക്ഷിതയായിരിക്കും എന്ന്. ഏതൊരു സഹോദരനില്‍ നിന്നും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍. അതാണ് യഥാര്‍ഥ കശ്മീരി മനസ്സ്.
ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ മെഡലണിഞ്ഞ വാര്‍ത്ത സൂചിപ്പിച്ചപ്പോള്‍, ഇന്ത്യ എന്ന വികാരം ആ മുഖത്ത് കണ്ടു. തണുപ്പ് കാലത്ത് ദാല്‍ തടാകം ഉറച്ച് ഐസ് ആവുമ്പോള്‍ ഇവിടെ ഞങ്ങള്‍ ഐസ് ഹോക്കി കളിക്കാറുണ്ട്, അത് നമ്മളുടെ കളി അല്ലേ എന്നൊരു മറുപടിയും. ശ്രീശങ്കര പീഠത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍, അല്പ ദൂരം ഒപ്പം വന്ന് വഴി കാട്ടാനും അതിന്റെ ചരിത്രം വിവരിക്കാനും മനസ്സ് കാണിച്ച മറ്റൊരു വ്യക്തിയേയും ഓര്‍ക്കുന്നു. അത്ര ഇഷ്ടമായെങ്കില്‍ എന്തുകൊണ്ട് ഞങ്ങളോടൊപ്പം ഇവിടെ ഈ കാശ്മീരില്‍ തങ്ങിക്കൂടാ എന്ന ചോദ്യം കേട്ടപ്പോള്‍ ഒരു നിമിഷം ആലോചിച്ചു പോയി, ഇത്രയും സമാധാനവും സൗഹൃദവും നിറഞ്ഞ, പ്രകൃതി രമണീയമായ ഈ നാട്ടില്‍ എന്തുകൊണ്ട് അല്പ നാളെങ്കിലും ജീവിച്ചുകൂടാ എന്ന്. കശ്മീരിന്റെ ഭംഗി വാക്കുകളിലോ, ചിത്രങ്ങളിലോ ഒതുക്കാനാവുന്നതല്ല, അതുപോലെ തന്നെ ഇന്നാട്ടുകാരുടെ മനസ്സും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു നമ്മുക്കും ഒരു യാത്രയാവാം ഈ സ്വര്‍ഗത്തിലേക്ക്. ഒരു വലിയ കുടുംബം അവിടെ ഉണ്ട്, നമ്മളേയും കാത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: