കെ. വിജയന് മേനോന്
ഗുരുവായൂര്‍: 1995 നവംബര്‍ 19 ന് ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന് പഞ്ചരത്നങ്ങള്‍ എന്ന പേരില്‍ വാര്‍ത്തയില്‍ ഇടം നേടിയ അഞ്ചുപേരില്‍ ഒരാളായ ഉത്രജയുടെ വിവാഹം ഞായറാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കും. പത്തനംതിട്ട സ്വദേശി ആകാശാണ് നാളെ കണ്ണനെ സാക്ഷിയാക്കി ഉത്രജയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുക.
തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റേയും രമാദേവിയുടെയും അഞ്ച് മക്കളില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് ഗുരുവായൂരില്‍ നടന്നിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി വിവാഹിതരാകുന്ന അപൂര്‍വ്വ സഹോദര സംഘത്തിന്റെ മിന്നുചാര്‍ത്തുകാണാന്‍, കണ്ണന്റെ തിരുസന്നിധിയില്‍ സിനിമാഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്കായിരുന്നു, അന്ന് അനുഭവപ്പെട്ടത്.
നാല് പെണ്കുഞ്ഞുങ്ങളും, ഒരു ആണ്‍കുഞ്ഞുമാണ് പിറന്നത്. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാല്‍ മക്കള്‍ക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെയാണ് പേരിട്ടത്. വീടിന് പഞ്ചരത്നമെന്നാണ് പേര്. നാല് പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും, ലോക്ഡൗണിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റി. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം അന്ന് നടന്നെങ്കിലും, ഉത്രജയുടെ വരന് ആകാശിന് കുവൈത്തില്‍ നിന്നും നാട്ടില്‍ എത്താന്‍ കഴിയാത്തതിനാല്‍ ആ വിവാഹം മാറ്റിവെക്കുകയായിരുന്നു. ആ വിവാഹമാണ് ശ്രീഗുരുവായൂരപ്പനെ സാക്ഷിയാക്കി നടക്കുക. കുട്ടികള്‍ക്ക് ഒമ്പത് വയസുള്ളപ്പോള്‍ അച്ഛന് പ്രേംകുമാര്‍ മരിച്ചു.
എല്ലാ പ്രതിസന്ധികളോടും പൊരുതിയാണ് രമാദേവി അഞ്ചു പൊന്നോമനകളേയും വളര്‍ത്തിയത്. അഞ്ചു പേരും പഠിച്ച് ജോലി നേടുകയും ചെയ്തു. രമാദേവിക്ക് ഹൃദയസംബന്ധമായ അസുഖം വന്നതിനാല്‍ പേസ്മേക്കര്‍ ഘടിപ്പിച്ചാണ് ജീവിതം. ഇവര്‍ക്ക് സര്‍ക്കാര്‍ പിന്നീട് സഹകരണ ബാങ്കില്‍ ജോലി നല്കി. പഞ്ചരത്നങ്ങളിലെ ഉത്തര കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ധാര്‍മിക് എന്നാണ് പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: