തിരുവനന്തപുരം: താലിബാന് അനുകൂല നിലപാടെടുക്കുന്നവരാണ് 1921 ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. കേരളത്തില്‍ താലിബാന് പിന്തുണ നല്കാന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
അഫ്ഗാന് താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത്. ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ഇവിടെ നടക്കുന്നത്. മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. ഭഗത് സിംഗും വാരിയന്‍ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തിപ്പെടുമ്പോള്‍ കേരള പൊലീസും സര്‍ക്കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് ലൈസന്‍സ് ഇല്ലാത്ത തോക്കുമായി കാശ്മീര്‍ സ്വദേശികളെ പിടിച്ചത് ഗൗരവതരമാണ്. സമാന്തര ടെലിഫോണ്‍ എക്സേഞ്ച് നടത്തിയ കേസില്‍ എറണാകുളം കാക്കനാട് നിന്നും തെലുങ്കാന പോലീസാണ് പ്രതിയെ പിടിച്ചതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള സമാന്തര ടെലിഫോണ്‍ എക്സേഞ്ച് പാക്കിസ്ഥാനില്‍ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. തീവ്രവാദസംഘടനകള്‍ക്ക് വേണ്ടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തിലെയും കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെയും പ്രതികള്‍ സമാന്തര ടെലിഫോണ്‍ എക്സേഞ്ച് ഉപയോഗിച്ചു. എന്നാല്‍ കേരള പൊലീസ് നിഷ്ക്രിയമായി എല്ലാം നോക്കിനില്‍ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: