ന്യൂഡൽഹി: ഇന്ത്യയില്‍ ജൂതവംശജര്‍ക്കെതിരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന രഹസ്യസേനയുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജൂതരുടെ അവധിദിനങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന സെപ്തംബര്‍ ആറ് മുതല്‍ സുരക്ഷാജാഗ്രത പൗലിക്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഇസ്രായേലി പൗരൻമാർ ഭീകരസംഘടനയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന വിവരവും ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. സെപ്റ്റംബർ ആറിന് ജൂതരുടെ അവധി ദിനങ്ങൾ ആരംഭിക്കുന്ന ദിവസം മുതല്‍ ജൂത കേന്ദ്രങ്ങളിലും ഇസ്രായേലി പൗരൻമാർ ഒത്തുകൂടുന്നയിടങ്ങളിലും ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന് മുന്‍പ് 2008 നവമ്പറില്‍ ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ ജൂതകേന്ദ്രമായ മുംബൈയിലെ ചബാദ് ഹൗസില്‍ നടത്തിയ ആക്രമണത്തില്‍ ആറ് ജൂതന്മാര് കൊല്ലപ്പെട്ടിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.
ഇസ്രായേൽ എംബസി, കോൺസുലേറ്റ് അംഗങ്ങളുടെ വസതി, കോഷർ റെസ്റ്റോറെന്റ്, സിനഗോഗസ് ഷബാബ് ഹൗസ്, ജൂതസമൂഹ കേന്ദ്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 29ന് ന്യൂഡൽഹിയിലുള്ള ഇസ്രായേൽ എംബസിക്ക് സമീപം ബോംബാക്രമണം നടന്നിരുന്നു. സംഭവത്തിൽ ആളപായമുണ്ടായിരുന്നില്ല. ഈ കേസില്‍ എൻഐഎ കേസിൽ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ കേസില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. എന്‍ ഐഎ പ്രതികളാകാന്‍ സാധ്യതയുള്ള രണ്ടുപേരുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും പ്രതികളെക്കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: