കൊല്ലം: വാക്സിനേഷന് ക്യാമ്പുകളില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വാക്സിന് നല്കാന് കഴിയുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തതാണ് അധികൃതരെ വലയ്ക്കുന്നത്.
ഒന്നാം ഡോസ് വാക്സിന് എടുക്കാന്‍ കഴിഞ്ഞ ദിവസം നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി. ജില്ലാ ലേബര്‍ ഓഫീസിന്റെ കണക്കനുസരിച്ച് 8000 പേരാണ് ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളായുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം തൊഴിലാളികള്‍ ഉള്ളതായാണ് അനൗദ്യോഗിക കണക്കുകള്‍. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിനേഷന് നല്‍കുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ തൊഴിലാളികള്‍ വാക്സിനേഷന് ആരംഭിക്കുന്നതിനുമുമ്പ് തടിച്ചുകൂടുകയായിരുന്നു. പോലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള തൊഴിലാളികളുടെ കൂട്ടംചേരല്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ആവശ്യത്തിന് വാക്സിന് കരുതാതെയാണ് തൊഴിലാളികള്‍ക്ക് വാക്സിനേഷന് നല്‍കുന്നുവെന്ന വാര്‍ത്ത നല്‍കിയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കില്‍ പോലീസിനുപോലും വ്യക്തതയില്ല. രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ കൂടുതലായി എത്തിയതാണ് തിരക്കിനും സംഘര്‍ഷത്തിനും കാരണമായതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 70 ശതമാനം പേര്‍ക്ക് വാക്സിന് നല്കി. ബാക്കിയുള്ള തൊഴിലാളികള്‍ക്ക് പഞ്ചായത്തുതലത്തില്‍ വാക്സിന് നല്‍കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്സിന് നല്‍കാനുള്ള പ്രത്യേക നിര്‍ദേശം ഇതുവരെ പഞ്ചായത്തുകള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്കൊപ്പം തന്നെ വാക്സിന് നല്‍കുമെന്ന് കല്ലുവാതുക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യപാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: