തൃശൂര്‍: അവിണിശേരി ഗ്രാമപഞ്ചായത്തില്‍ ഇനിമുതല്‍ സാറെന്നും മാഡമെന്നുമുള്ള വിളിയില്ല. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ ഇനി മുതല്‍ എന്താവശ്യത്തിന് ചെന്നാലും ഉദ്യോഗസ്ഥരെ സര്, മാഡം എന്ന് വിളിക്കേണ്ടെന്ന് ഔദ്യോഗിക തീരുമാനം വന്നുകഴിഞ്ഞു. പാലക്കാട് മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന് പിന്നാലെയാണ് പ്രസിഡന്റ് ഹരി സി.നരേന്ദ്രന്റെ നേതൃത്വത്തില്‍ അവിണിശേരിയിലും മാതൃകാപരമായ തീരുമാനം നടപ്പാക്കിയത്. ഇന്നലെ രാവിലെ ഓഫീസിന് മുന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിച്ചു.
പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്, മാഡം അഭിസംബോധനയും ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ഥിക്കുന്നു’ എന്നീ പദങ്ങളും ഒഴിവാക്കാനാണ് വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സര്, മാഡം വിളികള്‍ക്ക് പകരം ഓരോ ഉദ്യോഗസ്ഥരുടെയും തസ്തിക പേര് വിളിക്കാവുന്നതാണ്. ജീവനക്കാരുടെ പേരുകളും തസ്തികകളും അവരുടെ സ്ഥാനങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. ഇത് നോക്കി പൊതുജനങ്ങള്‍ക്ക് അവരെ അഭിസംബോധന ചെയ്യാം.
അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ വാക്കുകള്‍ക്കുപകരമായി ആവശ്യപ്പെടുന്നു, താത്പര്യപ്പെടുന്നു എന്നീ പദങ്ങളാണ് ഉപയോഗിക്കേണ്ടത്. ഈ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഏതെങ്കിലും സേവനം തടസപ്പെട്ടാല്‍ പ്രസിഡന്റിനോടോ, സെക്രട്ടറിയോടോ നേരിട്ട് പരാതിപ്പെടാവുന്നതാണ്.
സര്, മാഡം വിളിയും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദപ്രയോഗങ്ങളും കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണെന്ന ആക്ഷേപവുമായി സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ആദ്യമായി അവിണിശേരിയിലാണ് വിപ്ലവകരമായ തീരുമാനം എടുക്കുന്നത്.
ജനങ്ങളാണ് ജനാധീപത്യത്തില് അധികാരികള്‍ എന്ന ബോധ്യം മികവുറ്റ പ്രവര്‍ത്തനത്തിലൂടെ നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് ഭരണസമിതി പറയുന്നു. ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് ഭരണസമിതി ഒരുമിച്ചാണ് തീരുമാനമെടുത്തത്. യാതൊരു ഭയവും ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തില്‍ വരാനും അര്‍ഹമായ സേവനങ്ങള്‍ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണമെന്നാണ് പുതിയ തീരുമാനത്തിലൂടെ ഭരണസമിതി ലക്ഷ്യമിടുന്നു. എല്ലാ അര്‍ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങള്‍ക്ക് നല്കാന് പുതിയ തീരുമാനം പ്രചോദനമാകുമെന്നാണ് ഭരണസമിതി കരുതുന്നത്.
അര്‍ഹമായ സേവനത്തിന് പൗരന് അവകാശമുണ്ടെന്ന സന്ദേശമാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല ജനങ്ങളെ സേവിക്കലാണ് ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. പഞ്ചായത്ത് ഓഫിസിലേക്ക് അര്‍ഹമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ സാറെന്നും മാഡമെന്നും വിളിക്കേണ്ട കാര്യമില്ല. ഏതൊരാളും ഇനി മുതല്‍ സര്, മാഡം വിളിക്കേണ്ടെന്നും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദപ്രയോഗങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളില്‍ നിന്ന് ഒഴിവാക്കാനുമുള്ള തീരുമാനം ഭരണസമിതി ചര്‍ച്ച ചെയ്ത് ഏകകണ്ഠമായാണെടുത്തത്. 14 അംഗ ഭരണസമിതിയില്‍ ബിജെപിയിലെ ഏഴ് അംഗങ്ങള്‍ക്ക് പുറമേ പ്രതിപക്ഷമായ എല്‍ഡിഎഫിലെ അഞ്ചും കോണ്‍ഗ്രസിലെ മൂന്നും പ്രതിനിധികള്‍ തീരുമാനത്തെ വിയോജിപ്പൊന്നും കൂടാതെ അംഗീകരിച്ചു. തീരുമാനത്തോട് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേര് നേരിട്ടും ഫോണ്‍ വഴിയും അഭിനന്ദനമറിയിച്ചു. ഏതൊരു പൗരനും അര്‍ഹമായ സേവനത്തിന് അവകാശമുണ്ടെന്ന സന്ദേശം എല്ലാവരിലുമെത്തിക്കുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: